യിരെമ്യാവ് 35 - സത്യവേദപുസ്തകം OV Bible (BSI)1 യോശീയാവിന്റെ മകനായി യെഹൂദാരാജാവായ യെഹോയാക്കീമിന്റെ കാലത്തു യിരെമ്യാവിനു യഹോവയിങ്കൽനിന്നുണ്ടായ അരുളപ്പാട് എന്തെന്നാൽ: 2 നീ രേഖാബ്യഗൃഹത്തിന്റെ അടുക്കൽ ചെന്ന് അവരോടു സംസാരിച്ച് അവരെ യഹോവയുടെ ആലയത്തിന്റെ ഒരു മുറിയിൽ കൊണ്ടുവന്ന് അവർക്കു വീഞ്ഞു കുടിപ്പാൻ കൊടുക്ക. 3 അങ്ങനെ ഞാൻ ഹബസിന്യാവിന്റെ മകനായ യിരെമ്യാവിന്റെ മകൻ യയസന്യാവെയും അവന്റെ സഹോദരന്മാരെയും അവന്റെ സകല പുത്രന്മാരെയും രേഖാബ്യഗൃഹം മുഴുവനെയും കൂട്ടി 4 യഹോവയുടെ ആലയത്തിൽ പ്രഭുക്കന്മാരുടെ മുറിക്കരികെ ശല്ലൂമിന്റെ മകനായ വാതിൽകാവല്ക്കാരൻ മയസേയാവിന്റെ മുറിക്കുമീതെ ഇഗ്ദല്യാവിന്റെ മകനും ദൈവപുരുഷനുമായ ഹാനാന്റെ പുത്രന്മാരുടെ മുറിയിൽ കൊണ്ടുവന്നു. 5 പിന്നെ ഞാൻ, രേഖാബ്യഗൃഹക്കാരുടെ മുമ്പിൽ വീഞ്ഞു നിറച്ച കുടങ്ങളും പാനപാത്രങ്ങളും വച്ച് അവരോട്: വീഞ്ഞു കുടിപ്പിൻ എന്നു പറഞ്ഞു. 6 അതിന് അവർ പറഞ്ഞത്: ഞങ്ങൾ വീഞ്ഞു കുടിക്കയില്ല; രേഖാബിന്റെ മകനായി ഞങ്ങളുടെ പിതാവായ യോനാദാബ് ഞങ്ങളോട്: നിങ്ങൾ ചെന്നു പാർക്കുന്ന ദേശത്തു ദീർഘായുസ്സോടെ ഇരിക്കേണ്ടതിനു 7 നിങ്ങളും നിങ്ങളുടെ മക്കളും ഒരിക്കലും വീഞ്ഞു കുടിക്കരുത്; വീടു പണിയരുത്; വിത്തു വിതയ്ക്കരുത്; മുന്തിരിത്തോട്ടം ഉണ്ടാക്കരുത്; ഈവക ഒന്നും നിങ്ങൾക്കുണ്ടാകയുമരുത്; നിങ്ങൾ ജീവപര്യന്തം കൂടാരങ്ങളിൽ പാർക്കേണം എന്നിങ്ങനെ കല്പിച്ചിരിക്കുന്നു. 8 അങ്ങനെ ഞങ്ങളും ഭാര്യമാരും പുത്രന്മാരും പുത്രിമാരും ഞങ്ങളുടെ ജീവകാലത്തൊരിക്കലും 9 വീഞ്ഞുകുടിക്കയോ പാർപ്പാൻ വീടു പണികയോ ചെയ്യാതെ രേഖാബിന്റെ മകനായി ഞങ്ങളുടെ പിതാവായ യോനാദാബ് ഞങ്ങളോടു കല്പിച്ച സകലത്തിലും അവന്റെ വാക്കു കേട്ടനുസരിച്ചു വരുന്നു; ഞങ്ങൾക്കു മുന്തിരിത്തോട്ടവും വയലും വിത്തും ഇല്ല. 10 ഞങ്ങൾ കൂടാരങ്ങളിൽ പാർത്തു, ഞങ്ങളുടെ പിതാവായ യോനാദാബ് ഞങ്ങളോടു കല്പിച്ചതുപോലെയൊക്കെയും അനുസരിച്ചു നടക്കുന്നു. 11 എന്നാൽ ബാബേൽരാജാവായ നെബൂഖദ്നേസർ ദേശത്തെ ആക്രമിച്ചപ്പോൾ ഞങ്ങൾ: വരുവിൻ കല്ദയരുടെ സൈന്യത്തിന്റെയും അരാമ്യരുടെ സൈന്യത്തിന്റെയും മുമ്പിൽനിന്നു നമുക്ക് യെരൂശലേമിലേക്കു പോയ്ക്കളയാം എന്നു പറഞ്ഞു; അങ്ങനെ ഞങ്ങൾ യെരൂശലേമിൽ പാർത്തുവരുന്നു 12 അപ്പോൾ യഹോവയുടെ അരുളപ്പാട് യിരെമ്യാവിനുണ്ടായതെന്തെന്നാൽ: 13 യിസ്രായേലിന്റെ ദൈവമായ സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: നീ ചെന്നു യെഹൂദാപുരുഷന്മാരോടും യെരൂശലേംനിവാസികളോടും പറയേണ്ടത്: എന്റെ വചനങ്ങളെ അനുസരിക്കേണ്ടതിനു നിങ്ങൾ പ്രബോധനം കൈക്കൊള്ളുന്നില്ലയോ? എന്നു യഹോവയുടെ അരുളപ്പാട്. 14 രേഖാബിന്റെ മകനായ യോനാദാബ് തന്റെ പുത്രന്മാരോടു വീഞ്ഞു കുടിക്കരുതെന്നു കല്പിച്ചത് അവർ നിവർത്തിക്കുന്നു; അവർ പിതാവിന്റെ കല്പന പ്രമാണിച്ച് ഇന്നുവരെ കുടിക്കാതെ ഇരിക്കുന്നു; എന്നാൽ ഞാൻ ഇടവിടാതെ നിങ്ങളോടു സംസാരിച്ചിട്ടും നിങ്ങൾ എന്നെ അനുസരിച്ചിട്ടില്ല. 15 നിങ്ങൾ ഓരോരുത്തൻ താന്താന്റെ ദുർമാർഗം വിട്ടുതിരിഞ്ഞു നിങ്ങളുടെ പ്രവൃത്തികളെ നന്നാക്കുവിൻ; അന്യദേവന്മാരോടു ചേർന്ന് അവരെ സേവിക്കരുത്; അപ്പോൾ ഞാൻ നിങ്ങൾക്കും നിങ്ങളുടെ പിതാക്കന്മാർക്കും തന്ന ദേശത്തു നിങ്ങൾ വസിക്കുമെന്നിങ്ങനെ പ്രവാചകന്മാരായ എന്റെ സകല ദാസന്മാരെയും ഞാൻ ഇടവിടാതെ നിങ്ങളുടെ അടുക്കൽ അയച്ചു പറയിച്ചിട്ടും നിങ്ങൾ ചെവി ചായിക്കയോ എന്റെ വാക്കു കേട്ടനുസരിക്കയോ ചെയ്തിട്ടില്ല. 16 രേഖാബിന്റെ മകനായ യോനാദാബിന്റെ പുത്രന്മാർ അവരുടെ പിതാവു കല്പിച്ച കല്പന പ്രമാണിച്ചിരിക്കുന്നു; ഈ ജനമോ, എന്റെ വാക്കു കേട്ടനുസരിച്ചിട്ടില്ല. 17 അതുകൊണ്ടു യിസ്രായേലിന്റെ ദൈവമായി സൈന്യങ്ങളുടെ ദൈവമായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ഞാൻ പറഞ്ഞിട്ടും അവർ കേൾക്കയോ വിളിച്ചിട്ടും അവർ ഉത്തരം പറകയോ ചെയ്യായ്കകൊണ്ടു, ഞാൻ യെഹൂദായുടെമേലും യെരൂശലേമിലെ സകല നിവാസികളുടെമേലും ഞാൻ അവർക്കു വിധിച്ചിരിക്കുന്ന അനർഥമൊക്കെയും വരുത്തും. 18 പിന്നെ യിരെമ്യാവ് രേഖാബ്യഗൃഹത്തോടു പറഞ്ഞത്: യിസ്രായേലിന്റെ ദൈവമായ സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: നിങ്ങൾ നിങ്ങളുടെ പിതാവായ യോനാദാബിന്റെ കല്പന പ്രമാണിച്ച് അവന്റെ ആജ്ഞയൊക്കെയും അനുസരിച്ച് അവൻ കല്പിച്ചതുപോലെയൊക്കെയും ചെയ്തിരിക്കകൊണ്ട്, 19 എന്റെ മുമ്പാകെ നില്പാൻ രേഖാബിന്റെ മകനായ യോനാദാബിന് ഒരു പുരുഷൻ ഒരിക്കലും ഇല്ലാതെ വരികയില്ല എന്നു യിസ്രായേലിന്റെ ദൈവമായ യഹോവ അരുളിച്ചെയ്യുന്നു. |
Malayalam OV Bible - സത്യവേദപുസ്തകം
© The Bible Society of India, 2016.
Used by permission. All rights reserved worldwide.
Bible Society of India