Biblia Todo Logo
Bìoball air-loidhne

- Sanasan -

ന്യായാധിപന്മാർ 14 - സത്യവേദപുസ്തകം OV Bible (BSI)

1 അനന്തരം ശിംശോൻ തിമ്നായിലേക്കു ചെന്ന് തിമ്നായിൽ ഒരു ഫെലിസ്ത്യകന്യകയെ കണ്ടു.

2 അവൻ വന്ന് തന്റെ അപ്പനെയും അമ്മയെയും അറിയിച്ചു: ഞാൻ തിമ്നായിൽ ഒരു ഫെലിസ്ത്യകന്യകയെ കണ്ടിരിക്കുന്നു; അവളെ എനിക്ക് ഭാര്യയായിട്ടെടുക്കേണം എന്നു പറഞ്ഞു.

3 അവന്റെ അപ്പനും അമ്മയും അവനോട്: അഗ്രചർമികളായ ഫെലിസ്ത്യരിൽനിന്ന് നീ ഒരു ഭാര്യയെ എടുപ്പാൻ പോകേണ്ടത് നിന്റെ സഹോദരന്മാരുടെ കന്യകമാരിലും നമ്മുടെ സകല ജനത്തിലും യാതൊരുത്തിയും ഇല്ലയോ എന്നു ചോദിച്ചതിന് ശിംശോൻ തന്റെ അപ്പനോട്: അവളെ എനിക്ക് എടുക്കേണം; അവളെ എനിക്ക് ബോധിച്ചിരിക്കുന്നു എന്നു പറഞ്ഞു.

4 ഇതു യഹോവയാൽ ഉണ്ടായത് എന്ന് അവന്റെ അപ്പനും അമ്മയും അറിഞ്ഞില്ല; അവൻ ഫെലിസ്ത്യരുടെ നേരേ അവസരം അന്വേഷിക്കയായിരുന്നു. ആ കാലത്ത് ഫെലിസ്ത്യരായിരുന്നു യിസ്രായേലിനെ വാണിരുന്നത്.

5 അങ്ങനെ ശിംശോനും അവന്റെ അപ്പനും അമ്മയും തിമ്നായിലേക്കു പോയി തിമ്നായ്ക്കരികെയുള്ള മുന്തിരിത്തോട്ടങ്ങളിൽ എത്തിയപ്പോൾ ഒരു ബാലസിംഹം അവന്റെ നേരേ അലറിവന്നു.

6 അപ്പോൾ യഹോവയുടെ ആത്മാവ് അവന്റെമേൽ വന്നു; കൈയിൽ ഒന്നും ഇല്ലാതിരിക്കെ അവൻ അതിനെ ഒരു ആട്ടിൻകുട്ടിയെപ്പോലെ കീറിക്കളഞ്ഞു; താൻ ചെയ്തത് അപ്പനോടും അമ്മയോടും പറഞ്ഞില്ല.

7 പിന്നെ അവൻ ചെന്ന് ആ സ്ത്രീയോടു സംസാരിച്ചു; അവളെ ശിംശോന് ബോധിച്ചു.

8 കുറെക്കാലം കഴിഞ്ഞശേഷം അവൻ അവളെ വിവാഹം കഴിപ്പാൻ തിരികെ പോകയിൽ സിംഹത്തിന്റെ ഉടൽ നോക്കേണ്ടതിന് മാറിച്ചെന്നു; സിംഹത്തിന്റെ ഉടലിനകത്ത് ഒരു തേനീച്ചക്കൂട്ടവും തേനും കണ്ടു.

9 അത് അവൻ കൈയിൽ എടുത്ത് തിന്നുംകൊണ്ടു നടന്നു, അപ്പന്റെയും അമ്മയുടെയും അടുക്കൽ ചെന്ന് അവർക്കും കൊടുത്തു അവരും തിന്നു; എന്നാൽ തേൻ ഒരു സിംഹത്തിന്റെ ഉടലിൽനിന്ന് എടുത്തു എന്ന് അവൻ അവരോടു പറഞ്ഞില്ല.

10 അങ്ങനെ അവന്റെ അപ്പൻ ആ സ്ത്രീയുടെ വീട്ടിൽ ചെന്നു; ശിംശോൻ അവിടെ ഒരു വിരുന്നുകഴിച്ചു; യൗവനക്കാർ അങ്ങനെ ചെയ്ക പതിവായിരുന്നു.

11 അവർ അവനെ കണ്ടപ്പോൾ അവനോടുകൂടെ ഇരിപ്പാൻ മുപ്പതു തോഴന്മാരെ കൊണ്ടുവന്നു.

12 ശിംശോൻ അവരോട്: ഞാൻ നിങ്ങളോട് ഒരു കടം പറയാം; വിരുന്നിന്റെ ഏഴു ദിവസത്തിനകം നിങ്ങൾ അതു വീട്ടിയാൽ ഞാൻ നിങ്ങൾക്കു മുപ്പത് ഉള്ളങ്കിയും മുപ്പതു വിശേഷവസ്ത്രവും തരാം.

13 വീട്ടുവാൻ നിങ്ങൾക്കു കഴിഞ്ഞില്ലെങ്കിലോ നിങ്ങൾ എനിക്ക് മുപ്പത് ഉള്ളങ്കിയും മുപ്പതു വിശേഷവസ്ത്രവും തരേണം എന്നു പറഞ്ഞു. അവർ അവനോട്: നിന്റെ കടം പറക; ഞങ്ങൾ കേൾക്കട്ടെ എന്നു പറഞ്ഞു.

14 അവൻ അവരോട്: ഭോക്താവിൽനിന്നു ഭോജനവും മല്ലനിൽനിന്നു മധുരവും പുറപ്പെട്ടു എന്നു പറഞ്ഞു. എന്നാൽ കടം വീട്ടുവാൻ മൂന്നു ദിവസത്തോളം അവർക്കു കഴിഞ്ഞില്ല.

15 ഏഴാം ദിവസത്തിലോ അവർ ശിംശോന്റെ ഭാര്യയോട്: ഞങ്ങൾക്കു പറഞ്ഞുതരുവാൻ തക്കവണ്ണം നിന്റെ ഭർത്താവിനെ വശീകരിക്ക; അല്ലെങ്കിൽ ഞങ്ങൾ നിന്നെയും നിന്റെ പിതൃഭവനത്തെയും തീവച്ചു ചുട്ടുകളയും; ഞങ്ങളുടെ വസ്തു കരസ്ഥമാക്കേണ്ടതിനോ നിങ്ങൾ ഞങ്ങളെ വിളിച്ചത് എന്നു പറഞ്ഞു.

16 ശിംശോന്റെ ഭാര്യ അവന്റെ മുമ്പിൽ കരഞ്ഞു; നീ എന്നെ സ്നേഹിക്കുന്നില്ല, എന്നെ ദ്വേഷിക്കുന്നു; എന്റെ അസ്മാദികളോട് ഒരു കടം പറഞ്ഞിട്ട് എനിക്ക് അതു പറഞ്ഞുതന്നില്ലല്ലോ എന്നു പറഞ്ഞു. അവൻ അവളോട്: എന്റെ അപ്പനും അമ്മയ്ക്കും ഞാൻ അതു പറഞ്ഞുകൊടുത്തിട്ടില്ല; പിന്നെ നിനക്കു പറഞ്ഞുതരുമോ എന്നു പറഞ്ഞു.

17 വിരുന്നിന്റെ ഏഴു ദിവസവും അവൾ അവന്റെ മുമ്പിൽ കരഞ്ഞുകൊണ്ടിരുന്നു; ഏഴാം ദിവസം അവൾ അവനെ അസഹ്യപ്പെടുത്തുകകൊണ്ട് അവൻ പറഞ്ഞുകൊടുത്തു; അവൾ തന്റെ അസ്മാദികൾക്കും കടം പറഞ്ഞുകൊടുത്തു.

18 ഏഴാം ദിവസം സൂര്യൻ അസ്തമിക്കും മുമ്പേ പട്ടണക്കാർ അവനോടു: തേനിനെക്കാൾ മധുരമുള്ളത് എന്ത്? സിംഹത്തെക്കാൾ ബലമുള്ളത് എന്ത്? എന്നു പറഞ്ഞു. അതിന് അവൻ അവരോട്: നിങ്ങൾ എന്റെ പശുക്കിടാവിനെ പൂട്ടി ഉഴുതില്ലെങ്കിൽ എന്റെ കടം വീട്ടുകയില്ലായിരുന്നു എന്നു പറഞ്ഞു.

19 പിന്നെ, യഹോവയുടെ ആത്മാവ് അവന്റെമേൽ വന്നു; അവൻ അസ്കലോനിലേക്കു ചെന്ന് മുപ്പതു പേരെ കൊന്ന് അവരുടെ ഉടുപ്പ് ഊരി കടം വീട്ടിയവർക്ക് വസ്ത്രം കൊടുത്തു. അവന്റെ കോപം ജ്വലിച്ചു; അവൻ തന്റെ അപ്പന്റെ വീട്ടിൽ പോയി.

20 ശിംശോന്റെ ഭാര്യ അവന്റെ കൂട്ടുകാരനായിരുന്ന തോഴനു ഭാര്യയായിത്തീർന്നു.

Malayalam OV Bible - സത്യവേദപുസ്തകം

© The Bible Society of India, 2016.

Used by permission. All rights reserved worldwide.

Bible Society of India
Lean sinn:



Sanasan