1 തെസ്സലൊനീക്യർ 1 - സമകാലിക മലയാളവിവർത്തനം1 പൗലോസും സില്വാനൊസും തിമോത്തിയോസും, പിതാവായ ദൈവത്തിന്റെയും കർത്താവായ യേശുക്രിസ്തുവിന്റെയും സ്വന്തമായ തെസ്സലോനിക്യ സഭയ്ക്ക്, എഴുതുന്നത്: നിങ്ങൾക്കു കൃപയും സമാധാനവും ഉണ്ടാകുമാറാകട്ടെ. തെസ്സലോനിക്യരുടെ ജീവിതവും വിശ്വാസവും 2 നിങ്ങൾക്കെല്ലാവർക്കുംവേണ്ടി ഞങ്ങൾ ദൈവത്തോട് എപ്പോഴും സ്തോത്രംചെയ്തുകൊണ്ട് നിങ്ങളെ ഞങ്ങളുടെ പ്രാർഥനയിൽ നിരന്തരം ഓർക്കുന്നു. 3 നമ്മുടെ ദൈവവും പിതാവുമായ അവിടത്തെ സന്നിധിയിൽ നിങ്ങളുടെ വിശ്വാസം പ്രകടമാക്കുന്ന പ്രവൃത്തിയും സ്നേഹപ്രേരിതമായ പ്രയത്നവും നമ്മുടെ കർത്താവായ യേശുക്രിസ്തുവിലുള്ള പ്രത്യാശയുടെ ഉറപ്പും ഞങ്ങൾ ഓർക്കുന്നു. 4 ദൈവം സ്നേഹിക്കുന്ന സഹോദരങ്ങളേ, അവിടന്നു നിങ്ങളെ തെരഞ്ഞെടുത്തിരിക്കുന്നു എന്നു ഞങ്ങൾ അറിയുന്നു. 5 ഞങ്ങൾ അറിയിച്ച സുവിശേഷം നിങ്ങളുടെ അടുക്കൽ എത്തിയത് കേവലം പ്രഭാഷണമായിമാത്രമല്ല പിന്നെയോ ശക്തിയോടും പരിശുദ്ധാത്മസാന്നിധ്യത്തോടും ദൃഢനിശ്ചയത്തോടും കൂടെയായിരുന്നു. നിങ്ങളോടൊപ്പം ഞങ്ങൾ ആയിരുന്നപ്പോൾ നിങ്ങൾക്കുവേണ്ടി ഞങ്ങൾ എങ്ങനെ ജീവിച്ചു എന്നറിയാമല്ലോ. 6 കാഠിന്യമേറിയ കഷ്ടതയിലും പരിശുദ്ധാത്മാവു നൽകുന്ന ആനന്ദത്തോടെ നിങ്ങൾ വചനം സ്വീകരിച്ചുകൊണ്ട് ഞങ്ങളുടെയും കർത്താവിന്റെയും അനുകാരികൾ ആയിത്തീർന്നു. 7 അങ്ങനെ നിങ്ങൾ മക്കദോന്യയിലും അഖായയിലും ഉള്ള സകലവിശ്വാസികൾക്കും മാതൃകയായിത്തീർന്നു. 8 കർത്താവിന്റെ വചനം നിങ്ങളിൽനിന്ന് മക്കദോന്യയിലും അഖായയിലും എത്തിച്ചേർന്നു എന്നുമാത്രമല്ല, നിങ്ങൾക്കു ദൈവത്തിലുള്ള വിശ്വാസം എല്ലായിടത്തും പ്രസിദ്ധമാകുകയും ചെയ്തിരിക്കുന്നു. അതേക്കുറിച്ച് ഞങ്ങൾ ഇനി ഒന്നും പറയേണ്ടതില്ല. 9 കാരണം നിങ്ങൾ ഞങ്ങളെ എങ്ങനെ സ്വീകരിച്ചു എന്നും, വിഗ്രഹങ്ങളെ വിട്ട് ജീവനുള്ള സത്യദൈവത്തെ സേവിക്കാൻ ദൈവത്തിലേക്കു നിങ്ങൾ ഏതുവിധം തിരിഞ്ഞു എന്നും അവർതന്നെ വിവരിക്കുന്നു. 10 തന്നെയുമല്ല ദൈവം മരിച്ചവരിൽനിന്ന് ഉയിർപ്പിച്ച തന്റെ പുത്രനും വരാനുള്ള ക്രോധത്തിൽനിന്ന് നമ്മെ വിമുക്തരാക്കുന്ന വ്യക്തിയുമായ യേശു സ്വർഗത്തിൽനിന്നു വരുന്നതിനായി നിങ്ങൾ കാത്തിരിക്കുന്നതും അവർ ഞങ്ങളോടു പ്രസ്താവിക്കുന്നു. |
വിശുദ്ധ ബൈബിൾ, സമകാലിക മലയാളവിവർത്തനം™
പകർപ്പവകാശം © 1997, 2017, 2020 Biblica, Inc.
അനുമതിയോടുകൂടി ഉപയോഗിച്ചിരിക്കുന്നു. എല്ലാ പകർപ്പവകാശങ്ങളും ആഗോളവ്യാപകമായി സംരക്ഷിതമാണ്.
Holy Bible, Malayalam Contemporary Version™
Copyright © 1997, 2017, 2020 by Biblica, Inc.
Used with permission. All rights reserved worldwide.
Biblica, Inc.