യെഹെസ്കേൽ 5 - സത്യവേദപുസ്തകം OV Bible (BSI)1 മനുഷ്യപുത്രാ, നീ മൂർച്ചയുള്ളോരു വാൾ എടുത്തു ക്ഷൗരക്കത്തിയായി പ്രയോഗിച്ച് നിന്റെ തലയും താടിയും ക്ഷൗരം ചെയ്ക; പിന്നെ തുലാസ്സ് എടുത്തു രോമം തൂക്കി വിഭാഗിക്ക. 2 നിരോധകാലം തികയുമ്പോൾ മൂന്നിൽ ഒന്ന് നീ നഗരത്തിന്റെ നടുവിൽ തീയിൽ ഇട്ടു ചുട്ടുകളയേണം; മൂന്നിൽ ഒന്ന് എടുത്ത് അതിന്റെ ചുറ്റും വാൾകൊണ്ട് അടിക്കേണം; മൂന്നിൽ ഒന്ന് കാറ്റത്തു ചിതറിച്ചുകളയേണം; അവയുടെ പിന്നാലെ ഞാൻ വാളൂരും. 3 അതിൽനിന്നു കുറഞ്ഞോരു സംഖ്യ നീ എടുത്തു നിന്റെ വസ്ത്രത്തിന്റെ കോന്തലയ്ക്കൽ കെട്ടേണം. 4 ഇതിൽനിന്നു പിന്നെയും നീ അല്പം എടുത്തു തീയിൽ ഇട്ടു ചുട്ടുകളയേണം; അതിൽനിന്ന് യിസ്രായേൽഗൃഹത്തിലേക്കെല്ലാം ഒരു തീ പുറപ്പെടും. 5 യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: ഇതു യെരൂശലേം ആകുന്നു; ഞാൻ അതിനെ ജാതികളുടെ മധ്യേ വച്ചിരിക്കുന്നു; അതിനു ചുറ്റും രാജ്യങ്ങൾ ഉണ്ട്. 6 അതു ദുഷ്പ്രവൃത്തിയിൽ ജാതികളെക്കാൾ എന്റെ ന്യായങ്ങളോടും, ചുറ്റുമുള്ള രാജ്യങ്ങളെക്കാൾ എന്റെ ചട്ടങ്ങളോടും മത്സരിച്ചിരിക്കുന്നു; എന്റെ ന്യായങ്ങളെ അവർ തള്ളിക്കളഞ്ഞു; എന്റെ ചട്ടങ്ങളെ അവർ അനുസരിച്ചു നടന്നിട്ടുമില്ല. 7 അതുകൊണ്ട് യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: നിങ്ങൾ നിങ്ങളുടെ ചുറ്റുമുള്ള ജാതികളെക്കാൾ അധികം മത്സരിച്ച്, എന്റെ ചട്ടങ്ങളെ അനുസരിച്ചു നടക്കാതെയും എന്റെ ന്യായങ്ങളെ പ്രമാണിക്കാതെയും ചുറ്റുമുള്ള ജാതികളുടെ ന്യായങ്ങളെപ്പോലും ആചരിക്കാതെയും ഇരിക്കകൊണ്ട് 8 യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: ഇതാ, ഞാൻതന്നെ നിനക്കു വിരോധമായിരിക്കുന്നു; ജാതികൾ കാൺകെ ഞാൻ നിന്റെ നടുവിൽ ന്യായവിധികളെ നടത്തും. 9 ഞാൻ ചെയ്തിട്ടില്ലാത്തതും മേലാൽ ഒരിക്കലും ചെയ്യാത്തതും ആയ കാര്യം നിന്റെ സകല മ്ലേച്ഛതകളും നിമിത്തം ഞാൻ നിന്നിൽ പ്രവർത്തിക്കും. 10 ആകയാൽ നിന്റെ മധ്യേ അപ്പന്മാർ മക്കളെ തിന്നും; മക്കൾ അപ്പന്മാരെയും തിന്നും; ഞാൻ നിന്നിൽ ന്യായവിധി നടത്തും; നിന്നിലുള്ള ശേഷിപ്പിനെയൊക്കെയും ഞാൻ എല്ലാ കാറ്റുകളിലേക്കും ചിതറിച്ചുകളയും. 11 അതുകൊണ്ടു യഹോവയായ കർത്താവ് അരുളിച്ചെയ്യുന്നത്: നിന്റെ എല്ലാ വെറുപ്പുകളാലും സകല മ്ലേച്ഛതകളാലും എന്റെ വിശുദ്ധമന്ദിരത്തെ നീ അശുദ്ധമാക്കിയതുകൊണ്ട്, എന്നാണ, ഞാനും നിന്നെ ആദരിയാതെ എന്റെ കടാക്ഷം നിങ്കൽനിന്നു മാറ്റിക്കളയും; ഞാൻ കരുണ കാണിക്കയുമില്ല. 12 നിന്നിൽ മൂന്നിൽ ഒന്ന് മഹാമാരികൊണ്ടു മരിക്കും; ക്ഷാമംകൊണ്ടും അവർ നിന്റെ നടുവിൽ മുടിഞ്ഞുപോകും; മൂന്നിൽ ഒന്നു നിന്റെ ചുറ്റും വാൾകൊണ്ടു വീഴും; മൂന്നിൽ ഒന്ന് ഞാൻ എല്ലാ കാറ്റുകളിലേക്കും ചിതറിച്ചുകളകയും അവരുടെ പിന്നാലെ വാളൂരുകയും ചെയ്യും. 13 അങ്ങനെ എന്റെ കോപത്തിനു നിവൃത്തിവരും; ഞാൻ അവരോട് എന്റെ ക്രോധം തീർത്തു തൃപ്തനാകും; എന്റെ ക്രോധം അവരിൽ നിവർത്തിക്കുമ്പോൾ യഹോവയായ ഞാൻ എന്റെ തീക്ഷ്ണതയിൽ അതിനെ അരുളിച്ചെയ്തു എന്ന് അവർ അറിയും. 14 വഴി പോകുന്നവരൊക്കെയും കാൺകെ ഞാൻ നിന്നെ നിന്റെ ചുറ്റുമുള്ള ജാതികളുടെ ഇടയിൽ ശൂന്യവും നിന്ദയുമാക്കും. 15 ഞാൻ കോപത്തോടും ക്രോധത്തോടും കഠിനശിക്ഷകളോടുംകൂടെ നിന്നിൽ ന്യായവിധി നടത്തുമ്പോൾ നീ നിന്റെ ചുറ്റുമുള്ള ജാതികൾക്കു നിന്ദയും ആക്ഷേപവും ബുദ്ധിയുപദേശവും സ്തംഭനഹേതുവും ആയിരിക്കും; യഹോവയായ ഞാൻ അരുളിച്ചെയ്തിരിക്കുന്നു. 16 നിങ്ങളെ നശിപ്പിക്കേണ്ടതിന് ക്ഷാമം എന്ന നാശകരമായ ദുരസ്ത്രങ്ങൾ ഞാൻ എയ്യുമ്പോൾ, നിങ്ങൾക്ക് ക്ഷാമം വർധിപ്പിച്ച് നിങ്ങളുടെ അപ്പം എന്ന കോൽ ഒടിച്ചുകളയും. 17 നിന്നെ മക്കളില്ലാതെയാക്കേണ്ടതിന് ഞാൻ ക്ഷാമത്തെയും ദുഷ്ടമൃഗങ്ങളെയും നിങ്ങളുടെ ഇടയിൽ അയയ്ക്കും; മഹാമാരിയും കൊലയും നിന്നിൽ കടക്കും; ഞാൻ വാളും നിന്റെ നേരേ വരുത്തും; യഹോവയായ ഞാൻ അരുളിച്ചെയ്തിരിക്കുന്നു. |
Malayalam OV Bible - സത്യവേദപുസ്തകം
© The Bible Society of India, 2016.
Used by permission. All rights reserved worldwide.
Bible Society of India