പിലിപ്പിയര് 1 - പുതുവൻ ചേതിവണക്കം 1 കിരിശ്ത്തു ഏശുവ് പണ്ണക്കാറായാനെ പവുലോശും തിമോത്തിയോശും പിലിപ്പിയാവിൽ കിരിശ്ത്തു ഏശുവെ നമ്പി ഇരുക്കിനെ ചുത്തമാനവേരാക്കും പള്ളീലെ മൂപ്പരുകാട്ടുക്കും പള്ളീലെ ഏവലാളികേക്കും എളുതിനത്, 2 നങ്കെ തകപ്പനാനെ തെയ്‌വത്തിൽ നുണ്ണും കരുത്താവാനെ കിരിശ്ത്തു ഏശുവിൽ നുണ്ണും നിങ്കാക്ക് ഇരക്കമും അമതീം കിടയ്‌ക്കട്ടെ. പള്ളീലവേരാക്കുചൂട്ടി പവുലോശ് വായാതിനെ 3 നിങ്കളെ നിനയ്‌ക്കിനെ നേരമെല്ലാം ഏൻ എൻ തെയ്‌വത്തുക്ക് നണ്ണിയെ ചൊന്നെ. 4 നിങ്കെ നല്ലെ ചേതിയെ കേട്ട് കരുത്താവെ നമ്പിയനായിരുന്ത് ഉണ്ണേക്കുവരെ നല്ലെ ചേതിയെ വുളിച്ച് ചൊൽവിളത്തിൽ നിങ്കാക്ക് ഒണ്ടായ പങ്ക് നാലെ 5 ഏൻ വായാതിനവോളയെല്ലാം പിരിയമാ നിങ്കാക്കുചൂട്ടീം വായാതികിട്ടേ ഇരുക്കിനെ. 6 നിങ്കളിൽ ഇം നല്ലവേലേ മുതെ ചെയ്‌വന്തവനാനെ തെയ്‌വം കിരിശ്ത്തു ഏശു വരിനത് വരേക്ക് അതെ ചെയ്‌കേം ചെയ് മുടിവാക്കുമൊണ്ണും ഏൻ ഉറപ്പാ നമ്പുനെ. 7 ഏൻ തടങ്കലിൽ ആയവോളേം നല്ലെ ചേതീക്ക് എതിര്‌വാതമെ നടത്തിനവേരാളെ ചൊല്ലി തിരിത്തിരമായ്‌ക്കി അത് നിച്ചമായത് താൻ ഒൺ ഉറപ്പായ്‌ക്കവോളേം നിങ്കെ എൻ കൂട്ടത്തിൽ ഒണ്ടായെ. അകനെ ഇതുകാടെ ചെയ്‌കേക്ക് എനക്ക് കിടച്ചെ തെയ്‌വ ഇരക്കത്തിലും നിങ്കെ എൻകാൽ പങ്കാളികെ ആയതാനേ? അകനെ എൻ ഇതയത്തിൽ നിങ്കാക്ക് ഒരു ഇടം ഇരുക്കിനെ. അതുനാലെ ഏൻ നിങ്കളെ ചൊല്ലി നിനയ്‌ക്കിനത്തിൽ ഒരു തപ്പുമില്ലെ. 8 കിരിശ്ത്തു ഏശുവിലൊള്ളെ ആത്തിരത്തിൽ ഏൻ നിങ്കളെ കാൺമ്പേക്ക് എത്തിനാരത്തിൽ ആശപ്പടിനെ ഒണ്ണത്തുക്ക് തെയ്‌വം ശാച്ചിയായിരുക്കിനെ. 9 നിങ്കാക്കിരുക്കിനെ ആത്തിരം എല്ലാ അറിവിലും പോതത്തിലും കനത്ത് കനത്ത് വരട്ടെ ഒൺ ഏൻ വായാതിനെ. 10 അകനെ നിങ്കെ നല്ലതും കെട്ടതും ഏളതൊൺ പുറിച്ച് എടുക്കിനവേരാളായ് കിരിശ്ത്തു വരിനനാ വരേക്ക് ചുത്തമാനവേരാളും കളങ്കമത്ത വേരാളും ആയിരിൻ. 11 തെയ്‌വ മകത്തത്തുക്കും അവനെ പെരുമപ്പടുത്തിളത്തുക്കുംചൂട്ടി ഏശുകിരിശ്‌ത്തുവിലൊള്ളെ നല്ലെ കുണമൊള്ളവേരാളായ് നുറഞ്ചുവരോണുമൊൺ ഏൻ വായാതിനെ. നങ്കെ പിശപ്പ് കിരിശ്ത്തുവിൽ 12 ഇതി ഇണങ്കരേ, എനക്ക് വന്തതെല്ലാം പുതുവൻ ചേതി പരക്കുകേക്ക് ഇടയായേതൊൺ നിങ്കാക്ക് തിക്കിനൊണ്ടാകോണുമൊൺ ഏൻ ആശിക്കിനെ. 13 ഏൻ ചങ്കിലീൽ തടവിൽ കിടക്കിനത് കിരിശ്‌ത്തുവുക്ക് പണ്ണക്കാറൻ ആയനാലതാനൊൺ കൊട്ടാരത്തിലെ കാവൽ പട്ടാളക്കാറാക്കും മാനടവൻ മുച്ചൂട്ടുക്കും വെളിവായ് ഇരുക്കിനെ. 14 ഏൻ തടവിൽ ആയതുനാലെ കരുത്താവെ നമ്പിയവേരാക്കെല്ലാം പേടിയാതേം തെയ്‌വ വശനമെ ഉറപ്പോടേം ചൊൽകേക്ക് ഉറപ്പു കിടച്ചെ. 15 ചിലവേരാ പുറണീലും കലകത്തിലും കിരിശ്‌ത്തുവെചൊല്ലി വുളിച്ച് ചൊന്നെ; വോറേ ചിലവേരാ നല്ലെ മനശാരേം വുളിച്ച് ചൊല്ലി നടക്കിനെ. 16 ഇരണ്ടാമത്തെ കൂട്ടക്കാറാ ഏൻ നല്ലെ ചേതീക്ക് എതിര്‌വാതമെ നടത്തിനവേരാളെ ചൊല്ലി തിരിത്തിരമായ്‌ക്കതുനാലതാൻ തടവിൽ കിടക്കിനത് ഒൺ തിക്കിനൊണ്ടായാലെ എൻകാലൊള്ളെ ആത്തിരത്തിൽ ചെയ്യിനെ. 17 പുറണിയോടെ ചൊല്ലിയെ അവറളോ മനശാരെ നാത്തെ ഉടവൻ ഉടവൻ പിരിയത്തുക്കുചൂട്ടീം ഏൻ ഇരുട്ടറേൽ ഇരുക്കിനവോളെ എനക്ക് തൊല്ലയെ കനക്കെ വയ്‌ക്കോണുമൊണ്ണെ നിനവോടേം താൻ കിരിശ്‌ത്തുവെചൊല്ലി വുളിച്ച് ചൊന്നത്. 18 ഒണ്ണാ ഇത്തുക്ക് ഏൻ കെവുനമെ കൊടുക്കിളതില്ലെ; കുറിയോടെ ഉന്നം വയ്‌ക്കിനത് നരിയോ മെച്ചക്കമോ ഏതോയതോ കിരിശ്‌ത്തുവതാനേ അവറെ വുളിച്ച് ചൊന്നത്. അതുനാലെ ഏൻ പിരിയമോറിനെ; ഇനീം ഏൻ പിരിയമോറും. 19 എന്തുനാലയൊണ്ണാ, നിങ്കെ വായാതിനതുനാലേം ഏശുകിരിശ്ത്തുവു ആത്തുമാവിലെ ഉതവിനാലേം എനക്ക് വന്തതിലെല്ലാം വുടുതൽ കിടയ്‌ക്കും ഒൺ എനക്ക് തിക്കിനൊണ്ട്. 20 എൻ കടമേൽ കരുത്താവുക്ക് മാനക്കേടെ വരുത്തിനെ ഒരു കാരിയമാം ഒരു കാലത്തിലും ഏൻ ചെയ്യാത്ത് ഒൺ ഏൻ ആശിക്കേം കാത്ത് ഇരുക്കേം ചെയ്യിനെ. അത് മട്ടുമേയില്ലെ ചാവിലാകട്ടെ പിശപ്പിലാകട്ടെ എപ്പണുമ്പോലെ ഇപ്പണും തകിതിയോടെ ഏൻ ചെയ്യിനെ ഒവ്വൊരു കാരിയത്തിലും കിരിശ്‌ത്തുവുക്ക് മകിമേ കൊടുക്കിനെ. 21 എനക്ക് പിശപ്പ് ഒണ്ണത് കിരിശ്‌ത്തുവുക്കുചൂട്ടി പിശയ്‌ക്കിനതും ചാനത് എപ്പേരുപ്പട്ടെ നല്ലതും താൻ; അകനയൊണ്ണാ എനക്ക് കിരിശ്ത്തുവും മത്തും ചേന്തോകേക്കാകും. 22 ഒണ്ണാ ഏൻ ഇനീം ഉശിരോടിരുന്താ കിരിശ്‌ത്തുവുക്കുചൂട്ടി കനേം നല്ലെ കാരിയങ്കാടെ ചെയ്‌വേക്കാകും; അകനയൊണ്ണാ ഏളതെ പുറിച്ച് എടുക്കോണും ഒൺ എനക്ക് തിക്കിലെ. 23 ഏൻ ഇം ഇരണ്ട് കാരിയത്തിൽ നെരുങ്കിനെ; ഇം ഉശിരെ വുട്ട് പുറിഞ്ച് കിരിശ്‌ത്തുവിലെ കൂട്ടത്തിൽ ചേന്തോകേക്ക് എനക്ക് എപ്പേരുപ്പട്ടെ ആശെ; അത് എത്തിനയോ നല്ലത്. 24 ഒണ്ണാ നിങ്കാക്ക് നല്ലത്തുക്ക് ഏൻ ഉശിരൊടെ ഇരുക്കിനത് തേവെ. 25 ഏൻ ഉശിരോടെ ഇരുക്കുമൊണ്ണും നിങ്കെ കൂട്ടത്തിൽ പിശയ്‌ക്കുമൊണ്ണും എനക്ക് ഉറപ്പൊള്ളെ; നിങ്കെ നമ്പിക്കെ കനത്ത് കനത്ത് വരുകേക്കും അത്തിൽ നിങ്കെ പിരിയമോറുകേക്കും ഏൻ നിങ്കെ കൂട്ടത്തിൽ ഒണ്ടായിരുക്കുമൊണ്ണും എനക്ക് തിക്കിനൊള്ളെ. 26 അകനെ ഏൻ നിങ്കകാക്ക് തിരുമ്പി വരിനതുനാലെ കിരിശ്ത്തു ഏശു എനക്ക് ചെയ് തന്തെ കാരിയങ്കാട്ടിൽ നിങ്കാക്കൊള്ളെ പേരും പെരുമേം പെരികി പെരികി വരുകേക്കാകും. 27 എന്തു വന്താലും കിരിശ്ത്തുവു നല്ലെ ചേതിയെ നമ്പുനവേരാളവോലെ നിങ്കളും പിശേൻ. അകനയൊണ്ണാ ഏൻ നിങ്കളെ വന്ത് കാൺകയോ നിങ്കളെ ചൊല്ലി കോക്കയോ ചെയ്യിനവോളെ ഒരേ ആത്തുമാവിൽ നിലെ നിക്കിനെ ഒണ്ണും നല്ലെ ചേതീലെ നമ്പിക്കേക്കുചൂട്ടി ചരിയാനത്തിൽ കറുമമടേനെ ഒണ്ണും എനക്ക് തിക്കിനൊണ്ടാകും. 28 നിങ്കെ നിങ്കകാലെ എതിരികനാലെ അരണ്ടോവാനില്ലെ; എപ്പണും ഉറപ്പാ ഇരിൻ; നിങ്കെ ഇകനെ ചെയ്യിനവോളെ തെയ്‌വം അവറളെ നാശമാക്കുമൊണ്ണും നിങ്കളെ കാപ്പാത്തുമൊണ്ണും നിങ്കെ അവറാത്തുക്ക് ഒരു തെളിവെ കൊടുക്കും; ഇതെ തെയ്‌വം നടത്തും. 29 കിരിശ്ത്തുവിൽ നമ്പുകേക്ക് മട്ടും നാത്തെ അവൻ പേരിൽ തണ്ടനേ ഏൽപ്പേക്കും താൻ നിങ്കാക്ക് കിരിശ്‌ത്തുവിലെ വേലക്കാറൻ ഒണ്ണെ വരം കിടച്ചിരുക്കിനത്. 30 ഏൻ ചിക്ക്‌പ്പട്ടത് നിങ്കെ മിന്നേ കണ്ടതാനേ? ഇപ്പെ അടേനെ കറുമമപ്പത്തീം നിങ്കെ കോക്കിനതാനേ? അകനെ കറുമമടേനത്തിൽ നിങ്കളും എൻ കൂട്ടത്തിൽ പങ്കാളികെ ആനിൻ. |
@New Life Literature (NLL)