Biblia Todo Logo
Bìoball air-loidhne

- Sanasan -

സംഖ്യാപുസ്തകം 1 - സത്യവേദപുസ്തകം OV Bible (BSI)

1 അവർ മിസ്രയീംദേശത്തുനിന്നു പുറപ്പെട്ടതിന്റെ രണ്ടാം സംവത്സരം രണ്ടാം മാസം ഒന്നാം തീയതി യഹോവ സീനായിമരുഭൂമിയിൽ സമാഗമനകൂടാരത്തിൽവച്ച് മോശെയോട് അരുളിച്ചെയ്തത് എന്തെന്നാൽ:

2 നിങ്ങൾ യിസ്രായേൽമക്കളിൽ ഗോത്രംഗോത്രമായും കുടുംബംകുടുംബമായും സകല പുരുഷന്മാരെയും ആളാംപ്രതി പേർവഴി ചാർത്തി സംഘത്തിന്റെ ആകത്തുക എടുക്കേണം.

3 നീയും അഹരോനും യിസ്രായേലിൽ ഇരുപതു വയസ്സുമുതൽ മേലോട്ട്, യുദ്ധത്തിനു പുറപ്പെടുവാൻ പ്രാപ്തിയുള്ള എല്ലാവരെയും ഗണംഗണമായി എണ്ണേണം.

4 ഓരോ ഗോത്രത്തിൽനിന്നു തന്റെ കുടുംബത്തിൽ തലവനായ ഒരുത്തൻ നിങ്ങളോടുകൂടെ ഉണ്ടായിരിക്കേണം.

5 നിങ്ങളോടുകൂടെ നില്ക്കേണ്ടുന്ന പുരുഷന്മാരുടെ പേരാവിത്: രൂബേൻഗോത്രത്തിൽ ശെദേയൂരിന്റെ മകൻ എലീസൂർ;

6 ശിമെയോൻഗോത്രത്തിൽ സൂരീശദ്ദായിയുടെ മകൻ ശെലൂമീയേൽ;

7 യെഹൂദാഗോത്രത്തിൽ അമ്മീനാദാബിന്റെ മകൻ നഹശോൻ;

8 യിസ്സാഖാർഗോത്രത്തിൽ സൂവാരിന്റെ മകൻ നെഥനയേൽ;

9 സെബൂലൂൻഗോത്രത്തിൽ ഹോലോന്റെ മകൻ എലീയാബ്;

10 യോസേഫിന്റെ മക്കളിൽ എഫ്രയീംഗോത്രത്തിൽ അമ്മീഹൂദിന്റെ മകൻ എലീശാമാ; മനശ്ശെഗോത്രത്തിൽ പെദാസൂരിന്റെ മകൻ ഗമലീയേൽ;

11 ബെന്യാമീൻഗോത്രത്തിൽ ഗിദെയോനിയുടെ മകൻ അബീദാൻ;

12 ദാൻഗോത്രത്തിൽ അമ്മീശദ്ദായിയുടെ മകൻ അഹീയേസെർ;

13 ആശേർഗോത്രത്തിൽ ഒക്രാന്റെ മകൻ പഗീയേൽ;

14 ഗാദ്ഗോത്രത്തിൽ ദെയൂവേലിന്റെ മകൻ എലീയാസാഫ്;

15 നഫ്താലിഗോത്രത്തിൽ ഏനാന്റെ മകൻ അഹീര.

16 ഇവർ സംഘത്തിൽനിന്നു വിളിക്കപ്പെട്ടവരും തങ്ങളുടെ പിതൃഗോത്രങ്ങളിൽ പ്രഭുക്കന്മാരും യിസ്രായേലിൽ സഹസ്രാധിപന്മാരും ആയിരുന്നു.

17 കുറിക്കപ്പെട്ട ഈ പുരുഷന്മാരെ മോശെയും അഹരോനും കൂട്ടിക്കൊണ്ടുപോയി.

18 രണ്ടാം മാസം ഒന്നാം തീയതി അവർ സർവസഭയെയും വിളിച്ചുകൂട്ടി; അവർ ഗോത്രംഗോത്രമായും കുടുംബംകുടുംബമായും ആളാംപ്രതി ഇരുപതു വയസ്സുമുതൽ മേലോട്ടു പേരുപേരായി താന്താങ്ങളുടെ വംശവിവരം അറിയിച്ചു.

19 യഹോവ മോശെയോടു കല്പിച്ചതുപോലെ അവൻ സീനായിമരുഭൂമിയിൽവച്ച് അവരുടെ എണ്ണമെടുത്തു.

20 യിസ്രായേലിന്റെ മൂത്തമകനായ രൂബേന്റെ മക്കളുടെ സന്തതികൾ കുലംകുലമായും കുടുംബംകുടുംബമായും ആളാംപ്രതി ഇരുപതു വയസ്സുമുതൽ മേലോട്ട്, യുദ്ധത്തിനു പ്രാപ്തിയുള്ള സകല പുരുഷന്മാരും പേരുപേരായി

21 രൂബേൻഗോത്രത്തിൽ എണ്ണപ്പെട്ടവർ നാല്പത്താറായിരത്തഞ്ഞൂറു പേർ.

22 ശിമെയോന്റെ മക്കളുടെ സന്തതികളിൽ കുലംകുലമായും കുടുംബംകുടുംബമായും ആളാംപ്രതി ഇരുപതു വയസ്സുമുതൽ മേലോട്ടു യുദ്ധത്തിനു പ്രാപ്തിയുള്ള സകല പുരുഷന്മാരും പേരുപേരായി

23 ശിമെയോൻഗോത്രത്തിൽ എണ്ണപ്പെട്ടവർ അമ്പത്തൊമ്പതിനായിരത്തിമുന്നൂറു പേർ.

24 ഗാദിന്റെ മക്കളുടെ സന്തതികളിൽ കുലംകുലമായും കുടുംബംകുടുംബമായും ഇരുപതു വയസ്സുമുതൽ മേലോട്ടു യുദ്ധത്തിനു പ്രാപ്തിയുള്ള സകല പുരുഷന്മാരും പേരുപേരായി

25 ഗാദ്ഗോത്രത്തിൽ എണ്ണപ്പെട്ടവർ നാല്പത്തയ്യായിരത്തറുനൂറ്റമ്പത് പേർ.

26 യെഹൂദായുടെ മക്കളുടെ സന്തതികളിൽ കുലംകുലമായും കുടുംബംകുടുംബമായും ഇരുപതു വയസ്സുമുതൽ മേലോട്ടു യുദ്ധത്തിനു പ്രാപ്തിയുള്ള സകല പുരുഷന്മാരും പേരുപേരായി

27 യെഹൂദാഗോത്രത്തിൽ എണ്ണപ്പെട്ടവർ എഴുപത്തിനാലായിരത്തറുനൂറ് പേർ.

28 യിസ്സാഖാരിന്റെ മക്കളുടെ സന്തതികളിൽ കുലംകുലമായും കുടുംബംകുടുംബമായും ഇരുപതു വയസ്സുമുതൽ മേലോട്ടു യുദ്ധത്തിനു പ്രാപ്തിയുള്ള സകല പുരുഷന്മാരും പേരുപേരായി

29 യിസ്സാഖാർഗോത്രത്തിൽ എണ്ണപ്പെട്ടവർ അമ്പത്തിനാലായിരത്തിനാനൂറു പേർ.

30 സെബൂലൂന്റെ മക്കളുടെ സന്തതികളിൽ കുലംകുലമായും കുടുംബംകുടുംബമായും ഇരുപതു വയസ്സുമുതൽ മേലോട്ടു യുദ്ധത്തിനു പ്രാപ്തിയുള്ള സകല പുരുഷന്മാരും പേരുപേരായി

31 സെബൂലൂൻഗോത്രത്തിൽ എണ്ണപ്പെട്ടവർ അമ്പത്തേഴായിരത്തിനാനൂറു പേർ.

32 യോസേഫിന്റെ മക്കളിൽ എഫ്രയീമിന്റെ മക്കളുടെ സന്തതികളിൽ കുലംകുലമായും കുടുംബംകുടുംബമായും ഇരുപതു വയസ്സുമുതൽ മേലോട്ടു യുദ്ധത്തിനു പ്രാപ്തിയുള്ള സകല പുരുഷന്മാരും പേരുപേരായി

33 എഫ്രയീംഗോത്രത്തിൽ എണ്ണപ്പെട്ടവർ നാല്പതിനായിരത്തഞ്ഞൂറു പേർ.

34 മനശ്ശെയുടെ മക്കളുടെ സന്തതികളിൽ കുലംകുലമായും കുടുംബംകുടുംബമായും ഇരുപതു വയസ്സുമുതൽ മേലോട്ടു യുദ്ധത്തിനു പ്രാപ്തിയുള്ള സകല പുരുഷന്മാരും പേരുപേരായി

35 മനശ്ശെഗോത്രത്തിൽ എണ്ണപ്പെട്ടവർ മുപ്പത്തീരായിരത്തി ഇരുനൂറു പേർ.

36 ബെന്യാമീന്റെ മക്കളുടെ സന്തതികളിൽ കുലംകുലമായും കുടുംബംകുടുംബമായും ഇരുപതു വയസ്സുമുതൽ മേലോട്ടു യുദ്ധത്തിനു പ്രാപ്തിയുള്ള സകല പുരുഷന്മാരും പേരുപേരായി

37 ബെന്യാമീൻഗോത്രത്തിൽ എണ്ണപ്പെട്ടവർ മുപ്പത്തയ്യായിരത്തിനാനൂറു പേർ.

38 ദാന്റെ മക്കളുടെ സന്തതികളിൽ കുലം കുലമായും കുടുംബംകുടുംബമായും ഇരുപതു വയസ്സുമുതൽ മേലോട്ടു യുദ്ധത്തിനു പ്രാപ്തിയുള്ള സകല പുരുഷന്മാരും പേരുപേരായി

39 ദാൻഗോത്രത്തിൽ എണ്ണപ്പെട്ടവർ അറുപത്തീരായിരത്തെഴുനൂറു പേർ.

40 ആശേരിന്റെ മക്കളുടെ സന്തതികളിൽ കുലംകുലമായും കുടുംബംകുടുംബമായും ഇരുപതു വയസ്സുമുതൽ മേലോട്ടു യുദ്ധത്തിനു പ്രാപ്തിയുള്ള സകല പുരുഷന്മാരും പേരുപേരായി

41 ആശേർഗോത്രത്തിൽ എണ്ണപ്പെട്ടവർ നാല്പത്തോരായിരത്തഞ്ഞൂറു പേർ.

42 നഫ്താലിയുടെ മക്കളുടെ സന്തതികളിൽ കുലംകുലമായും കുടുംബംകുടുംബമായും ഇരുപതു വയസ്സുമുതൽ മേലോട്ടു യുദ്ധത്തിനു പ്രാപ്തിയുള്ള സകല പുരുഷന്മാരും പേരുപേരായി

43 നഫ്താലിഗോത്രത്തിൽ എണ്ണപ്പെട്ടവർ അമ്പത്തിമൂവായിരത്തിനാനൂറു പേർ.

44 മോശെയും അഹരോനും ഗോത്രത്തിന് ഒരുവൻ വീതം യിസ്രായേൽപ്രഭുക്കന്മാരായ പന്ത്രണ്ടു പുരുഷന്മാരുംകൂടി എണ്ണമെടുത്തവർ ഇവർതന്നെ.

45 യിസ്രായേൽമക്കളിൽ ഗോത്രംഗോത്രമായി ഇരുപതു വയസ്സുമുതൽ മേലോട്ടു യുദ്ധത്തിനു പ്രാപ്തിയുള്ള സകല പുരുഷന്മാരുമായി

46 എണ്ണപ്പെട്ടവർ ആകെ ആറുലക്ഷത്തിമൂവായിരത്തഞ്ഞൂറ്റമ്പതു പേർ ആയിരുന്നു.

47 ഇവരുടെ കൂട്ടത്തിൽ ലേവ്യരെ പിതൃഗോത്രമായി എണ്ണിയില്ല.

48 ലേവിഗോത്രത്തെ മാത്രം എണ്ണരുത്;

49 യിസ്രായേൽമക്കളുടെ ഇടയിൽ അവരുടെ സംഖ്യ എടുക്കയും അരുത് എന്ന് യഹോവ മോശെയോടു കല്പിച്ചിരുന്നു.

50 ലേവ്യരെ സാക്ഷ്യനിവാസത്തിനും അതിന്റെ ഉപകരണങ്ങൾക്കും വസ്തുക്കൾക്കുമൊക്കെ വിചാരകന്മാരായി നിയമിക്കേണം; അവർ തിരുനിവാസവും അതിന്റെ ഉപകരണങ്ങളൊക്കെയും വഹിക്കേണം; അവർ അതിനു ശുശ്രൂഷ ചെയ്കയും തിരുനിവാസത്തിന്റെ ചുറ്റും പാളയമടിച്ചു പാർക്കയും വേണം.

51 തിരുനിവാസം പുറപ്പെടുമ്പോൾ ലേവ്യർ അത് അഴിച്ചെടുക്കേണം; തിരുനിവാസം അടിക്കുമ്പോൾ ലേവ്യർ അതു നിവിർത്തേണം; ഒരന്യൻ അടുത്തുവന്നാൽ മരണശിക്ഷ അനുഭവിക്കേണം.

52 യിസ്രായേൽമക്കൾ ഗണംഗണമായി ഓരോരുത്തൻ താന്താന്റെ പാളയത്തിലും ഓരോരുത്തൻ താന്താന്റെ കൊടിക്കരികെയും ഇങ്ങനെ കൂടാരം അടിക്കേണം.

53 എന്നാൽ യിസ്രായേൽമക്കളുടെ സംഘത്തിന്മേൽ ക്രോധം ഉണ്ടാകാതിരിക്കേണ്ടതിനു ലേവ്യർ സാക്ഷ്യനിവാസത്തിനു ചുറ്റും പാളയമിറങ്ങേണം; ലേവ്യർ സാക്ഷ്യനിവാസത്തിന്റെ കാര്യം നോക്കേണം

54 എന്ന് യഹോവ മോശെയോടു കല്പിച്ചതുപോലെ എല്ലാം യിസ്രായേൽമക്കൾ ചെയ്തു; അതുപോലെതന്നെ അവർ ചെയ്തു.

Malayalam OV Bible - സത്യവേദപുസ്തകം

© The Bible Society of India, 2016.

Used by permission. All rights reserved worldwide.

Bible Society of India
Lean sinn:



Sanasan