Biblia Todo Logo
Bìoball air-loidhne

- Sanasan -

പുറപ്പാട് 5 - സത്യവേദപുസ്തകം OV Bible (BSI)

1 അതിന്റെശേഷം മോശെയും അഹരോനും ചെന്നു ഫറവോനോട്: മരുഭൂമിയിൽ എനിക്ക് ഉത്സവം കഴിക്കേണ്ടതിന് എന്റെ ജനത്തെ വിട്ടയക്കേണം എന്നിപ്രകാരം യിസ്രായേലിന്റെ ദൈവമായ യഹോവ കല്പിക്കുന്നു എന്നു പറഞ്ഞു.

2 അതിനു ഫറവോൻ: യിസ്രായേലിനെ വിട്ടയപ്പാൻ തക്കവണ്ണം ഞാൻ യഹോവയുടെ വാക്ക് കേൾക്കേണ്ടതിന് അവൻ ആർ? ഞാൻ യഹോവയെ അറികയില്ല; ഞാൻ യിസ്രായേലിനെ വിട്ടയയ്ക്കയും ഇല്ല എന്നു പറഞ്ഞു.

3 അതിന് അവർ: എബ്രായരുടെ ദൈവം ഞങ്ങൾക്കു പ്രത്യക്ഷനായി വന്നിരിക്കുന്നു; അവൻ മഹാമാരിയാലോ വാളാലോ ഞങ്ങളെ ദണ്ഡിപ്പിക്കാതിരിക്കേണ്ടതിനു ഞങ്ങൾ മൂന്നു ദിവസത്തെ വഴി മരുഭൂമിയിൽ പോയി, ഞങ്ങളുടെ ദൈവമായ യഹോവയ്ക്കു യാഗം കഴിക്കട്ടെ എന്നു പറഞ്ഞു.

4 മിസ്രയീംരാജാവ് അവരോട്: മോശേ, അഹരോനേ, നിങ്ങൾ ജനങ്ങളെ വേല മിനക്കെടുത്തുന്നത് എന്ത്? നിങ്ങളുടെ ഊഴിയവേലയ്ക്കു പോകുവിൻ എന്നു പറഞ്ഞു.

5 ദേശത്തു ജനം ഇപ്പോൾ വളരെ ആകുന്നു; നിങ്ങൾ അവരെ അവരുടെ ഊഴിയവേല മിനക്കെടുത്തുന്നു എന്നും ഫറവോൻ പറഞ്ഞു.

6 അന്നു ഫറവോൻ ജനത്തിന്റെ ഊഴിയവിചാരകന്മാരോടും പ്രമാണികളോടും കല്പിച്ചത് എന്തെന്നാൽ:

7 ഇഷ്ടക ഉണ്ടാക്കുവാൻ ജനത്തിനു മുമ്പിലത്തെപ്പോലെ ഇനി വയ്ക്കോൽ കൊടുക്കരുത്; അവർ തന്നെ പോയി വയ്ക്കോൽ ശേഖരിക്കട്ടെ.

8 എങ്കിലും ഇഷ്ടകയുടെ കണക്കു മുമ്പിലത്തെപ്പോലെതന്നെ അവരുടെമേൽ ചുമത്തേണം; ഒട്ടും കുറയ്ക്കരുത്. അവർ മടിയന്മാർ; അതുകൊണ്ടാകുന്നു: ഞങ്ങൾ പോയി ഞങ്ങളുടെ ദൈവത്തിനു യാഗം കഴിക്കട്ടെ എന്നു നിലവിളിക്കുന്നത്.

9 അവരുടെ വേല അതിഭാരമായിരിക്കട്ടെ; അവർ അതിൽ കഷ്ടപ്പെടട്ടെ; അവർ വ്യാജവാക്കുകൾ കേൾക്കരുത്.

10 അങ്ങനെ ജനത്തിന്റെ ഊഴിയവിചാരകന്മാരും പ്രമാണികളും ചെന്നു ജനത്തോട്: നിങ്ങൾക്കു വയ്ക്കോൽ തരികയില്ല;

11 നിങ്ങൾതന്നെ പോയി കിട്ടുന്നേടത്തുനിന്നു വയ്ക്കോൽ ശേഖരിപ്പിൻ; എങ്കിലും നിങ്ങളുടെ വേലയിൽ ഒട്ടും കുറയ്ക്കയില്ല എന്നു ഫറവോൻ കല്പിക്കുന്നു എന്നു പറഞ്ഞു.

12 അങ്ങനെ ജനം വയ്ക്കോലിനു പകരം താളടി ശേഖരിപ്പാൻ മിസ്രയീംദേശത്ത് എല്ലാടവും ചിതറി നടന്നു.

13 ഊഴിയവിചാരകന്മാർ അവരെ ഹേമിച്ചു: വയ്ക്കോൽ കിട്ടിവന്നപ്പോൾ ഉള്ളതിനു ശരിയായി നിങ്ങളുടെ നിത്യവേല ദിവസവും തികക്കേണം എന്നു പറഞ്ഞു.

14 ഫറവോന്റെ ഊഴിയവിചാരകന്മാർ യിസ്രായേൽമക്കളുടെമേൽ ആക്കിയിരുന്ന പ്രമാണികളെ അടിച്ചു: നിങ്ങൾ ഇന്നലെയും ഇന്നും മുമ്പിലത്തെപ്പോലെ ഇഷ്ടക തികയ്ക്കാഞ്ഞതെന്ത് എന്നു ചോദിച്ചു.

15 അതുകൊണ്ട് യിസ്രായേൽമക്കളുടെ പ്രമാണികൾ ചെന്നു ഫറവോനോടു നിലവിളിച്ചു; അടിയങ്ങളോട് ഇങ്ങനെ ചെയ്യുന്നത് എന്ത്?

16 അടിയങ്ങൾക്കു വയ്ക്കോൽ തരാതെ ഇഷ്ടക ഉണ്ടാക്കുവിൻ എന്ന് അവർ പറയുന്നു; അടിയങ്ങളെ തല്ലുന്നു; അതു നിന്റെ ജനത്തിനു പാപമാകുന്നു എന്നു പറഞ്ഞു.

17 അതിന് അവൻ: മടിയന്മാരാകുന്നു നിങ്ങൾ, മടിയന്മാർ; അതുകൊണ്ട്: ഞങ്ങൾ പോയി യഹോവയ്ക്കു യാഗം കഴിക്കട്ടെ എന്നു നിങ്ങൾ പറയുന്നു.

18 പോയി വേല ചെയ്‍വിൻ; വയ്ക്കോൽ തരികയില്ല, ഇഷ്ടക കണക്കുപോലെ ഏല്പിക്കേണംതാനും എന്നു കല്പിച്ചു.

19 ദിവസംതോറുമുള്ള ഇഷ്ടകക്കണക്കിൽ ഒന്നും കുറയ്ക്കരുത് എന്നു കല്പിച്ചപ്പോൾ തങ്ങൾ വിഷമത്തിലായി എന്നു യിസ്രായേൽമക്കളുടെ പ്രമാണികൾ കണ്ടു.

20 അവർ ഫറവോനെ വിട്ടു പുറപ്പെടുമ്പോൾ മോശെയും അഹരോനും വഴിയിൽ നില്ക്കുന്നതു കണ്ടു,

21 അവരോട്: നിങ്ങൾ ഫറവോന്റെയും അവന്റെ ഭൃത്യന്മാരുടെയും മുമ്പാകെ ഞങ്ങളെ നാറ്റി, ഞങ്ങളെ കൊല്ലുവാൻ അവരുടെ കൈയിൽ വാൾ കൊടുത്തതുകൊണ്ട് യഹോവ നിങ്ങളെ നോക്കി ന്യായം വിധിക്കട്ടെ എന്നു പറഞ്ഞു.

22 അപ്പോൾ മോശെ യഹോവയുടെ അടുക്കൽ ചെന്ന്: കർത്താവേ, നീ ഈ ജനത്തിനു ദോഷം വരുത്തിയത് എന്ത്? നീ എന്നെ അയച്ചത് എന്തിന്?

23 ഞാൻ നിന്റെ നാമത്തിൽ സംസാരിപ്പാൻ ഫറവോന്റെ അടുക്കൽ ചെന്നതുമുതൽ അവൻ ഈ ജനത്തോടു ദോഷം ചെയ്തിരിക്കുന്നു; നിന്റെ ജനത്തെ നീ വിടുവിച്ചതുമില്ല എന്നു പറഞ്ഞു.

Malayalam OV Bible - സത്യവേദപുസ്തകം

© The Bible Society of India, 2016.

Used by permission. All rights reserved worldwide.

Bible Society of India
Lean sinn:



Sanasan