സങ്കീർത്തനങ്ങൾ 96 - സത്യവേദപുസ്തകം OV Bible (BSI)1 യഹോവയ്ക്ക് ഒരു പുതിയ പാട്ടു പാടുവിൻ; സകല ഭൂവാസികളുമായുള്ളോരേ, യഹോവയ്ക്കു പാടുവിൻ. 2 യഹോവയ്ക്കു പാടി അവന്റെ നാമത്തെ വാഴ്ത്തുവിൻ; നാൾതോറും അവന്റെ രക്ഷയെ പ്രസിദ്ധമാക്കുവിൻ. 3 ജാതികളുടെ ഇടയിൽ അവന്റെ മഹത്ത്വവും സകല വംശങ്ങളുടെയും ഇടയിൽ അവന്റെ അദ്ഭുതങ്ങളും വിവരിപ്പിൻ. 4 യഹോവ വലിയവനും ഏറ്റവും സ്തുത്യനും ആകുന്നു; അവൻ സകല ദേവന്മാരെക്കാളും ഭയപ്പെടുവാൻ യോഗ്യൻ. 5 ജാതികളുടെ ദേവന്മാരൊക്കെയും മിഥ്യാമൂർത്തികളത്രേ; യഹോവയോ ആകാശത്തെ ഉണ്ടാക്കിയിരിക്കുന്നു. 6 ബഹുമാനവും തേജസ്സും അവന്റെ മുമ്പിലും ബലവും ശോഭയും അവന്റെ വിശുദ്ധമന്ദിരത്തിലും ഉണ്ട്. 7 ജാതികളുടെ കുലങ്ങളേ, യഹോവയ്ക്കു കൊടുപ്പിൻ; മഹത്ത്വവും ബലവും യഹോവയ്ക്കു കൊടുപ്പിൻ. 8 യഹോവയ്ക്ക് അവന്റെ നാമത്തിനു തക്ക മഹത്ത്വം കൊടുപ്പിൻ; തിരുമുൽക്കാഴ്ചയുമായി അവന്റെ പ്രാകാരങ്ങളിൽ ചെല്ലുവിൻ. 9 വിശുദ്ധ വസ്ത്രാലങ്കാരത്തോടെ യഹോവയെ നമസ്കരിപ്പിൻ; സകല ഭൂവാസികളുമായുള്ളോരേ, അവന്റെ മുമ്പിൽ നടുങ്ങുവിൻ. 10 യഹോവ വാഴുന്നു എന്നു ജാതികളുടെ ഇടയിൽ പറവിൻ; ഭൂലോകവും ഇളകാതെ ഉറച്ചുനില്ക്കുന്നു; അവൻ ജാതികളെ നേരോടെ വിധിക്കും. 11 ആകാശം സന്തോഷിക്കയും ഭൂമി ആനന്ദിക്കയും സമുദ്രവും അതിന്റെ നിറവും മുഴങ്ങുകയും ചെയ്യട്ടെ. 12 വയലും അതിലുള്ളതൊക്കെയും ആഹ്ലാദിക്കട്ടെ; അപ്പോൾ കാട്ടിലെ സകല വൃക്ഷങ്ങളും ഉല്ലസിച്ചുഘോഷിക്കും. 13 യഹോവയുടെ സന്നിധിയിൽ തന്നെ; അവൻ വരുന്നുവല്ലോ; അവൻ ഭൂമിയെ വിധിപ്പാൻ വരുന്നു; അവൻ ഭൂലോകത്തെ നീതിയോടും ജാതികളെ വിശ്വസ്തതയോടുംകൂടെ വിധിക്കും. |
Malayalam OV Bible - സത്യവേദപുസ്തകം
© The Bible Society of India, 2016.
Used by permission. All rights reserved worldwide.
Bible Society of India