Biblia Todo Logo
Bìoball air-loidhne

- Sanasan -

സങ്കീർത്തനങ്ങൾ 83 - സത്യവേദപുസ്തകം OV Bible (BSI)


ആസാഫിന്റെ ഒരു സങ്കീർത്തനം; ഒരു ഗീതം.

1 ദൈവമേ, മിണ്ടാതെയിരിക്കരുതേ; ദൈവമേ, മൗനമായും സ്വസ്ഥമായും ഇരിക്കരുതേ.

2 ഇതാ, നിന്റെ ശത്രുക്കൾ കലഹിക്കുന്നു; നിന്നെ പകയ്ക്കുന്നവർ തല ഉയർത്തുന്നു.

3 അവർ നിന്റെ ജനത്തിന്റെ നേരേ ഉപായം വിചാരിക്കയും നിന്റെ ഗുപ്തന്മാരുടെ നേരേ ദുരാലോചന കഴിക്കയും ചെയ്യുന്നു.

4 വരുവിൻ, യിസ്രായേൽ ഒരു ജാതിയായിരിക്കാതവണ്ണം നാം അവരെ മുടിച്ചുകളക. അവരുടെ പേർ ഇനി ആരും ഓർക്കരുത് എന്ന് അവർ പറഞ്ഞു.

5 അവർ ഇങ്ങനെ ഐകമത്യത്തോടെ ആലോചിച്ചു, നിനക്കു വിരോധമായി സഖ്യത ചെയ്യുന്നു.

6 എദോമ്യരുടെയും യിശ്മായേല്യരുടെയും കൂടാരങ്ങളും മോവാബ്യരും ഹഗര്യരും കൂടെ,

7 ഗെബാലും അമ്മോനും അമാലേക്കും, ഫെലിസ്ത്യദേശവും സോർനിവാസികളും;

8 അശ്ശൂരും അവരോടു യോജിച്ചു; അവർ ലോത്തിന്റെ മക്കൾക്ക് സഹായമായിരുന്നു. സേലാ.

9 മിദ്യാന്യരോടു ചെയ്തതുപോലെ അവരോടു ചെയ്യേണമേ; കീശോൻതോട്ടിങ്കൽവച്ചു സീസരയോടും യാബീനോടും ചെയ്തതുപോലെ തന്നെ.

10 അവർ എൻദോരിൽവച്ചു നശിച്ചുപോയി; അവർ നിലത്തിനു വളമായിത്തീർന്നു.

11 അവരുടെ കുലീനന്മാരെ ഓരേബ്, സേബ് എന്നവരെപ്പോലെയും അവരുടെ സകല പ്രഭുക്കന്മാരെയും സേബഹ്, സല്മുന്നാ എന്നവരെപ്പോലെയും ആക്കേണമേ.

12 നാം ദൈവത്തിന്റെ നിവാസങ്ങളെ നമുക്ക് അവകാശമാക്കിക്കൊള്ളുക എന്ന് അവർ പറഞ്ഞുവല്ലോ.

13 എന്റെ ദൈവമേ, അവരെ ചുഴലിക്കാറ്റത്തെ പൊടിപോലെയും കാറ്റത്തു പാറുന്ന പതിർപോലെയും ആക്കേണമേ.

14 വനത്തെ ദഹിപ്പിക്കുന്ന തീപോലെയും പർവതങ്ങളെ ചുട്ടുകളയുന്ന അഗ്നിജ്വാലപോലെയും

15 നിന്റെ കൊടുങ്കാറ്റുകൊണ്ട് അവരെ പിന്തുടരേണമേ; നിന്റെ ചുഴലിക്കാറ്റുകൊണ്ട് അവരെ ഭ്രമിപ്പിക്കേണമേ.

16 യഹോവേ, അവർ തിരുനാമത്തെ അന്വേഷിക്കേണ്ടതിന് നീ അവരുടെ മുഖത്തെ ലജ്ജാപൂർണമാക്കേണമേ.

17 അവർ എന്നേക്കും ലജ്ജിച്ചു ഭ്രമിക്കയും നാണിച്ചു നശിച്ചുപോകയും ചെയ്യട്ടെ.

18 അങ്ങനെ അവർ യഹോവ എന്നു നാമമുള്ള നീ മാത്രം സർവഭൂമിക്കും മീതെ അത്യുന്നതൻ എന്ന് അറിയും.

Malayalam OV Bible - സത്യവേദപുസ്തകം

© The Bible Society of India, 2016.

Used by permission. All rights reserved worldwide.

Bible Society of India
Lean sinn:



Sanasan