Biblia Todo Logo
Bìoball air-loidhne

- Sanasan -

1 ശമൂവേൽ 24 - സമകാലിക മലയാളവിവർത്തനം


ദാവീദ് ശൗലിന്റെ ജീവൻ സംരക്ഷിക്കുന്നു

1 ഫെലിസ്ത്യരെ തുരത്തിയിട്ട് ശൗൽ മടങ്ങിവന്നപ്പോൾ, “ദാവീദ് എൻ-ഗെദി മരുഭൂമിയിലുണ്ട്” എന്ന് അദ്ദേഹത്തിന് അറിവുകിട്ടി.

2 ഇസ്രായേലിൽനിന്നെല്ലാമായി തെരഞ്ഞെടുത്ത മൂവായിരം ആളുകളെയും കൂട്ടി ശൗൽ ദാവീദിനെയും അനുയായികളെയും തെരയുന്നതിനായി കാട്ടാടിൻ പാറക്കെട്ടുകളുടെ അടുത്തേക്കുപോയി.

3 അദ്ദേഹം വഴിയരികിലുള്ള ആട്ടിൻതൊഴുത്തുകളുടെ അടുത്തെത്തി. അവിടെ ഒരു ഗുഹയുണ്ടായിരുന്നു. വിസർജനാവശ്യത്തിന് ശൗൽ അതിൽ കടന്നു. ദാവീദും ആളുകളും ആ ഗുഹയുടെ ഏറ്റവും ഉള്ളിലുണ്ടായിരുന്നു.

4 ദാവീദിന്റെ ഭൃത്യന്മാർ അദ്ദേഹത്തോട്: “ ‘ഞാൻ നിന്റെ ശത്രുവിനെ നിന്റെ കൈയിൽ ഏൽപ്പിച്ചുതരും; നിനക്കു ബോധിച്ചതുപോലെ അവനോടു ചെയ്യാം,’ എന്ന് യഹോവ അരുളിച്ചെയ്ത ദിനം ഇതാ വന്നെത്തിയിരിക്കുന്നു” എന്നു പറഞ്ഞു. അപ്പോൾ ദാവീദ് എഴുന്നേറ്റുചെന്ന് ശൗലിന്റെ മേലങ്കിയുടെ അറ്റം പതുക്കെ മുറിച്ചെടുത്തു.

5 അദ്ദേഹത്തിന്റെ മേലങ്കിയുടെ അറ്റം മുറിച്ചെടുത്തതിനാൽ പിന്നീടു ദാവീദിന് മനസ്സാക്ഷിക്കുത്തുണ്ടായി.

6 അദ്ദേഹം തന്റെ അനുയായികളോട്: “യഹോവയുടെ അഭിഷിക്തനായ എന്റെ യജമാനനുനേരേ ഇത്തരമൊരു കൃത്യം ചെയ്യാനോ അദ്ദേഹത്തിനെതിരേ കൈയുയർത്താനോ യഹോവ എന്നെ അനുവദിക്കാതിരിക്കട്ടെ. അദ്ദേഹം യഹോവയുടെ അഭിഷിക്തനാണല്ലോ.”

7 ഈ വാക്കുകൾകൊണ്ട് ദാവീദ് തന്റെ ആളുകളെ തടഞ്ഞു; ശൗലിനെ ആക്രമിക്കാൻ അവരെ അനുവദിച്ചതുമില്ല. ശൗൽ ഗുഹ വിട്ട് തന്റെ വഴിക്കു പോകുകയും ചെയ്തു.

8 അപ്പോൾ ദാവീദും ഗുഹവിട്ടിറങ്ങി പിന്നാലെചെന്ന്, “എന്റെ യജമാനനായ രാജാവേ!” എന്നു വിളിച്ചു. ശൗൽ പിറകോട്ടു തിരിഞ്ഞുനോക്കിയപ്പോൾ ദാവീദ് സാഷ്ടാംഗം വീണ് അദ്ദേഹത്തെ നമസ്കരിച്ചു.

9 അദ്ദേഹം ശൗലിനോടു പറഞ്ഞു: “ ‘ദാവീദ് അങ്ങയെ ദ്രോഹിക്കാൻ തുനിഞ്ഞിരിക്കുന്നു,’ എന്ന് ആളുകൾ പറയുന്ന വാക്കുകൾ അങ്ങെന്തിനു കേൾക്കുന്നു?

10 ഇന്ന് ഈ ഗുഹയിൽവെച്ച് യഹോവ എപ്രകാരം അങ്ങയെ എന്റെ കൈകളിൽ ഏൽപ്പിച്ചുതന്നു എന്ന് അങ്ങ് സ്വന്തം കണ്ണാലെ കണ്ടിരിക്കുന്നു. അങ്ങയെ വധിക്കണമെന്ന് ചിലർ എന്നെ നിർബന്ധിച്ചു. എന്നാൽ ഞാൻ അങ്ങയെ രക്ഷിച്ചു. ‘ഞാൻ എന്റെ യജമാനനെതിരേ കൈയുയർത്തുകയില്ല; കാരണം അദ്ദേഹം യഹോവയുടെ അഭിഷിക്തനാണ്,’ എന്നു ഞാൻ അവരോടു പറഞ്ഞു.

11 എന്റെ പിതാവേ, നോക്കൂ! എന്റെ കൈയിൽ അങ്ങയുടെ മേലങ്കിയുടെ ഒരു കഷണം കണ്ടാലും! ഞാനങ്ങയുടെ മേലങ്കിയുടെ അറ്റം മുറിച്ചെടുക്കുകയും അങ്ങയെ കൊല്ലാതിരിക്കുകയും ചെയ്തതിനാൽ ഞാൻ തെറ്റുകാരനോ ദ്രോഹിയോ അല്ലെന്ന് അങ്ങ് മനസ്സിലാക്കിയാലും. എന്നാൽ അങ്ങ് എന്റെ ജീവനെ വേട്ടയാടി നടക്കുന്നു.

12 അങ്ങേക്കും എനിക്കും മധ്യേ യഹോവ ന്യായംവിധിക്കട്ടെ. അങ്ങ് എന്നോടു ചെയ്യുന്ന ദ്രോഹത്തിന് യഹോവ പകരം ചോദിക്കട്ടെ. എന്നാൽ എന്റെ കൈ അങ്ങയുടെമേൽ വീഴുകയില്ല.

13 ‘ദുഷ്ടത ദുഷ്ടനിൽനിന്ന് വരുന്നു,’ എന്നല്ലോ പഴമൊഴി. അതുകൊണ്ട് എന്റെ കൈ അങ്ങയുടെമേൽ വീഴുകയില്ല.

14 “ഇസ്രായേൽരാജാവ് ആർക്കെതിരേയാണു പുറപ്പെട്ടിരിക്കുന്നത്? ആരെയാണ് അങ്ങ് പിൻതുടരുന്നത്? ഒരു ചത്ത പട്ടിയെ, ഒരു ചെള്ളിനെയല്ലേ?

15 യഹോവ നമുക്ക് ന്യായാധിപനായിരുന്ന് ആരുടെ വശത്താണ് ന്യായം എന്ന് വിധിക്കട്ടെ! അവിടന്ന് എന്റെ ഭാഗം പരിഗണിച്ച് അതു ശരിയെന്ന് വിധിക്കട്ടെ! അങ്ങയുടെ കൈയിൽനിന്ന് എന്നെ രക്ഷിച്ചുകൊണ്ട് യഹോവ എന്നെ കുറ്റവിമുക്തനാക്കട്ടെ!”

16 ദാവീദ് ഈ വാക്കുകൾ പറഞ്ഞുതീർന്നപ്പോൾ “എന്റെ മകനേ! ദാവീദേ! ഇതു നിന്റെ സ്വരമോ?” എന്നു ചോദിച്ച് ശൗൽ പൊട്ടിക്കരഞ്ഞു.

17 അദ്ദേഹം പറഞ്ഞു: “നീ എന്നെക്കാൾ നീതിമാൻ! ഞാൻ നിന്നോടു തിന്മ പ്രവർത്തിച്ചു; എന്നാൽ നീയോ, നന്മ പകരം ചെയ്തിരിക്കുന്നു.

18 എന്റെനേരേ പ്രവർത്തിച്ച നന്മ നീയിപ്പോൾ പ്രസ്താവിച്ചല്ലോ! യഹോവ എന്നെ നിന്റെ കൈയിൽ ഏൽപ്പിച്ചു; നീയോ, എന്നെ കൊന്നുകളഞ്ഞില്ല.

19 ശത്രുവിനെ കൈയിൽ കിട്ടിയാൽ ആരെങ്കിലും അവനെ വെറുതേ വിടുമോ? നീ ഇന്ന് എന്റെനേരേ കാണിച്ച നന്മയ്ക്ക് യഹോവ പ്രതിഫലം നൽകുമാറാകട്ടെ!

20 നീ രാജാവാകുമെന്നും ഇസ്രായേലിന്റെ രാജത്വം നിന്റെ കരങ്ങളിൽ സ്ഥിരമാകുമെന്നും ഞാനറിയുന്നു.

21 എന്റെ പിൻഗാമികളെ നീ ഛേദിച്ചുകളയുകയില്ലെന്നും എന്റെ പിതൃഭവനത്തിൽനിന്നും എന്റെ പേരു തുടച്ചുമാറ്റുകയില്ലെന്നും ഇപ്പോൾ യഹോവയുടെ നാമത്തിൽ ശപഥംചെയ്യുക.”

22 അങ്ങനെ ദാവീദ് ശൗലിനോടു ശപഥംചെയ്തു. അതിനുശേഷം ശൗൽ തന്റെ കൊട്ടാരത്തിലേക്കു മടങ്ങിപ്പോയി. ദാവീദും അനുയായികളും തങ്ങളുടെ സങ്കേതത്തിലേക്കും മടങ്ങി.

വിശുദ്ധ ബൈബിൾ, സമകാലിക മലയാളവിവർത്തനം™

പകർപ്പവകാശം © 1997, 2017, 2020 Biblica, Inc.

അനുമതിയോടുകൂടി ഉപയോഗിച്ചിരിക്കുന്നു. എല്ലാ പകർപ്പവകാശങ്ങളും ആഗോളവ്യാപകമായി സംരക്ഷിതമാണ്.

Holy Bible, Malayalam Contemporary Version™

Copyright © 1997, 2017, 2020 by Biblica, Inc.

Used with permission. All rights reserved worldwide.

Biblica, Inc.
Lean sinn:



Sanasan