Biblia Todo Logo
Bìoball air-loidhne

- Sanasan -

എബ്രായർ 9 - സത്യവേദപുസ്തകം OV Bible (BSI)

1 എന്നാൽ ആദ്യനിയമത്തിനും ആരാധനയ്ക്കുള്ള ചട്ടങ്ങളും ലൗകികമായ വിശുദ്ധമന്ദിരവും ഉണ്ടായിരുന്നു.

2 ഒരു കൂടാരം ചമച്ചു; അതിന്റെ ആദ്യഭാഗത്തു നിലവിളക്കും മേശയും കാഴ്ചയപ്പവും ഉണ്ടായിരുന്നു. അതിനു വിശുദ്ധസ്ഥലം എന്നു പേർ.

3 രണ്ടാം തിരശ്ശീലയ്ക്കു പിന്നിലോ അതിവിശുദ്ധം എന്ന കൂടാരം ഉണ്ടായിരുന്നു.

4 അതിൽ പൊന്നുകൊണ്ടുള്ള ധൂപകലശവും മുഴുവനും പൊന്നു പൊതിഞ്ഞ നിയമപെട്ടകവും അതിനകത്തു മന്ന ഇട്ടുവച്ച പൊൻപാത്രവും അഹരോന്റെ തളിർത്ത വടിയും നിയമത്തിന്റെ കല്പലകകളും

5 അതിനു മീതെ കൃപാസനത്തെ മൂടുന്ന തേജസ്സിന്റെ കെരൂബുകളും ഉണ്ടായിരുന്നു. അത് ഇപ്പോൾ ഓരോന്നായി വിവരിപ്പാൻ കഴിവില്ല.

6 ഇവ ഇങ്ങനെ തീർന്നശേഷം പുരോഹിതന്മാർ നിത്യം മുൻകൂടാരത്തിൽ ചെന്നു ശുശ്രൂഷ കഴിക്കും.

7 രണ്ടാമത്തേതിലോ ആണ്ടിൽ ഒരിക്കൽ മഹാപുരോഹിതൻ മാത്രം ചെല്ലും; രക്തം കൂടാതെ അല്ല; അത് അവൻ തന്റെയും ജനത്തിന്റെയും അബദ്ധങ്ങൾക്കുവേണ്ടി അർപ്പിക്കും.

8 മുൻകൂടാരം നില്ക്കുന്നേടത്തോളം വിശുദ്ധമന്ദിരത്തിലേക്കുള്ള വഴി വെളിപ്പെട്ടില്ല എന്ന് പരിശുദ്ധാത്മാവ് ഇതിനാൽ സൂചിപ്പിക്കുന്നു.

9 ആ കൂടാരം ഈ കാലത്തേക്ക് ഒരു സാദൃശ്യമത്രേ. അതിന് ഒത്തവണ്ണം ആരാധനക്കാരനു മനസ്സാക്ഷിയിൽ പൂർണസമാധാനം വരുത്തുവാൻ കഴിയാത്ത വഴിപാടും യാഗവും അർപ്പിച്ചുപോരുന്നു.

10 അവ ഭക്ഷ്യങ്ങൾ, പാനീയങ്ങൾ, വിവിധ സ്നാനങ്ങൾ എന്നിവയോടുകൂടെ ഗുണീകരണകാലത്തോളം ചുമത്തിയിരുന്ന ജഡികനിയമങ്ങളത്രേ.

11 ക്രിസ്തുവോ വരുവാനുള്ള നന്മകളുടെ മഹാപുരോഹിതനായി വന്നിട്ട്: കൈപ്പണിയല്ലാത്തതായി എന്നുവച്ചാൽ ഈ സൃഷ്ടിയിൽ ഉൾപ്പെടാത്തതായി വലിപ്പവും തികവുമേറിയ ഒരു കൂടാരത്തിൽക്കൂടി

12 ആട്ടുകൊറ്റന്മാരുടെയും പശുക്കിടാക്കളുടെയും രക്തത്താലല്ല, സ്വന്തരക്തത്താൽ തന്നെ ഒരിക്കലായിട്ടു വിശുദ്ധമന്ദിരത്തിൽ പ്രവേശിച്ച് എന്നേക്കുമുള്ളോരു വീണ്ടെടുപ്പു സാധിപ്പിച്ചു.

13 ആട്ടുകൊറ്റന്മാരുടെയും കാളകളുടെയും രക്തവും മലിനപ്പെട്ടവരുടെമേൽ തളിക്കുന്ന പശു ഭസ്മവും ജഡികശുദ്ധി വരുത്തുന്നു എങ്കിൽ

14 നിത്യാത്മാവിനാൽ ദൈവത്തിനു തന്നെത്താൻ നിഷ്കളങ്കനായി അർപ്പിച്ച ക്രിസ്തുവിന്റെ രക്തം ജീവനുള്ള ദൈവത്തെ ആരാധിപ്പാൻ നിങ്ങളുടെ മനസ്സാക്ഷിയെ നിർജീവപ്രവൃത്തികളെ പോക്കി എത്ര അധികം ശുദ്ധീകരിക്കും?

15 അതുനിമിത്തം ആദ്യനിയമത്തിലെ ലംഘനങ്ങളിൽനിന്നുള്ള വീണ്ടെടുപ്പിനായി ഒരു മരണം ഉണ്ടായിട്ട് നിത്യാവകാശത്തിന്റെ വാഗ്ദത്തം വിളിക്കപ്പെട്ടവർക്ക് ലഭിക്കേണ്ടതിന് അവൻ പുതിയനിയമത്തിന്റെ മധ്യസ്ഥൻ ആകുന്നു.

16 നിയമം ഉള്ളേടത്തു നിയമകർത്താവിന്റെ മരണം തെളിവാൻ ആവശ്യം.

17 മരിച്ചശേഷമല്ലോ നിയമം സ്ഥിരമാകുന്നത്; നിയമകർത്താവിന്റെ ജീവകാലത്തോളം അതിന് ഉറപ്പില്ല.

18 അതുകൊണ്ട് ആദ്യനിയമവും രക്തം കൂടാതെ പ്രതിഷ്ഠിച്ചതല്ല.

19 മോശെ ന്യായപ്രമാണപ്രകാരം കല്പനയൊക്കെയും സകല ജനത്തോടും പ്രസ്താവിച്ചശേഷം പശുക്കിടാക്കളുടെയും ആട്ടുകൊറ്റന്മാരുടെയും രക്തത്തെ വെള്ളവും ചുവന്ന ആട്ടുരോമവും ഈസോപ്പുമായി എടുത്തു പുസ്തകത്തിന്മേലും സകല ജനത്തിന്മേലും തളിച്ചു:

20 “ഇത് ദൈവം നിങ്ങളോടു കല്പിച്ച നിയമത്തിന്റെ രക്തം” എന്നു പറഞ്ഞു.

21 അങ്ങനെ തന്നെ അവൻ കൂടാരത്തിന്മേലും ആരാധനയ്ക്കുള്ള ഉപകരണങ്ങളിന്മേലും എല്ലാം രക്തം തളിച്ചു.

22 ന്യായപ്രമാണപ്രകാരം ഏകദേശം സകലവും രക്തത്താൽ ശുദ്ധീകരിക്കപ്പെടുന്നു; രക്തം ചൊരിഞ്ഞിട്ടല്ലാതെ വിമോചനമില്ല.

23 ആകയാൽ സ്വർഗത്തിലുള്ളവയുടെ പ്രതിബിംബങ്ങളെ ഈ വകയാൽ ശുദ്ധമാക്കുന്നത് ആവശ്യം. സ്വർഗീയമായവയ്ക്കോ ഇവയെക്കാൾ നല്ല യാഗങ്ങൾ ആവശ്യം.

24 ക്രിസ്തു വാസ്തവമായതിന്റെ പ്രതിബിംബമായി കൈപ്പണിയായ വിശുദ്ധമന്ദിരത്തിലേക്കല്ല, ഇപ്പോൾ നമുക്കുവേണ്ടി ദൈവസന്നിധിയിൽ പ്രത്യക്ഷനാവാൻ സ്വർഗത്തിലേക്കത്രേ പ്രവേശിച്ചത്.

25 മഹാപുരോഹിതൻ ആണ്ടുതോറും അന്യ രക്തത്തോടുകൂടെ വിശുദ്ധമന്ദിരത്തിൽ പ്രവേശിക്കുന്നതുപോലെ അവൻ തന്നെത്താൻ കൂടെക്കൂടെ അർപ്പിപ്പാൻ ആവശ്യമില്ല.

26 അങ്ങനെയായാൽ ലോകസ്ഥാപനം മുതൽക്ക് അവൻ പലപ്പോഴും കഷ്ടമനുഭവിക്കേണ്ടിയിരുന്നു. എന്നാൽ അവൻ ലോകാവസാനത്തിൽ സ്വന്തയാഗംകൊണ്ടു പാപപരിഹാരം വരുത്തുവാൻ ഒരിക്കൽ പ്രത്യക്ഷനായി.

27 ഒരിക്കൽ മരിക്കയും പിന്നെ ന്യായവിധിയും മനുഷ്യർക്കു നിയമിച്ചിരിക്കയാൽ

28 ക്രിസ്തുവും അങ്ങനെതന്നെ അനേകരുടെ പാപങ്ങളെ ചുമപ്പാൻ ഒരിക്കൽ അർപ്പിക്കപ്പെട്ടു തനിക്കായി കാത്തുനില്ക്കുന്നവരുടെ രക്ഷയ്ക്കായി അവൻ പാപം കൂടാതെ രണ്ടാമതു പ്രത്യക്ഷനാകും.

Malayalam OV Bible - സത്യവേദപുസ്തകം

© The Bible Society of India, 2016.

Used by permission. All rights reserved worldwide.

Bible Society of India
Lean sinn:



Sanasan