Biblia Todo Logo
Bìoball air-loidhne

- Sanasan -

സങ്കീർത്തനങ്ങൾ 60 - സത്യവേദപുസ്തകം OV Bible (BSI)


സംഗീതപ്രമാണിക്ക്; സാക്ഷ്യസാരസം എന്ന രാഗത്തിൽ; അഭ്യസിപ്പിപ്പാനുള്ള ദാവീദിന്റെ ഒരു സ്വർണഗീതം. യോവാബ് മെസൊപ്പൊത്താമ്യയിലെ അരാമ്യരോടും സോബയിലെ അരാമ്യരോടും യുദ്ധം ചെയ്തു മടങ്ങിവന്നശേഷം ഉപ്പുതാഴ്‌വരയിൽ പന്തീരായിരം എദോമ്യരെ സംഹരിച്ചുകളഞ്ഞ സമയത്തു ചമച്ചത്.

1 ദൈവമേ, നീ ഞങ്ങളെ തള്ളിക്കളഞ്ഞു ചിതറിച്ചിരിക്കുന്നു; നീ കോപിച്ചിരിക്കുന്നു; ഞങ്ങളെ യഥാസ്ഥാനത്താക്കേണമേ.

2 നീ ദേശത്തെ നടുക്കി ഭിന്നിപ്പിച്ചിരിക്കുന്നു; അതു കുലുങ്ങുകയാൽ അതിന്റെ ഭിന്നങ്ങളെ നന്നാക്കേണമേ.

3 നീ നിന്റെ ജനത്തെ കാഠിന്യം അനുഭവിപ്പിച്ചു; പരിഭ്രമത്തിന്റെ വീഞ്ഞു നീ ഞങ്ങളെ കുടിപ്പിച്ചിരിക്കുന്നു.

4 സത്യംനിമിത്തം ഉയർത്തേണ്ടതിനു നീ നിന്റെ ഭക്തന്മാർക്ക് ഒരു കൊടി നല്കിയിരിക്കുന്നു. സേലാ.

5 നിനക്കു പ്രിയമുള്ളവർ വിടുവിക്കപ്പെടേണ്ടതിനു നിന്റെ വലംകൈകൊണ്ടു രക്ഷിച്ച് ഞങ്ങൾക്ക് ഉത്തരമരുളേണമേ.

6 ദൈവം തന്റെ വിശുദ്ധിയിൽ അരുളിച്ചെയ്തതുകൊണ്ട് ഞാൻ ആനന്ദിക്കും; ഞാൻ ശെഖേമിനെ വിഭാഗിച്ച് സുക്കോത്ത്താഴ്‌വരയെ അളക്കും.

7 ഗിലെയാദ് എനിക്കുള്ളത്; മനശ്ശെയും എനിക്കുള്ളത്; എഫ്രയീം എന്റെ തലക്കോരികയും യെഹൂദാ എന്റെ ചെങ്കോലും ആകുന്നു.

8 മോവാബ് എനിക്കു കഴുകുവാനുള്ള വട്ടക; എദോമിന്മേൽ ഞാൻ എന്റെ ചെരിപ്പ് എറിയും; ഫെലിസ്ത്യദേശമേ, നീ എന്റെ നിമിത്തം ജയഘോഷം കൊള്ളുക!

9 ഉറപ്പുള്ള നഗരത്തിലേക്ക് എന്നെ ആർ കൊണ്ടുപോകും? എദോമിലേക്ക് എന്നെ ആർ വഴിനടത്തും?

10 ദൈവമേ, നീ ഞങ്ങളെ തള്ളിക്കളഞ്ഞില്ലയോ? ദൈവമേ, നീ ഞങ്ങളുടെ സൈന്യങ്ങളോടുകൂടെ പുറപ്പെടുന്നതുമില്ല.

11 വൈരിയുടെ നേരേ ഞങ്ങൾക്കു സഹായം ചെയ്യേണമേ; മനുഷ്യന്റെ സഹായം വ്യർഥമല്ലോ.

12 ദൈവത്താൽ നാം വീര്യം പ്രവർത്തിക്കും; അവൻ തന്നെ നമ്മുടെ വൈരികളെ മെതിച്ചുകളയും.

Malayalam OV Bible - സത്യവേദപുസ്തകം

© The Bible Society of India, 2016.

Used by permission. All rights reserved worldwide.

Bible Society of India
Lean sinn:



Sanasan