Biblia Todo Logo
Bìoball air-loidhne

- Sanasan -

2 ദിനവൃത്താന്തം 19 - സമകാലിക മലയാളവിവർത്തനം

1 യെഹൂദാരാജാവായ യെഹോശാഫാത്ത് ജെറുശലേമിൽ തന്റെ കൊട്ടാരത്തിൽ സുരക്ഷിതനായി മടങ്ങിയെത്തിയപ്പോൾ

2 ഹനാനിയുടെ മകനും ദർശകനുമായ യേഹു രാജാവിനെ കാണാൻ ചെന്നിട്ട് ഇപ്രകാരം പറഞ്ഞു. “നീ ദുഷ്ടനെ സഹായിക്കുകയും യഹോവയെ വെറുക്കുന്നവനെ സ്നേഹിക്കുകയും ചെയ്യുന്നോ? നിന്റെ ഈ പ്രവൃത്തിമൂലം യഹോവയുടെ ക്രോധം നിന്റെമേൽ വീണിരിക്കുന്നു.

3 എന്നിരുന്നാലും നീ അശേരാപ്രതിഷ്ഠകളിൽനിന്ന് നാടിനെ മോചിപ്പിക്കുകയും ദൈവത്തെ അന്വേഷിക്കുന്നതിനു മനസ്സുവെക്കുകയും ചെയ്തിരിക്കുന്നതിനാൽ അൽപ്പം നന്മയും നിന്നിലുണ്ട്.”


യെഹോശാഫാത്ത് ന്യായാധിപന്മാരെ നിയമിക്കുന്നു

4 യെഹോശാഫാത്ത് ജെറുശലേമിൽ താമസിച്ചു. അദ്ദേഹം ബേർ-ശേബാമുതൽ എഫ്രയീം മലനാടുവരെയുള്ള ജനങ്ങളുടെ മധ്യത്തിലേക്കു വീണ്ടും ഇറങ്ങിച്ചെന്ന് അവരെ തങ്ങളുടെ പിതാക്കന്മാരുടെ ദൈവമായ യഹോവയിലേക്ക് തിരികെവരുത്തി.

5 അദ്ദേഹം രാജ്യമെങ്ങും, യെഹൂദ്യയിലെ കോട്ടകെട്ടി ബലപ്പെടുത്തിയ ഓരോ നഗരത്തിലും, ന്യായാധിപന്മാരെ നിയമിച്ചു.

6 അദ്ദേഹം അവരോടു പറഞ്ഞു. “നിങ്ങൾ മനുഷ്യനുവേണ്ടിയല്ല, യഹോവയ്ക്കുവേണ്ടിയാണ് ന്യായം വിധിക്കുന്നത്. നിങ്ങൾ എപ്പോഴെങ്കിലും ഒരു തീർപ്പുകൽപ്പിക്കുമ്പോൾ യഹോവ നിങ്ങളോടുകൂടെയുണ്ട്. അതിനാൽ നിങ്ങൾ ചെയ്യുന്നതെന്തെന്ന് ശ്രദ്ധാപൂർവം പരിഗണിച്ചുകൊള്ളണം.

7 യഹോവാഭക്തി നിങ്ങളുടെമേൽ ഉണ്ടായിരിക്കട്ടെ! നമ്മുടെ ദൈവമായ യഹോവയുടെ പക്കൽ യാതൊരുവിധ അനീതിയോ പക്ഷപാതമോ കൈക്കൂലിയോ ഇല്ല. അതിനാൽ നിങ്ങൾ വളരെ ശ്രദ്ധയോടെ വിധിക്കണം.”

8 യഹോവയുടെ നിയമങ്ങൾ നടപ്പാക്കുന്നതിനും തർക്കമുള്ള കാര്യങ്ങളിൽ തീർപ്പുകൽപ്പിക്കുന്നതിനുമായി ചില ലേവ്യരെയും പുരോഹിതന്മാരെയും ഇസ്രായേല്യകുടുംബങ്ങളുടെ തലവന്മാരെയും യെഹോശാഫാത്ത് ജെറുശലേമിൽ നിയമിച്ചു. അവരുടെ ആസ്ഥാനവും ജെറുശലേംതന്നെയായിരുന്നു.

9 അവർക്ക് അദ്ദേഹം ഈ കൽപ്പന നൽകി: “നിങ്ങൾ വിശ്വസ്തതയോടും പൂർണഹൃദയത്തോടും യഹോവാഭക്തിയോടുംകൂടി നിങ്ങളുടെ കർത്തവ്യം നിറവേറ്റണം.

10 നഗരങ്ങളിൽ പാർക്കുന്ന നിങ്ങളുടെ സഹപൗരന്മാരിൽനിന്നു നിങ്ങളുടെമുമ്പാകെവരുന്ന ഓരോ പരാതിയിലും—രക്തച്ചൊരിച്ചിലിനെക്കുറിച്ചോ, അല്ലെങ്കിൽ നിയമം, കൽപ്പന, ഉത്തരവുകൾ, അനുശാസനങ്ങൾ എന്നിവയെക്കുറിച്ചോ ഏതും ആയിക്കൊള്ളട്ടെ—യഹോവയ്ക്കെതിരേ പാപം ചെയ്യാതിരിക്കാനും അവിടത്തെ ക്രോധം നിങ്ങളുടെമേലും നിങ്ങളുടെ സഹപൗരന്മാരുടെമേലും പതിക്കാതിരിക്കുന്നതിനും നിങ്ങൾ അവർക്കുവേണ്ട മുന്നറിയിപ്പുകൾ നൽകണം. ഇങ്ങനെ ചെയ്താൽ നിങ്ങൾ കുറ്റക്കാരാകുകയില്ല.

11 “യഹോവയുമായി ബന്ധമുള്ള ഏതുകാര്യത്തിലും പുരോഹിതമുഖ്യനായ അമര്യാവു നിങ്ങളുടെ മേധാവിയായിരിക്കും. രാജകാര്യസംബന്ധമായ ഏതുകാര്യത്തിലും യെഹൂദാഗോത്രത്തിന്റെ നായകനായ യിശ്മായേലിന്റെ മകൻ സെബദ്യാവായിരിക്കും നിങ്ങളുടെ മേധാവി. ലേവ്യർ നിങ്ങളുടെമുമ്പാകെ ഉദ്യോഗസ്ഥരായി സേവനം അനുഷ്ഠിക്കുന്നതാണ്. ധൈര്യപൂർവം പ്രവർത്തിക്കുക! യഹോവ, നന്മ പ്രവർത്തിക്കുന്നവരുടെ പക്ഷത്ത് ഉണ്ടായിരിക്കട്ടെ.”

വിശുദ്ധ ബൈബിൾ, സമകാലിക മലയാളവിവർത്തനം™

പകർപ്പവകാശം © 1997, 2017, 2020 Biblica, Inc.

അനുമതിയോടുകൂടി ഉപയോഗിച്ചിരിക്കുന്നു. എല്ലാ പകർപ്പവകാശങ്ങളും ആഗോളവ്യാപകമായി സംരക്ഷിതമാണ്.

Holy Bible, Malayalam Contemporary Version™

Copyright © 1997, 2017, 2020 by Biblica, Inc.

Used with permission. All rights reserved worldwide.

Biblica, Inc.
Lean sinn:



Sanasan