ഇയ്യോബ് 3 - സത്യവേദപുസ്തകം OV Bible (BSI)1 അനന്തരം ഇയ്യോബ് വായ് തുറന്നു തന്റെ ജന്മദിവസത്തെ ശപിച്ചു. 2 ഇയ്യോബ് പറഞ്ഞതെന്തെന്നാൽ: 3 ഞാൻ ജനിച്ച ദിവസവും ഒരു ആൺ ഉല്പാദിച്ചു എന്നു പറഞ്ഞ രാത്രിയും നശിച്ചുപോകട്ടെ. 4 ആ നാൾ ഇരുണ്ടുപോകട്ടെ; മേലിൽനിന്നു ദൈവം അതിനെ കടാക്ഷിക്കരുതേ; പ്രകാശം അതിന്മേൽ ശോഭിക്കയുമരുതേ. 5 ഇരുളും അന്ധതമസ്സും അതിനെ സ്വാധീനമാക്കട്ടെ; ഒരു മേഘം അതിന്മേൽ അമരട്ടെ; പകലിനെ ഇരുട്ടുന്നതൊക്കെയും അതിനെ പേടിപ്പിക്കട്ടെ. 6 ആ രാത്രിയെ കൂരിരുൾ പിടിക്കട്ടെ; അത് ആണ്ടിന്റെ നാളുകളുടെ കൂട്ടത്തിൽ സന്തോഷിക്കരുത്; മാസങ്ങളുടെ എണ്ണത്തിൽ വരികയും അരുത്. 7 അതേ, ആ രാത്രി മച്ചിയായിരിക്കട്ടെ; ഉല്ലാസഘോഷം അതിലുണ്ടാകരുത്. 8 മഹാസർപ്പത്തെ ഇളക്കുവാൻ സമർഥരായി ദിവസത്തെ ശപിക്കുന്നവർ അതിനെ ശപിക്കട്ടെ. 9 അതിന്റെ സന്ധ്യാനക്ഷത്രങ്ങൾ ഇരുണ്ടുപോകട്ടെ. അതു വെളിച്ചത്തിനു കാത്തിരുന്നു കിട്ടാതെ പോകട്ടെ; അത് ഉഷസ്സിന്റെ കണ്ണിമ ഒരിക്കലും കാണരുത്. 10 അത് എനിക്കു ഗർഭദ്വാരം അടച്ചില്ലല്ലോ; എന്റെ കണ്ണിനു കഷ്ടം മറച്ചില്ലല്ലോ. 11 ഞാൻ ഗർഭപാത്രത്തിൽവച്ചു മരിക്കാഞ്ഞതെന്ത്? ഉദരത്തിൽനിന്നു പുറപ്പെട്ടപ്പോൾത്തന്നെ പ്രാണൻ പോകാതിരുന്നതെന്ത്? 12 മുഴങ്കാൽ എന്നെ ഏറ്റുകൊണ്ടത് എന്തിന്? എനിക്കു കുടിപ്പാൻ മുല ഉണ്ടായിരുന്നതെന്തിന്? 13 ഞാൻ ഇപ്പോൾ കിടന്നു വിശ്രമിക്കുമായിരുന്നു; ഞാൻ ഉറങ്ങി വിശ്രാന്തി പ്രാപിക്കുമായിരുന്നു. 14 തങ്ങൾക്ക് ഏകാന്തനിവാസങ്ങൾ പണിത ഭൂരാജാക്കന്മാരോടും മന്ത്രിമാരോടും 15 അഥവാ, കനകസമ്പന്നരായി സ്വഭവനങ്ങൾ വെള്ളികൊണ്ടു നിറച്ചുവച്ച പ്രഭുക്കന്മാരോടുംകൂടെ തന്നെ. 16 അല്ലെങ്കിൽ, ഗർഭം അലസിപ്പോയിട്ടു കുഴിച്ചിട്ടുകളഞ്ഞ പിണ്ഡംപോലെയും വെളിച്ചം കണ്ടിട്ടില്ലാത്ത പിള്ളകളെപ്പോലെയും ഞാൻ ഇല്ലാതെ പോകുമായിരുന്നു. 17 അവിടെ ദുർജനം ഉപദ്രവിക്കാതെയിരിക്കുന്നു; അവിടെ ക്ഷീണിച്ചുപോയവർ വിശ്രമിക്കുന്നു. 18 അവിടെ ബദ്ധന്മാർ ഒരുപോലെ സുഖമായിരിക്കുന്നു; പീഡകന്റെ ശബ്ദം അവർ കേൾക്കാതിരിക്കുന്നു. 19 ചെറിയവനും വലിയവനും അവിടെ ഒരുപോലെ; ദാസനു യജമാനന്റെ കീഴിൽനിന്നു വിടുതൽ കിട്ടിയിരിക്കുന്നു. 20 അരിഷ്ടനു പ്രകാശവും ദുഃഖിതന്മാർക്കു ജീവനും കൊടുക്കുന്നതെന്തിന്? 21 അവർ മരണത്തിനായി കാത്തിരിക്കുന്നു, അതു വരുന്നില്ലതാനും; നിധിക്കായി ചെയ്യുന്നതിലുമധികം അവർ അതിനായി കുഴിക്കുന്നു. 22 അവർ ശവക്കുഴി കണ്ടാൽ സന്തോഷിച്ചു ഘോഷിച്ചുല്ലസിക്കും. 23 വഴി മറഞ്ഞിരിക്കുന്ന പുരുഷനും ദൈവം നിരോധിച്ചിരിക്കുന്നവനും ജീവനെ കൊടുക്കുന്നതെന്തിന്? 24 ഭക്ഷണത്തിനു മുമ്പേ എനിക്കു നെടുവീർപ്പുവരുന്നു; എന്റെ ഞരക്കം വെള്ളംപോലെ ഒഴുകുന്നു. 25 ഞാൻ പേടിച്ചതു തന്നേ എനിക്കു നേരിട്ടു; ഞാൻ ഭയപ്പെട്ടിരുന്നത് എനിക്കു ഭവിച്ചു. 26 ഞാൻ സ്വസ്ഥനായില്ല, വിശ്രമിച്ചില്ല, ആശ്വസിച്ചതുമില്ല; പിന്നെയും അതിവേദന എടുക്കുന്നു. |
Malayalam OV Bible - സത്യവേദപുസ്തകം
© The Bible Society of India, 2016.
Used by permission. All rights reserved worldwide.
Bible Society of India