Biblia Todo Logo
Bìoball air-loidhne

- Sanasan -

ന്യായാധിപന്മാർ 12 - സത്യവേദപുസ്തകം OV Bible (BSI)

1 അനന്തരം എഫ്രയീമ്യർ ഒന്നിച്ചുകൂടി വടക്കോട്ടു ചെന്ന് യിഫ്താഹിനോട്: നീ അമ്മോന്യരോടു യുദ്ധം ചെയ്‍വാൻ പോയപ്പോൾ കൂടെപ്പോരേണ്ടതിന് ഞങ്ങളെ വിളിക്കാഞ്ഞത് എന്ത്? ഞങ്ങൾ നിന്നെ അകത്തിട്ട് വീട്ടിനു തീ വച്ച് ചുട്ടുകളയും എന്നു പറഞ്ഞു.

2 യിഫ്താഹ് അവരോട്: എനിക്കും എന്റെ ജനത്തിനും അമ്മോന്യരോടു വലിയ കലഹം ഉണ്ടായി; ഞാൻ നിങ്ങളെ വിളിച്ചപ്പോൾ നിങ്ങൾ അവരുടെ കൈയിൽനിന്ന് എന്നെ രക്ഷിച്ചില്ല.

3 നിങ്ങൾ എന്നെ രക്ഷിക്കയില്ലെന്നു കണ്ടപ്പോൾ ഞാൻ എന്റെ ജീവനെ ഉപേക്ഷിച്ചുംകൊണ്ട് അമ്മോന്യരുടെ നേരേ ചെന്നു; യഹോവ അവരെ എന്റെ കൈയിൽ ഏല്പിച്ചു. ഇങ്ങനെയിരിക്കെ നിങ്ങൾ എന്നോടു യുദ്ധം ചെയ്‍വാൻ ഇന്ന് എന്റെ നേരേ വരുന്നതെന്ത് എന്നു പറഞ്ഞു.

4 അനന്തരം യിഫ്താഹ് ഗിലെയാദ്യരെയൊക്കെയും വിളിച്ചുകൂട്ടി, എഫ്രയീമ്യരോട് യുദ്ധം ചെയ്ത് അവരെ തോല്പിച്ചു; ഗിലെയാദ്യരായ നിങ്ങൾ എഫ്രയീമിന്റെയും മനശ്ശെയുടെയും മധ്യേ എഫ്രയീമ്യ പലായിതന്മാർ ആകുന്നു എന്ന് എഫ്രയീമ്യർ പറകകൊണ്ടു ഗിലെയാദ്യർ അവരെ സംഹരിച്ചുകളഞ്ഞു.

5 ഗിലെയാദ്യർ എഫ്രയീംഭാഗത്തുള്ള യോർദ്ദാന്റെ കടവുകൾ പിടിച്ചു; എഫ്രയീമ്യ പലായിതന്മാരിൽ ഒരുത്തൻ: ഞാൻ അക്കരയ്ക്കു കടക്കട്ടെ എന്നു പറയുമ്പോൾ ഗിലെയാദ്യർ അവനോട്: നീ എഫ്രയീമ്യനോ എന്നു ചോദിക്കും; അല്ല, എന്ന് അവൻ പറഞ്ഞാൽ

6 അവർ അവനോടു ശിബ്ബോലെത്ത് എന്നു പറക എന്നു പറയും; അത് അവന് ശരിയായി ഉച്ചരിപ്പാൻ കഴിയായ്കകൊണ്ട് അവൻ സിബ്ബോലെത്ത് എന്നു പറയും. അപ്പോൾ അവർ അവനെ പിടിച്ച് യോർദ്ദാന്റെ കടവുകളിൽവച്ചു കൊല്ലും; അങ്ങനെ ആ കാലത്ത് എഫ്രയീമ്യരിൽ നാല്പത്തീരായിരം പേർ വീണു.

7 യിഫ്താഹ് യിസ്രായേലിന് ആറു സംവത്സരം ന്യായാധിപനായിരുന്നു; പിന്നെ ഗിലെയാദ്യനായ യിഫ്താഹ് മരിച്ചു, ഗിലെയാദ്യപട്ടണങ്ങളിൽ ഒന്നിൽ അവനെ അടക്കം ചെയ്തു.

8 അവന്റെശേഷം ബേത്‍ലഹേമ്യനായ ഇബ്സാൻ യിസ്രായേലിനു ന്യായാധിപനായിരുന്നു.

9 അവന് മുപ്പതു പുത്രന്മാർ ഉണ്ടായിരുന്നു; അവൻ മുപ്പതു പുത്രിമാരെ കെട്ടിച്ചയയ്ക്കയും തന്റെ പുത്രന്മാർക്ക് മുപ്പതു കന്യകമാരെ കൊണ്ടുവരികയും ചെയ്തു. അവൻ യിസ്രായേലിന് ഏഴു സംവത്സരം ന്യായാധിപനായിരുന്നു.

10 പിന്നെ ഇബ്സാൻ മരിച്ചു ബേത്‍ലഹേമിൽ അവനെ അടക്കംചെയ്തു.

11 അവന്റെശേഷം സെബൂലൂന്യനായ ഏലോൻ യിസ്രായേലിനു ന്യായാധിപനായി പത്തു സംവത്സരം യിസ്രായേലിൽ ന്യായപാലനം ചെയ്തു.

12 പിന്നെ സെബൂലൂന്യനായ ഏലോൻ മരിച്ചു; അവനെ സെബൂലൂൻനാട്ടിൽ അയ്യാലോനിൽ അടക്കം ചെയ്തു.

13 അവന്റെശേഷം ഹില്ലേലിന്റെ മകനായ അബ്‍ദോൻ എന്ന ഒരു പിരാഥോന്യൻ യിസ്രായേലിന് ന്യായാധിപനായിരുന്നു.

14 എഴുപതു കഴുതപ്പുറത്ത് കയറി ഓടിക്കുന്ന നാല്പതു പുത്രന്മാരും മുപ്പതു പൗത്രന്മാരും അവനുണ്ടായിരുന്നു; അവൻ യിസ്രായേലിന് എട്ടു സംവത്സരം ന്യായാധിപനായിരുന്നു;

15 പിന്നെ ഹില്ലേലിന്റെ മകനായ അബ്‍ദോൻ എന്ന പിരാഥോന്യൻ മരിച്ചു; അവനെ എഫ്രയീംദേശത്ത് അമാലേക്യരുടെ മലനാട്ടിലെ പിരാഥോനിൽ അടക്കം ചെയ്തു.

Malayalam OV Bible - സത്യവേദപുസ്തകം

© The Bible Society of India, 2016.

Used by permission. All rights reserved worldwide.

Bible Society of India
Lean sinn:



Sanasan