അപ്പോശ്‌ത്തലര് തെയ്‌വ വേലെ 9 - പുതുവൻ ചേതിമനശ് മാറി ഏശുവിൽ നമ്പി വരിനെ ശവുൽ അപ്പോശ്‌ത്തലര് തെയ്‌വ വേലെ 22:6–16 ; 26:12–18 1 കരുത്താവിലെ ശിശിയരെ കൊണ്ണൊടുക്കും ഒൺ ശവുൽ പേടിയ്‌ക്കെ വച്ചെ. 2 കിരിശ്‌ത്തുവിലെ വശീൽ നമ്പിക്കെ വച്ച് വന്ത് ആരെല്ലാം ഇരുക്കിനതോ അത് ആണായൊണ്ണാലും പെണ്ണായൊണ്ണാലും കണ്ടാ പുടിച്ച് കെട്ടി എരുശലേമുക്ക് കുടക്കുവേക്കുചൂട്ടി തെമശ്‌ക്കോശിലെ പള്ളീലെ നേതാക്കൻമാരുക്ക് കൊടുക്കേക്ക് വലിയെ പൂയാരികാട്ടുകാൽ നുൺ അതികാരെ കായിതമെ വായ്‌ങ്കെ. 3 അവൻ തെമശ്‌ക്കോശ് പട്ടണത്തുകാൽ പോയി ചേന്തവോളെ പെട്ടൊൺ വാനത്തിലിരുന്ത് ഒരു വെളിച്ചം അവനുക്ക് ചുത്തുകോടും മിന്നി മിനിയ്‌ങ്കെ. 4 പെട്ടൊൺ അവൻ അടീക്ക് ബൂന്തതും, “ശവുലേ, ശവുലേ, നീ എന്ന തൊല്ലയെ ചെയ്യിനത് എന്ത്” ഒൺ തൻകാൽ കോക്കിനെ ഒരു ചത്തമെ കേട്ടെ. 5 “നീ ആരുനേ കരുത്താവേ” ഒൺ ശവുൽ കേട്ടെ. അത്തുക്ക്, “നീ തൊല്ലയെ ചെയ്യിനെ ഏശുവുതാൻ ഏൻ. 6 നീ എന്തി പട്ടണത്തുക്ക് പോ; നീ എന്തെ ചെയ്യോണും ഒൺ അവുടെ വച്ച് നിൻകാക്ക് ചൊല്ലും” ഒൺ അവൻ ചൊല്ലിയെ. 7 അവൻ കൂട്ടത്തിൽ പോയെ ആണാളും ഇം ചത്തമെ കേട്ടതൊണ്ണാലും ആരാം കാണാപ്പോയനാലെ അരണ്ട് തറുതറുത്ത് പറന്തേയെ. 8 ശവുൽ അടീലിരുന്ത് എന്തി കണ്ണെ തുറന്തതും കൺ തോണാതായെ; അതുനാലെ അം ആണാ അവൻ കയ്യെ പുടിച്ച് തെമശ്‌ക്കോശുക്ക് കൂട്ടി എടുത്തുപോയെ. 9 അവൻ മൂണുനാ കൺ തോണാതേം തീൻ തണ്ണിയെ കുടിയാതേം ഇരുന്തെ. 10 അനന്നിയാശ് ഒണ്ണെ ശിശിയൻ തെമശ്‌ക്കോശിൽ ഒണ്ടായെ; തെയ്‌വം കൊടുത്തെ ഒരു തറുശനമെ അവൻ കണ്ടെ; തറുശനത്തിൽ തെയ്‌വം അവനെ വുളിക്കിനതെ കേട്ടെ. “കരുത്താവേ, ഏൻ ഇതെ” ഒൺ അവൻ വായകേട്ടെ. 11 അന്നേരം കരുത്താവ് അവൻകാക്ക്, “നീ എന്തി നേർവീതി ഒണ്ണെ തെരുവുക്ക് പോയ് ഊതാശ് കൂരേൽ തറുശോശുകാറൻ ശവുൽ ഒണ്ണെ പേരുകാറനെ കോൾ. 12 അവൻ വായാതിനെ; അനന്നിയാശ് ഒണ്ണെ മനിശൻ അകത്തുക്ക് വന്ത് ഉടയാ കൺ തുറന്ത് കാൺമ്പേക്ക് തന്നേത്തിൽ കയ്യെ വച്ച് വായാതിനതെ കണ്ടിരുക്കിനെ” ഒൺ കൽപ്പനയിട്ടെ. 13 അത്തുക്ക് അനന്നിയാശ്, “കരുത്താവേ, അം മനിശൻ എരുശലേമിലിരുന്തെ നിൻ ശിശിയരുകാട്ടുക്ക് എത്തിനാരം തൊല്ലയെ ചെയ്യെ ഒൺ കനേമാളുകെ ചൊല്ലിയിരുക്കിനതെ ഏൻ കേട്ടുമിരുക്കുകീ. 14 ഇങ്കും നിൻ പേരെ വുളിച്ച് കുമിടെ വാങ്കിനവേരാളെ പുടിച്ച് കെട്ടുകേക്ക് വലിയെ പൂയാരികാട്ടിലെ അതികാര പത്തിരമെ വായ്‌ങ്കിതാൻ അവൻ വന്തിരുക്കിനത്.” 15 കരുത്താവ് അവൻകാക്ക്, “ഇപ്പെ നീ പോ; അവൻ എകൂതാ ചാതികയല്ലാത്തവേരാ ഇടേലും രാശാവുകാട്ടുക്ക് മില്ലോടും ഇശ്‌രവേൽ മക്കാക്ക് മില്ലോടും എൻ പേരെ വുളിച്ച് ചൊൽകേക്ക് ഏൻ പുറിച്ചെടുത്തിരുക്കിനെ ആൾതാൻ അവൻ. 16 എൻ നാമത്തുക്കുചൂട്ടി അവൻ എന്തെല്ലാം കറുമമടേകേക്ക് ഇരുക്കിനതൊൺ ഏനേ അവനുക്ക് കാട്ടി കൊടുക്കും” ഒണ്ണെ. 17 അകനെ അനന്നിയാശ് അക്കൂരേൽ പോയ് അവൻ തലേക്ക് കയ്യെ വച്ചാലെ, “ശവുലേ, തമ്പീ, നിൻ കൺ കാൺമ്പേക്കും തെയ്‌വ ആത്തുമാവിൽ നുറയിളത്തുക്കും നീ വന്തെ വശീൽ നിനക്ക് വെളിവായെ ഏശു ഒണ്ണെ കരുത്താവ് എന്ന കടത്തിവുട്ടിരുക്കിനെ” ഒണ്ണെ. 18 പെട്ടൊൺ അവൻ കണ്ണിലിരുന്ത് മീൻ ചെതുമ്പൽ വോലത്തെ ഒരേനം അടീക്ക് ബൂന്ത് കൺ തുറന്ത് കാൺമ്പേക്കായെ; അവൻ എന്തി രാടിപിരാടിയെ. 19 അതോഞ്ച് അവൻ തീൻ തണ്ണിയെ കുടിച്ച് പിലപ്പട്ടെ. കൊഞ്ചനാ അവൻ തെമശ്‌ക്കോശിലെ ശിശിയരും മത്തും ഇരുന്തെ. ശവുൽ തെമശ്‌ക്കോശിൽ നല്ലെ ചേതിയെ വുളിച്ച് ചൊന്നെ 20 പിന്നെ എകൂതാ പള്ളീലെല്ലാം പോയ് ഏശുതാൻ തെയ്‌വ മകൻ ഒൺ ശവുൽ വുളിച്ച് ചൊല്ലി തുടയ്‌ങ്കെ. 21 അവൻ ചൊല്ലിയതെ കേട്ടവനുക്കെല്ലാം അരളി പുടിച്ചേയെ. “എരുശലേമിൽ ഇം നാമമെ വുളിച്ച് കുമിടെ വാങ്കിനവനെ നാശമെ ചെയ്യാതാനേ ചെൻ. ഇങ്കും അവറളെ പുടിച്ച് കെട്ടി വലിയെ പൂയാരിയേരുകാൽ കൊടുപ്പേക്കുതാൻ വന്തിരുക്കിനത്” ഒൺ ചൊല്ലിയെ. 22 അപ്പണും ശവുൽ പേടിനാതെ, “ഏശുവുതാൻ കിരിശ്ത്തു” ഒൺ വുളിച്ച് ചൊല്ലി തെമശ്‌ക്കോശിൽ പിശയ്‌ക്കിനെ എകൂതരെ മൂച്ചാട്ടമില്ലാതായ്‌ക്കെ. 23 ചിലനായോഞ്ച് ശവുലെ കൊണ്ണൊറീകേക്ക് എകൂതര് മൊത്തമാ കൂടിയാലെ കൂട്ടമിട്ടെ. 24 ഒണ്ണാ എകൂതര് കൂട്ടമിട്ടതെ ശവുലുക്ക് അറിവു കിടച്ചെ; അവനെ കൊൽകേക്കുചൂട്ടി അവറെ റാവും പകലും പട്ടണെ കോവുരത്തിൽ കാവലാളികളെ നുറുത്തുകേം ചെയ്യെ. 25 ഒണ്ണാ അവൻ ശിശിയരുകാട് റാത്തേക്കുറാവേ ഒരു വലിയെ വട്ടീലായ്‌ക്കി കോട്ടമതിൽ വശിയേ പവുലോശെ ഉറയ്‌ക്കിവുട്ടെ. ശവുൽ എരുശലേമിൽ 26 ശവുൽ എരുശലേമുക്ക് പോയ് ശിശിയരുകാട് കൂട്ടത്തിൽ ചേന്തോകേക്ക് നിനച്ചെ; ഒണ്ണാ അവൻ ഒരു ശിശിയൻതാൻ ഒൺ നമ്പാതെ എല്ലാരും അവനെ പേടിച്ചെ. 27 പിന്നെ ബർന്നബാശ് പവുലോശുക്ക് ഉതവിയെ ചെയ് കൂട്ടിയെടുത്ത് അപ്പോശ്‌ത്തലരുകാക്ക് കൊണ്ടേയെ; വശീൽ വച്ച് അവൻ കരുത്താവെ കണ്ടതാം കരുത്താവ് അവൻകാൽ കുരവുട്ടതാം തെമശ്‌ക്കോശിൽ വച്ച് ഏശുവെ ചൊല്ലി ചുണയോടെ വുളിച്ച് ചൊല്ലിയതാം അവറകാക്ക് റൂപ്പുറൂപ്പായ്‌ക്കെ. 28 പിന്നെ അവൻ നമ്പിക്കയാനവേരാ കൂട്ടത്തിൽ പളകുകേം എരുശലേമിലെ കൂറായെല്ലാം പോയ് കരുത്താവിലെ നല്ലെ ചേതിയെ പേടിനാതെ വുളിച്ച് ചൊല്ലി നടക്കുകേം ചെയ്യെ. 29 കിരീക്ക് പാശേ കുരവുടിനെ എകൂതര് മത്തും ഇം കാരിയമെ ചൊല്ലി ഏയ്‌ല കെട്ടിയെ; ഒണ്ണാ അവറെ അവനെ കൊൽകേക്ക് ആലം പാഞ്ച് നടന്തെ. 30 അങ്ക് നമ്പിക്കയാ വരുമവേരാക്ക് അതെ തിക്കിനൊണ്ടായതും അവനെ കയ്‌ശരിയാവുക്ക് കൂട്ടിയെടുത്ത് കൊണ്ടേയാലെ, അങ്ക് നുൺ തറുശോശുക്ക് കടത്തിവുട്ടെ. 31 അകനെ എകൂതിയാ, കെലീലാ, ശമരിയാ ഒണ്ണെ തേശത്തിൽ നമ്പിക്കയാനവേരാ കൂട്ടത്തുക്ക് നിമതി കിടയ്‌ക്കുകേം അവറെ തെയ്‌വ ആത്തുമാവിൽ പിലപ്പട്ട് കരുത്താവിലെ ആതരവിൽ വളറുകേം എണ്ണത്തിൽ പെരുകുകേം ചെയ്യെ. പത്തിരോശ് അയിനയാശുക്ക് ചുകമെ കൊടുക്കിനെ 32 പത്തിരോശ് എല്ലാ ഇടത്തുക്കും പോയവോളെ ലുത്താവ് എന്നാൻ കരുത്താവിൽ നമ്പി പിശയ്‌ക്കിനവേരാകാക്കും പോയെ. 33 അവുടെ എട്ട് വരിയമായ് തളന്ത് കിടക്കുമെ അയിനയാശ് ഒണ്ണെ പേരുകാറനാം കണ്ടെ. 34 പത്തിരോശ് അവൻകാക്ക്, “അയിനയാശേ, ഏശുകിരിശ്ത്തു നിനക്കിപ്പെ ചുകമെ തരിനെ; എന്തി നീയേ നിനക്ക് കിടപ്പേക്കൊള്ളെ പായ് പരമ്പെ ഇട്” ഒൺ ചൊല്ലിയെ; അപ്പണേ അവൻ എന്തിയെ. 35 ലുത്താവിലവേരാളും ശാരോനിലവേരാളും അവനുക്ക് കിടച്ചെ ചുകമെ കണ്ട് മനം തിരുമ്പി കരുത്താവുകാക്ക് വന്തെ. തവീതാവുക്ക് ഉശിരെ കൊടുത്ത് എത്തിനെ 36 ഓപ്പാവൊണ്ണെ തേശത്തിൽ പെട്ടമാൻ ഒൺ ചൊന്നെ തവീതാവ് ഒൺ പേരൊള്ളെ ഒരു പെൺമ്പുള്ളെ കരുത്താവെ നമ്പി പിശച്ചിരുന്തെ; അവെ എപ്പണും നല്ലെ നല്ലെ കാരിയമെ ചെയ്‌കേം താനതറുമമെ കൊടുക്കുകേം ചെയ്‌മാളും താൻ. 37 അക്കാലത്തിൽ ചരിയാനെ ഒരു നോയ് പുടിച്ച് അവെ ചത്തെ; അവറെ അപ്പിൺ ചാവെ രാട്ടി മാളികേലെ ചിത്താറേൽ കൊണ്ടേയ് കിടത്തിയെ. 38 ലുത്തെ ഓപ്പാവുക്ക് കിട്ടനാലെ പത്തിരോശ് അങ്ക് ഇരുക്കിനെ ഒണ്ണെ ചേതി ഓപ്പാവ്‌ല ശിശിയരുക്ക് കേൾവി പട്ടെ. “നീ വേമാ എങ്കകാക്കു വരോണും” ഒൺ ചൊല്ലിക്കൂട്ടി വരുകേക്ക് ഇരണ്ട് ചേതിക്കാറാളെ കടത്തിവുട്ടെ. 39 പത്തിരോശ് എന്തി അവറെ കൂട്ടത്തിൽ പോയെ; ഓപ്പാവിൽ പോയ് ചേന്തവോളെ പത്തിരോശെ അവറെ മാളികേലെ ചിത്താറേക്ക് കൂട്ടി എടുത്തുപോയെ; അന്നേരം ചിത്താറേൽ വന്തിരുന്തെ തൂക്കാലിച്ചിയാനെ പെണ്ണാ തവീതാവ് ഉശിരോടെ ഇരുന്തവോളെ തങ്കാക്ക് തച്ചു കൊടുത്തെ തുണിയെ കാട്ടി പത്തിരോശുക്ക് ചുത്തും നുൺ പെരിളെ ചൊല്ലി കോന്തെ. 40 പത്തിരോശ് അവറളെ എല്ലാം പുറത്തുക്ക് കടത്തിവുട്ടാലെ മുട്ടക്കുത്തി നുൺ വായാതി ചാവുകാക്ക് തിരുമ്പി നോയ്‌ക്കാലെ, “തവീതാളേ എന്ത്” ഒൺ ചൊല്ലിയെ; അവെ കണ്ണെ തുറന്ത് പത്തിരോശെ കണ്ട് എന്തി ഇരുന്തെ. 41 അവൻ അവെ കയ്യെ പുടിച്ചെത്തിയാപ്പിലെ കരുത്താവുകാൽ നമ്പി ഇരുക്കിനവേരാളാം തൂക്കാലിച്ചികളാം വുളിച്ചെടുത്ത് തവീതാവെ അവറാത്തുക്ക് മില്ലോട് ഉശിരോടെ എത്തി നുറുത്തിയെ. 42 ഇം ചേതി ഓപ്പേലിരുന്തെ എല്ലാ മാനടവനുക്കും വെളിവായെ, അകനെ കനേംവേരാ കരുത്താവുകാൽ നമ്പിക്കെ വച്ച് വന്തെ. 43 പിന്നെ അവൻ ഓപ്പേല് തോൽകൊല്ലൻ ശീമോൻ കൂരേൽ ചിലനാ ഇരുന്തെ. |
@New Life Literature (NLL)