Biblia Todo Logo
Bìoball air-loidhne

- Sanasan -

സങ്കീർത്തനങ്ങൾ 81 - സത്യവേദപുസ്തകം OV Bible (BSI)


സംഗീതപ്രമാണിക്ക്; ഗഥ്യരാഗത്തിൽ; ആസാഫിന്റെ ഒരു സങ്കീർത്തനം.

1 നമ്മുടെ ബലമായ ദൈവത്തിന് ഘോഷിപ്പിൻ; യാക്കോബിന്റെ ദൈവത്തിന് ആർപ്പിടുവിൻ.

2 തപ്പും ഇമ്പമായുള്ള കിന്നരവും വീണയും എടുത്ത് സംഗീതം തുടങ്ങുവിൻ.

3 അമാവാസ്യയിലും നമ്മുടെ ഉത്സവദിവസമായ പൗർണമാസിയിലും കാഹളം ഊതുവിൻ.

4 ഇതു യിസ്രായേലിന് ഒരു ചട്ടവും യാക്കോബിൻ ദൈവത്തിന്റെ ഒരു പ്രമാണവും ആകുന്നു.

5 മിസ്രയീംദേശത്തിന്റെ നേരേ പുറപ്പെട്ടപ്പോൾ ദൈവം അതു യോസേഫിന് ഒരു സാക്ഷ്യമായി നിയമിച്ചു; അവിടെ ഞാൻ അറിയാത്ത ഒരു ഭാഷ കേട്ടു.

6 ഞാൻ അവന്റെ തോളിൽനിന്ന് ചുമടുനീക്കി; അവന്റെ കൈകൾ കുട്ട വിട്ടൊഴിഞ്ഞു.

7 കഷ്ടകാലത്തു നീ വിളിച്ചു, ഞാൻ നിന്നെ വിടുവിച്ചു; ഇടിമുഴക്കത്തിന്റെ മറവിൽനിന്നു ഞാൻ നിനക്ക് ഉത്തരമരുളി; മെരീബാവെള്ളത്തിങ്കൽ ഞാൻ നിന്നെ പരീക്ഷിച്ചു. സേലാ.

8 എന്റെ ജനമേ, കേൾക്ക, ഞാൻ നിന്നോടു സാക്ഷ്യം പറയും. യിസ്രായേലേ, നീ എന്റെ വാക്കു കേട്ടെങ്കിൽ കൊള്ളായിരുന്നു.

9 അന്യദൈവം നിനക്ക് ഉണ്ടാകരുത്; യാതൊരു അന്യദൈവത്തെയും നീ നമസ്കരിക്കരുത്.

10 മിസ്രയീംദേശത്തുനിന്നു നിന്നെ കൊണ്ടുവന്ന യഹോവയായ ഞാൻ നിന്റെ ദൈവം ആകുന്നു; നിന്റെ വായ് വിസ്താരത്തിൽ തുറക്ക; ഞാൻ അതിനെ നിറയ്ക്കും.

11 എന്നാൽ എന്റെ ജനം എന്റെ വാക്ക് കേട്ടനുസരിച്ചില്ല; യിസ്രായേൽ എന്നെ കൂട്ടാക്കിയതുമില്ല.

12 അതുകൊണ്ട് അവർ സ്വന്ത ആലോചന പ്രകാരം നടക്കേണ്ടതിന് ഞാൻ അവരെ ഹൃദയകാഠിന്യത്തിന് ഏല്പിച്ചുകളഞ്ഞു.

13 അയ്യോ എന്റെ ജനം എന്റെ വാക്കു കേൾക്കയും യിസ്രായേൽ എന്റെ വഴികളിൽ നടക്കയും ചെയ്തുവെങ്കിൽ കൊള്ളായിരുന്നു!

14 എന്നാൽ ഞാൻ വേഗത്തിൽ അവരുടെ ശത്രുക്കളെ കീഴടക്കുമായിരുന്നു; അവരുടെ വൈരികളുടെ നേരേ എന്റെ കൈ തിരിക്കുമായിരുന്നു.

15 യഹോവയെ പകയ്ക്കുന്നവർ അവന് കീഴടങ്ങുമായിരുന്നു; എന്നാൽ ഇവരുടെ ശുഭകാലം എന്നേക്കും നില്ക്കുമായിരുന്നു.

16 അവൻ മേത്തരമായ കോതമ്പുകൊണ്ട് അവരെ പോഷിപ്പിക്കുമായിരുന്നു; ഞാൻ പാറയിൽനിന്നുള്ള തേൻകൊണ്ട് നിനക്ക് തൃപ്തി വരുത്തുമായിരുന്നു.

Malayalam OV Bible - സത്യവേദപുസ്തകം

© The Bible Society of India, 2016.

Used by permission. All rights reserved worldwide.

Bible Society of India
Lean sinn:



Sanasan