Biblia Todo Logo
Bìoball air-loidhne

- Sanasan -

യെശയ്യാവ് 24 - സത്യവേദപുസ്തകം OV Bible (BSI)

1 യഹോവ ഭൂമിയെ നിർജനവും ശൂന്യവും ആക്കി കീഴ്മേൽ മറിക്കയും അതിലെ നിവാസികളെ ചിതറിക്കയും ചെയ്യും.

2 ജനത്തിനും പുരോഹിതനും, ദാസനും യജമാനനും, ദാസിക്കും യജമാനത്തിക്കും, കൊള്ളുന്നവനും വില്ക്കുന്നവനും, കടം കൊടുക്കുന്നവനും കടം വാങ്ങുന്നവനും, പലിശ വാങ്ങുന്നവനും പലിശ കൊടുക്കുന്നവനും ഒരുപോലെ ഭവിക്കും.

3 ഭൂമി അശേഷം നിർജനമായും കവർച്ചയായും പോകും; യഹോവയല്ലോ ഈ വചനം അരുളിച്ചെയ്തിരിക്കുന്നത്.

4 ഭൂമി ദുഃഖിച്ചു വാടിപ്പോകുന്നു; ഭൂതലം ക്ഷയിച്ചു വാടിപ്പോകുന്നു; ഭൂമിയിലെ ഉന്നതന്മാർ ക്ഷീണിച്ചുപോകുന്നു.

5 ഭൂമി അതിലെ നിവാസികളാൽ മലിനമായിരിക്കുന്നു; അവർ പ്രമാണങ്ങളെ ലംഘിച്ചു ചട്ടത്തെ മറിച്ചു നിത്യനിയമത്തിനു ഭംഗം വരുത്തിയിരിക്കുന്നു.

6 അതുകൊണ്ടു ഭൂമി ശാപഗ്രസ്തമായി അതിൽ പാർക്കുന്നവർ ശിക്ഷ അനുഭവിക്കുന്നു; അതുകൊണ്ടു ഭൂവാസികൾ ദഹിച്ചുപോയി ചുരുക്കം പേർ മാത്രം ശേഷിച്ചിരിക്കുന്നു.

7 പുതുവീഞ്ഞു ദുഃഖിക്കുന്നു; മുന്തിരിവള്ളി വാടുന്നു; സന്തുഷ്ടമാനസന്മാരൊക്കെയും നെടുവീർപ്പിടുന്നു.

8 തപ്പുകളുടെ ആനന്ദം നിന്നുപോകുന്നു; ഉല്ലസിക്കുന്നവരുടെ ഘോഷം തീർന്നുപോകുന്നു; കിന്നരത്തിന്റെ ആനന്ദം ഇല്ലാതെയാകുന്നു.

9 അവർ പാട്ടു പാടിക്കൊണ്ടു വീഞ്ഞു കുടിക്കയില്ല; മദ്യം കുടിക്കുന്നവർക്ക് അതു കയ്പായിരിക്കും.

10 ശൂന്യപട്ടണം ഇടിഞ്ഞുകിടക്കുന്നു; ആർക്കും കടന്നുകൂടാതവണ്ണം എല്ലാ വീടും അടഞ്ഞുപോയിരിക്കുന്നു.

11 വീഞ്ഞില്ലായ്കയാൽ വീഥികളിൽ നിലവിളി കേൾക്കുന്നു; സന്തോഷമൊക്കെ ഇരുണ്ടിരിക്കുന്നു; ദേശത്തിലെ ആനന്ദം പൊയ്പോയിരിക്കുന്നു.

12 പട്ടണത്തിൽ ശൂന്യത മാത്രം ശേഷിച്ചിരിക്കുന്നു; വാതിൽ തകർന്നു നാശമായി കിടക്കുന്നു.

13 ഒലിവു തല്ലുംപോലെയും മുന്തിരിപ്പഴം പറിച്ചു തീർന്നിട്ടു കാലാ പെറുക്കുംപോലെയും ഭൂമിയുടെ മധ്യേ ജാതികളുടെ ഇടയിൽ സംഭവിക്കുന്നു.

14 അവർ ഉച്ചത്തിൽ ആർക്കും; യഹോവയുടെ മഹിമനിമിത്തം അവർ സമുദ്രത്തിൽനിന്ന് ഉറക്കെ ആർക്കും.

15 അതുകൊണ്ടു നിങ്ങൾ കിഴക്കു യഹോവയെയും സമുദ്രതീരങ്ങളിൽ യിസ്രായേലിന്റെ ദൈവമായ യഹോവയുടെ നാമത്തെയും മഹത്ത്വപ്പെടുത്തുവിൻ.

16 നീതിമാനു മഹത്ത്വം എന്നിങ്ങനെ ഭൂമിയുടെ അറ്റത്തുനിന്നു കീർത്തനം പാടുന്നതു ഞങ്ങൾ കേട്ടു; ഞാനോ: എനിക്കു ക്ഷയം, എനിക്കു ക്ഷയം, എനിക്ക് അയ്യോ കഷ്ടം! എന്നു പറഞ്ഞു. ദ്രോഹികൾ ദ്രോഹം ചെയ്തിരിക്കുന്നു; ദ്രോഹികൾ മഹാ ദ്രോഹം ചെയ്തിരിക്കുന്നു.

17 ഭൂവാസിയേ, പേടിയും കുഴിയും കെണിയും നിനക്കു നേരിട്ടിരിക്കുന്നു.

18 പേടി കേട്ട് ഓടിപ്പോകുന്നവൻ കുഴിയിൽ വീഴും; കുഴിയിൽനിന്നു കയറുന്നവൻ കെണിയിൽ അകപ്പെടും; ഉയരത്തിലെ കിളിവാതിലുകൾ തുറന്നിരിക്കുന്നു; ഭൂമിയുടെ അടിസ്ഥാനങ്ങൾ കുലുങ്ങുന്നു.

19 ഭൂമി പൊടുപൊടെ പൊട്ടുന്നു; ഭൂമി കിറുകിറെ കീറുന്നു; ഭൂമി കിടുകിട കിടുങ്ങുന്നു.

20 ഭൂമി മത്തനെപ്പോലെ ചാഞ്ചാടുന്നു; കാവൽമാടംപോലെ ആടുന്നു; അതിന്റെ അകൃത്യം അതിന്മേൽ ഭാരമായിരിക്കുന്നു; അതു വീഴും, എഴുന്നേല്ക്കയുമില്ല.

21 അന്നാളിൽ യഹോവ ഉയരത്തിൽ ഉന്നതന്മാരുടെ സൈന്യത്തെയും ഭൂമിയിൽ ഭൂപാലന്മാരെയും സന്ദർശിക്കും.

22 കുണ്ടറയിൽ വിലങ്ങുകാരെപ്പോലെ അവരെ ഒന്നിച്ചു കൂട്ടി കാരാഗൃഹത്തിൽ അടയ്ക്കയും ഏറിയനാൾ കഴിഞ്ഞിട്ട് അവരെ സന്ദർശിക്കയും ചെയ്യും.

23 സൈന്യങ്ങളുടെ യഹോവ സീയോൻപർവതത്തിലും യെരൂശലേമിലും വാഴുകയാലും അവന്റെ മൂപ്പന്മാരുടെ മുമ്പിൽ തേജസ്സുണ്ടാകയാലും ചന്ദ്രൻ നാണിക്കയും സൂര്യൻ ലജ്ജിക്കയും ചെയ്യും.

Malayalam OV Bible - സത്യവേദപുസ്തകം

© The Bible Society of India, 2016.

Used by permission. All rights reserved worldwide.

Bible Society of India
Lean sinn:



Sanasan