Biblia Todo Logo
Bìoball air-loidhne

- Sanasan -

2 ശമൂവേൽ 8 - സത്യവേദപുസ്തകം OV Bible (BSI)

1 അനന്തരം ദാവീദ് ഫെലിസ്ത്യരെ ജയിച്ചടക്കി, മൂലസ്ഥാനത്തിന്റെ ഭരണം ഫെലിസ്ത്യരുടെ കൈയിൽനിന്നു കരസ്ഥമാക്കി.

2 അവൻ മോവാബ്യരെയും തോല്പിച്ച് അവരെ നിലത്തു കിടത്തി ചരടുകൊണ്ട് അളന്നു; കൊല്ലുവാൻ രണ്ടു ചരടും ജീവനോടെ രക്ഷിപ്പാൻ ഒരു ചരടുമായി അവൻ അളന്നു. അങ്ങനെ മോവാബ്യർ ദാവീദിനു ദാസന്മാരായി കപ്പം കൊടുത്തുവന്നു.

3 രെഹോബിന്റെ മകനായി സോബാരാജാവായ ഹദദേസെർ നദീതീരത്തുള്ള തന്റെ ആധിപത്യം യഥാസ്ഥാനപ്പെടുത്തുവാൻ പോയപ്പോൾ ദാവീദ് അവനെ തോല്പിച്ചു.

4 അവന്റെ വക ആയിരത്തെഴുനൂറ് കുതിരച്ചേവകരെയും ഇരുപതിനായിരം കാലാളുകളെയും ദാവീദ് പിടിച്ചു; രഥക്കുതിരകളിൽ നൂറു മാത്രം വച്ചുംകൊണ്ടു ശേഷം കുതിരകളെയൊക്കെയും കുതിഞരമ്പു വെട്ടിക്കളഞ്ഞു.

5 സോബാരാജാവായ ഹദദേസെരിനെ സഹായിപ്പാൻ ദമ്മേശെക്കിനോടു ചേർന്ന അരാമ്യർ വന്നപ്പോൾ ദാവീദ് അരാമ്യരിൽ ഇരുപത്തീരായിരം പേരെ സംഹരിച്ചു.

6 പിന്നെ ദാവീദ് ദമ്മേശെക്കിനോടു ചേർന്ന അരാമിൽ കാവൽപട്ടാളങ്ങളെ പാർപ്പിച്ചു; അരാമ്യരും ദാവീദിനു ദാസന്മാരായിത്തീർന്നു കപ്പം കൊടുത്തുവന്നു. ഇങ്ങനെ ദാവീദ് ചെന്നേടത്തൊക്കെയും യഹോവ അവനു ജയം നല്കി.

7 ഹദദേസെരിന്റെ ഭൃത്യന്മാർക്ക് ഉണ്ടായിരുന്ന പൊൻപരിചകളെ ദാവീദ് എടുത്തു യെരൂശലേമിലേക്കു കൊണ്ടുവന്നു.

8 ഹദദേസെരിന്റെ പട്ടണങ്ങളായ ബേതഹിൽനിന്നും ബെരോതായിൽനിന്നും ദാവീദുരാജാവ് അനവധി താമ്രവും കൊണ്ടുവന്നു.

9 ദാവീദ് ഹദദേസെരിന്റെ സർവസൈന്യത്തെയും തോല്പിച്ചു എന്നു ഹമാത്ത്‍രാജാവായ തോയി കേട്ടപ്പോൾ

10 ദാവീദുരാജാവിനോടു കുശലം ചോദിപ്പാനും അവൻ ഹദദേസെരിനോടു യുദ്ധം ചെയ്ത് അവനെ തോല്പിച്ചതുകൊണ്ട് അവനെ അഭിനന്ദിപ്പാനും തോയി തന്റെ മകൻ യോരാമിനെ രാജാവിന്റെ അടുക്കൽ അയച്ചു; ഹദദേസെരിനു തോയിയോടു കൂടെക്കൂടെ യുദ്ധമുണ്ടായിരുന്നു. യോരാം വെള്ളി, പൊന്ന്, താമ്രം എന്നിവ കൊണ്ടുള്ള സാധനങ്ങളെ കൊണ്ടുവന്നു.

11 ദാവീദുരാജാവ് ഇവയെ അരാമ്യർ, മോവാബ്യർ, അമ്മോന്യർ, ഫെലിസ്ത്യർ, അമാലേക്യർ എന്നിങ്ങനെ താൻ കീഴടക്കിയ സകല ജാതികളുടെയും പക്കൽനിന്നും

12 രെഹോബിന്റെ മകനായി സോബാരാജാവായ ഹദദേസെരിന്റെ കൊള്ളയിൽനിന്നും എടുത്തു വിശുദ്ധീകരിച്ച വെള്ളിയോടും പൊന്നിനോടുംകൂടെ യഹോവയ്ക്കു വിശുദ്ധീകരിച്ചു.

13 പിന്നെ ദാവീദ് ഉപ്പുതാഴ്‌വരയിൽവച്ചു പതിനെണ്ണായിരം അരാമ്യരെ സംഹരിച്ചു മടങ്ങിവന്നപ്പോൾ തനിക്കു കീർത്തി സമ്പാദിച്ചു.

14 അവൻ എദോമിൽ കാവൽപട്ടാളങ്ങളെ ആക്കി; എദോമിൽ എല്ലാടത്തും അവൻ കാവൽപട്ടാളങ്ങളെ പാർപ്പിച്ചു; എദോമ്യരൊക്കെയും ദാവീദിനു ദാസന്മാരായിത്തീർന്നു; ദാവീദു ചെന്നേടത്തൊക്കെയും യഹോവ അവനു ജയം നല്കി.

15 ഇങ്ങനെ ദാവീദ് എല്ലാ യിസ്രായേലിനെയും വാണു; ദാവീദ് തന്റെ സകല ജനത്തിനും നീതിയും ന്യായവും നടത്തിക്കൊടുത്തു.

16 സെരൂയയുടെ മകൻ യോവാബ് സേനാധിപതിയും അഹീലൂദിന്റെ മകൻ യെഹോശാഫാത്ത് മന്ത്രിയും ആയിരുന്നു.

17 അഹീതൂബിന്റെ മകൻ സാദോക്കും അബ്യാഥാരിന്റെ മകൻ അഹീമേലെക്കും പുരോഹിതന്മാരും സെരായാ രായസക്കാരനും ആയിരുന്നു.

18 യെഹോയാദയുടെ മകൻ ബെനായാവ് ക്രേത്യർക്കും പ്ലേത്യർക്കും അധിപതി ആയിരുന്നു. ദാവീദിന്റെ പുത്രന്മാരോ പുരോഹിതന്മാരായിരുന്നു.

Malayalam OV Bible - സത്യവേദപുസ്തകം

© The Bible Society of India, 2016.

Used by permission. All rights reserved worldwide.

Bible Society of India
Lean sinn:



Sanasan