Biblia Todo Logo
Bìoball air-loidhne

- Sanasan -

സദൃശവാക്യങ്ങൾ 26 - സത്യവേദപുസ്തകം OV Bible (BSI)

1 വേനൽക്കാലത്തു ഹിമവും കൊയ്ത്തുകാലത്തു മഴയും എന്നപോലെ ഭോഷനു ബഹുമാനം പൊരുത്തമല്ല.

2 കുരികിൽ പാറിപ്പോകുന്നതും മീവൽപ്പക്ഷി പറന്നുപോകുന്നതുംപോലെ കാരണം കൂടാതെ ശാപം പറ്റുകയില്ല.

3 കുതിരയ്ക്കു ചമ്മട്ടി, കഴുതയ്ക്കു കടിഞ്ഞാൺ, മൂഢന്മാരുടെ മുതുകിനു വടി.

4 നീയും മൂഢനെപ്പോലെ ആകാതിരിക്കേണ്ടതിന് അവന്റെ ഭോഷത്തംപോലെ അവനോട് ഉത്തരം പറയരുത്.

5 മൂഢനു താൻ ജ്ഞാനിയെന്നു തോന്നാതിരിക്കേണ്ടതിന് അവന്റെ ഭോഷത്തത്തിന് ഒത്തവണ്ണം അവനോട് ഉത്തരം പറക.

6 മൂഢന്റെ കൈവശം വർത്തമാനം അയയ്ക്കുന്നവൻ സ്വന്തകാൽ മുറിച്ചുകളകയും അന്യായം കുടിക്കയും ചെയ്യുന്നു.

7 മൂഢന്മാരുടെ വായിലെ സദൃശവാക്യം മുടന്തന്റെ കാൽ ഞാന്നുകിടക്കുന്നതു പോലെ

8 മൂഢനു ബഹുമാനം കൊടുക്കുന്നതു കവിണയിൽ കല്ലു കെട്ടി മുറുക്കുന്നതുപോലെ.

9 മൂഢന്മാരുടെ വായിലെ സദൃശവാക്യം മത്തന്റെ കൈയിലെ മുള്ളുപോലെ.

10 എല്ലാവരെയും മുറിവേല്പിക്കുന്ന വില്ലാളിയും മൂഢനെ കൂലിക്കു നിർത്തുന്നവനും കണ്ടവരെ കൂലിക്കു നിർത്തുന്നവനും ഒരുപോലെ.

11 നായ് ഛർദിച്ചതിലേക്കു വീണ്ടും തിരിയുന്നതും മൂഢൻ തന്റെ ഭോഷത്തം ആവർത്തിക്കുന്നതും ഒരുപോലെ.

12 തനിക്കുതന്നെ ജ്ഞാനിയെന്നു തോന്നുന്ന മനുഷ്യനെ നീ കാണുന്നുവോ? അവനെക്കുറിച്ചുള്ളതിനെക്കാളും മൂഢനെക്കുറിച്ച് അധികം പ്രത്യാശയുണ്ട്.

13 വഴിയിൽ കേസരി ഉണ്ട്, തെരുക്കളിൽ സിംഹം ഉണ്ട് എന്നിങ്ങനെ മടിയൻ പറയുന്നു.

14 കതക് ചുഴിക്കുറ്റിയിൽ എന്നപോലെ മടിയൻ തന്റെ കിടക്കയിൽ തിരിയുന്നു.

15 മടിയൻ തന്റെ കൈ തളികയിൽ പൂത്തുന്നു; വായിലേക്കു തിരികെ കൊണ്ടുവരുന്നത് അവനു പ്രയാസം.

16 ബുദ്ധിയോടെ പ്രതിവാദിപ്പാൻ പ്രാപ്തിയുള്ള ഏഴു പേരിലും താൻ ജ്ഞാനി എന്നു മടിയനു തോന്നുന്നു.

17 തന്നെ സംബന്ധിക്കാത്ത വഴക്കിൽ ഇടപെടുന്നവൻ വഴിയെ പോകുന്ന നായുടെ ചെവിക്കു പിടിക്കുന്നവനെപ്പോലെ.

18 കൂട്ടുകാരനെ വഞ്ചിച്ചിട്ട് അതു കളി എന്നു പറയുന്ന മനുഷ്യൻ

19 തീക്കൊള്ളികളും അമ്പുകളും മരണവും എറിയുന്ന ഭ്രാന്തനെപ്പോലെയാകുന്നു.

20 വിറക് ഇല്ലാഞ്ഞാൽ തീ കെട്ടുപോകും; നുണയൻ ഇല്ലാഞ്ഞാൽ വഴക്കും ഇല്ലാതെയാകും.

21 കരി കനലിനും വിറകു തീക്കും എന്നപോലെ വഴക്കുകാരൻ കലഹം ജ്വലിക്കുന്നതിനു കാരണം.

22 ഏഷണിക്കാരന്റെ വാക്ക് സ്വാദുഭോജനംപോലെ; അതു വയറ്റിന്റെ അറകളിലേക്കു ചെല്ലുന്നു.

23 സ്നേഹം ജ്വലിക്കുന്ന അധരവും ദുഷ്ടഹൃദയവും വെള്ളിക്കീടം പൊതിഞ്ഞ മൺകുടംപോലെയാകുന്നു.

24 പകയ്ക്കുന്നവൻ അധരംകൊണ്ടു വേഷം ധരിക്കുന്നു; ഉള്ളിലോ അവൻ ചതിവ് സംഗ്രഹിച്ചു വയ്ക്കുന്നു.

25 അവൻ ഇമ്പമായി സംസാരിക്കുമ്പോൾ അവനെ വിശ്വസിക്കരുത്; അവന്റെ ഹൃദയത്തിൽ ഏഴു വെറുപ്പ് ഉണ്ട്.

26 അവന്റെ പക കപടംകൊണ്ടു മറച്ചുവച്ചാലും അവന്റെ ദുഷ്ടത സഭയുടെ മുമ്പിൽ വെളിപ്പെട്ടുവരും.

27 കുഴി കുഴിക്കുന്നവൻ അതിൽ വീഴും; കല്ല് ഉരുട്ടുന്നവന്റെമേൽ അതു തിരിഞ്ഞുരുളും.

28 ഭോഷ്കു പറയുന്ന നാവ് അതിനാൽ തകർന്നവരെ ദ്വേഷിക്കുന്നു; മുഖസ്തുതി പറയുന്ന വായ് നാശം വരുത്തുന്നു.

Malayalam OV Bible - സത്യവേദപുസ്തകം

© The Bible Society of India, 2016.

Used by permission. All rights reserved worldwide.

Bible Society of India
Lean sinn:



Sanasan