2 ദിനവൃത്താന്തം 1 - സമകാലിക മലയാളവിവർത്തനംശലോമോൻ ജ്ഞാനം ചോദിക്കുന്നു 1 ശലോമോന്റെ ദൈവമായ യഹോവ അദ്ദേഹത്തോടുകൂടെയിരുന്ന് അത്ഭുതകരമായവിധം അദ്ദേഹത്തെ മഹാനാക്കിത്തീർത്തു. അതിനാൽ ദാവീദിന്റെ മകനായ ശലോമോൻ തന്റെ രാജത്വത്തിൽ സുസ്ഥിരനായിത്തീർന്നു. 2 സഹസ്രാധിപന്മാർ, ശതാധിപന്മാർ, ന്യായാധിപന്മാർ, ഇസ്രായേലിലെ കുടുംബങ്ങൾക്കു തലവന്മാരായ നായകന്മാർ എന്നിവർ ഉൾപ്പെടെ സകല ഇസ്രായേലിനോടും ശലോമോൻ സംസാരിച്ചു. 3 അതിനുശേഷം ശലോമോനും സർവസഭയും ഗിബെയോനിലെ മലയിലേക്കുപോയി; യഹോവയുടെ ദാസനായ മോശ മരുഭൂമിയിൽവെച്ച് ഉണ്ടാക്കിയ ദൈവത്തിന്റെ സമാഗമകൂടാരം അവിടെയായിരുന്നല്ലോ! 4 ദാവീദ് ദൈവത്തിന്റെ പേടകം, കിര്യത്ത്-യെയാരീമിൽനിന്ന് താൻ അതിനുവേണ്ടി തയ്യാറാക്കിയ സ്ഥാനത്തേക്കു കൊണ്ടുവന്നിരുന്നു. അദ്ദേഹം ജെറുശലേമിൽ അതിനുവേണ്ടി ഒരു കൂടാരം സ്ഥാപിച്ചിരുന്നതിനാലാണ് ഇപ്രകാരം ചെയ്തത്. 5 എന്നാൽ ഹൂരിന്റെ മകനായ ഊരിയുടെ മകൻ ബെസലേൽ വെങ്കലംകൊണ്ടു നിർമിച്ച യാഗപീഠം ഗിബെയോനിൽ യഹോവയുടെ സമാഗമകൂടാരത്തിനുമുമ്പിൽ ആയിരുന്നു. അതിനാൽ ശലോമോനും ആ സമൂഹവും അവിടെ യഹോവയുടെഹിതം ആരാഞ്ഞു. 6 ശലോമോൻ സമാഗമകൂടാരത്തിൽ യഹോവയുടെമുമ്പാകെ വെങ്കലയാഗപീഠത്തിൽച്ചെന്ന് അതിന്മേൽ ആയിരം ഹോമയാഗങ്ങൾ അർപ്പിച്ചു. 7 അന്നുരാത്രി ദൈവം ശലോമോനു പ്രത്യക്ഷനായി അദ്ദേഹത്തോടു പറഞ്ഞു: “നിനക്കുവേണ്ടത് എന്തായാലും ചോദിച്ചുകൊള്ളുക, ഞാൻ തരും.” 8 ശലോമോൻ ദൈവത്തോടു മറുപടി പറഞ്ഞു: “യഹോവേ, അങ്ങ് എന്റെ പിതാവായ ദാവീദിനോട് വലിയ ദയ കാണിച്ചിരിക്കുന്നു; അദ്ദേഹത്തിന്റെ സ്ഥാനത്ത് എന്നെ രാജാവാക്കുകയും ചെയ്തിരിക്കുന്നു. 9 ദൈവമായ യഹോവേ, ഭൂതലത്തിലെ പൊടിപോലെ അസംഖ്യമായ ഒരു ജനതയ്ക്ക് ഇപ്പോൾ അങ്ങ് എന്നെ രാജാവാക്കിയിരിക്കുന്നു! അതിനാൽ എന്റെ പിതാവായ ദാവീദിനോട് അങ്ങ് ചെയ്ത വാഗ്ദാനം സ്ഥിരീകരിക്കണേ! 10 അങ്ങയുടെ ഈ മഹാജനതയെ ഭരിക്കാൻ ആർക്കു കഴിയും? അതിനാൽ ഈ ജനതയെ ഭരിക്കാൻ തക്കവിധം എനിക്കു ജ്ഞാനവും വിവേകവും തന്നാലും!” 11 ദൈവം ശലോമോന് ഉത്തരമരുളി: “സമ്പത്തോ ധനമോ ബഹുമതിയോ ശത്രുസംഹാരമോ ദീർഘായുസ്സോ ഒന്നും നീ ചോദിച്ചില്ല; എന്റെ ജനത്തെ, ഞാൻ നിന്നെ രാജാവാക്കിയിരിക്കുന്ന ജനത്തെത്തന്നെ, ഭരിക്കുന്നതിനുവേണ്ട ജ്ഞാനവും വിവേകവും നീ ചോദിച്ചിരിക്കുന്നു. നിന്റെ ഹൃദയാഭിലാഷം ഇതായിരിക്കുകയാൽ 12 ജ്ഞാനവും വിവേകവും നിനക്കു നൽകപ്പെടും; അതോടൊപ്പം, നിനക്കുമുമ്പ് ഒരു രാജാവിനും ഇല്ലാതിരുന്നതും നിനക്കുശേഷം ഒരുവനും ഉണ്ടാകാത്തതുമായ വിധത്തിലുള്ള സമ്പത്തും ധനവും ബഹുമതിയും ഞാൻ നിനക്കു നൽകും.” 13 അതിനുശേഷം ശലോമോൻ ഗിബെയോനിലെ ആരാധനാസ്ഥലത്തുള്ള സമാഗമകൂടാരത്തിന്റെ മുമ്പിൽനിന്നു ജെറുശലേമിലേക്കു മടങ്ങിപ്പോയി. അവിടെ അദ്ദേഹം ഇസ്രായേലിൽ വാണു. 14 ശലോമോൻ രഥങ്ങൾ, കുതിരകൾ എന്നിവ ശേഖരിച്ചു; അദ്ദേഹത്തിന് 1,400 രഥങ്ങളും 12,000 കുതിരകളും ഉണ്ടായിരുന്നു; അവ അദ്ദേഹം രഥനഗരങ്ങളിലും തന്നോടൊപ്പം ജെറുശലേമിലും സൂക്ഷിച്ചു. 15 രാജാവ് ജെറുശലേമിൽ വെള്ളിയും സ്വർണവും കല്ലുകൾപോലെ സർവസാധാരണവും ദേവദാരു കുന്നിൻപ്രദേശങ്ങളിലെ കാട്ടത്തിമരംപോലെ സുലഭവുമാക്കിത്തീർത്തു. 16 ഈജിപ്റ്റിൽനിന്നും കുവേ യിൽനിന്നും ശലോമോൻ കുതിരകളെ ഇറക്കുമതി ചെയ്തിരുന്നു. രാജാവിന്റെ വ്യാപാരികൾ അവ കുവേയിൽനിന്നു നിശ്ചിത വിലകൊടുത്തു വാങ്ങിയിരുന്നു. 17 ഈജിപ്റ്റിൽനിന്ന് ഒരു രഥം അറുനൂറുശേക്കൽ വെള്ളിക്കും ഒരു കുതിര നൂറ്റിയമ്പതു ശേക്കേൽ വെള്ളിക്കും ഇറക്കുമതി ചെയ്തിരുന്നു. രാജാവിന്റെ വ്യാപാരികൾമുഖേന ഹിത്യരാജാക്കന്മാർക്കും അരാമ്യരാജാക്കന്മാർക്കുംവേണ്ടി അവർ അവ കയറ്റുമതിയും ചെയ്തു. |
വിശുദ്ധ ബൈബിൾ, സമകാലിക മലയാളവിവർത്തനം™
പകർപ്പവകാശം © 1997, 2017, 2020 Biblica, Inc.
അനുമതിയോടുകൂടി ഉപയോഗിച്ചിരിക്കുന്നു. എല്ലാ പകർപ്പവകാശങ്ങളും ആഗോളവ്യാപകമായി സംരക്ഷിതമാണ്.
Holy Bible, Malayalam Contemporary Version™
Copyright © 1997, 2017, 2020 by Biblica, Inc.
Used with permission. All rights reserved worldwide.
Biblica, Inc.