Biblia Todo Logo
Bìoball air-loidhne

- Sanasan -

2 ശമൂവേൽ 5 - സത്യവേദപുസ്തകം OV Bible (BSI)

1 അനന്തരം യിസ്രായേൽഗോത്രങ്ങളൊക്കെയും ഹെബ്രോനിൽ ദാവീദിന്റെ അടുക്കൽ വന്നു: ഞങ്ങൾ നിന്റെ അസ്ഥിയും മാംസവും ആകുന്നുവല്ലോ.

2 മുമ്പു ശൗൽ ഞങ്ങളുടെ രാജാവായിരുന്നപ്പോഴും നായകനായി യിസ്രായേലിനെ നടത്തിയതു നീ ആയിരുന്നു. നീ എന്റെ ജനമായ യിസ്രായേലിനെ മേയ്ക്കയും യിസ്രായേലിനു പ്രഭുവായിരിക്കയും ചെയ്യുമെന്നു യഹോവ നിന്നോട് അരുളിച്ചെയ്തിട്ടുമുണ്ട് എന്നു പറഞ്ഞു.

3 ഇങ്ങനെ യിസ്രായേൽമൂപ്പന്മാരൊക്കെയും ഹെബ്രോനിൽ രാജാവിന്റെ അടുക്കൽ വന്നു; ദാവീദുരാജാവ് ഹെബ്രോനിൽവച്ചു യഹോവയുടെ സന്നിധിയിൽ അവരോട് ഉടമ്പടി ചെയ്തു; അവർ ദാവീദിനെ യിസ്രായേലിനു രാജാവായിട്ട് അഭിഷേകം ചെയ്തു.

4 ദാവീദ് വാഴ്ച തുടങ്ങിയപ്പോൾ അവനു മുപ്പതു വയസ്സായിരുന്നു; അവൻ നാല്പതു സംവത്സരം വാണു.

5 അവൻ ഹെബ്രോനിൽ യെഹൂദായ്ക്ക് ഏഴു സംവത്സരവും ആറു മാസവും യെരൂശലേമിൽ എല്ലാ യിസ്രായേലിനും യെഹൂദായ്ക്കും മുപ്പത്തിമൂന്നു സംവത്സരവും രാജാവായി വാണു.

6 രാജാവും അവന്റെ ആളുകളും യെരൂശലേമിലേക്ക് ആ ദേശത്തെ നിവാസികളായ യെബൂസ്യരുടെ നേരേ പുറപ്പെട്ടു. ദാവീദിന് അവിടെ കടപ്പാൻ കഴികയില്ലെന്നുവച്ച് അവർ ദാവീദിനോട്: നീ ഇവിടെ കടക്കയില്ല; നിന്നെ തടുപ്പാൻ കുരുടരും മുടന്തരും മതി എന്നു പറഞ്ഞു.

7 എന്നിട്ടും ദാവീദ് സീയോൻകോട്ട പിടിച്ചു; അതുതന്നെ ദാവീദിന്റെ നഗരം.

8 അന്നു ദാവീദ് ആരെങ്കിലും യെബൂസ്യരെ തോല്പിച്ചാൽ അവൻ നീർപ്പാത്തിയിൽക്കൂടി കയറി ദാവീദിനു വെറുപ്പായുള്ള മുടന്തരെയും കുരുടരെയും പിടിക്കട്ടെ എന്നു പറഞ്ഞു. അതുകൊണ്ടു കുരുടരും മുടന്തരും വീട്ടിൽ വരരുത് എന്നൊരു ചൊല്ലു നടപ്പായി.

9 ദാവീദ് കോട്ടയിൽ വസിച്ചു, അതിനു ദാവീദിന്റെ നഗരമെന്നു പേരിട്ടു. ദാവീദ് അതിനെ മില്ലോ തുടങ്ങി ചുറ്റിലും ഉള്ളിലോട്ടും പണിതുറപ്പിച്ചു.

10 സൈന്യങ്ങളുടെ ദൈവമായ യഹോവ തന്നോടുകൂടെയുണ്ടായിരുന്നതുകൊണ്ടു ദാവീദ് മേൽക്കുമേൽ പ്രബലനായിത്തീർന്നു.

11 സോർരാജാവായ ഹീരാം ദാവീദിന്റെ അടുക്കൽ ദൂതന്മാരെയും ദേവദാരുക്കളെയും ആശാരികളെയും കല്പണിക്കാരെയും അയച്ചു; അവർ ദാവീദിന് ഒരു അരമന പണിതു.

12 ഇങ്ങനെ യഹോവ യിസ്രായേലിൽ തന്നെ രാജാവായി സ്ഥിരപ്പെടുത്തുകയും അവന്റെ ജനമായ യിസ്രായേൽ നിമിത്തം തന്റെ രാജത്വം ഉന്നതമാക്കുകയും ചെയ്തു എന്നു ദാവീദ് അറിഞ്ഞു.

13 ഹെബ്രോനിൽനിന്നു വന്നശേഷം ദാവീദ് യെരൂശലേമിൽവച്ച് അധികം വെപ്പാട്ടികളെയും ഭാര്യമാരെയും പരിഗ്രഹിച്ചു; ദാവീദിനു പിന്നെയും പുത്രന്മാരും പുത്രിമാരും ജനിച്ചു.

14 യെരൂശലേമിൽവച്ച് അവനു ജനിച്ചവരുടെ പേരുകളാവിത്: ശമ്മൂവ, ശോബാബ്, നാഥാൻ, ശലോമോൻ,

15 യിബ്ഹാർ, എലീശൂവ, നേഫെഗ്, യാഫീയ,

16 എലീശാമാ, എല്യാദാവ്, എലീഫേലത്ത്.

17 എന്നാൽ ദാവീദിനെ യിസ്രായേലിനു രാജാവായി അഭിഷേകം ചെയ്തു എന്നു ഫെലിസ്ത്യർ കേട്ടപ്പോൾ ഫെലിസ്ത്യർ ഒക്കെയും ദാവീദിനെ പിടിപ്പാൻ വന്നു; ദാവീദ് അതു കേട്ടിട്ടു ദുർഗത്തിൽ കടന്നു പാർത്തു.

18 ഫെലിസ്ത്യർ വന്നു രെഫായീംതാഴ്‌വരയിൽ പരന്നു.

19 അപ്പോൾ ദാവീദ് യഹോവയോട്: ഞാൻ ഫെലിസ്ത്യരുടെ നേരേ പുറപ്പെടേണമോ? അവരെ എന്റെ കൈയിൽ ഏല്പിച്ചുതരുമോ എന്നു ചോദിച്ചു. പുറപ്പെടുക; ഞാൻ ഫെലിസ്ത്യരെ നിന്റെ കൈയിൽ ഏല്പിക്കും എന്നു യഹോവ ദാവീദിനോട് അരുളിച്ചെയ്തു.

20 അങ്ങനെ ദാവീദ് ബാൽ-പെരാസീമിൽ ചെന്നു; അവിടെവച്ചു ദാവീദ് അവരെ തോല്പിച്ചു: വെള്ളച്ചാട്ടംപോലെ യഹോവ എന്റെ മുമ്പിൽ എന്റെ ശത്രുക്കളെ തകർത്തുകളഞ്ഞു എന്നു പറഞ്ഞു. അതുകൊണ്ട് ആ സ്ഥലത്തിനു ബാൽ-പെരാസീം എന്നു പേർ പറഞ്ഞുവരുന്നു.

21 അവിടെ അവർ തങ്ങളുടെ വിഗ്രഹങ്ങളെ ഇട്ടേച്ചുപോയി; ദാവീദും അവന്റെ ആളുകളും അവയെ എടുത്തു കൊണ്ടുപോന്നു.

22 ഫെലിസ്ത്യർ പിന്നെയും വന്നു രെഫായീംതാഴ്‌വരയിൽ പരന്നു.

23 ദാവീദ് യഹോവയോടു ചോദിച്ചപ്പോൾ: നീ നേരേ ചെല്ലാതെ അവരുടെ പിമ്പുറത്തുകൂടെ വളഞ്ഞുചെന്നു ബാഖാവൃക്ഷങ്ങൾക്ക് എതിരെവച്ച് അവരെ നേരിടുക.

24 ബാഖാവൃക്ഷങ്ങളുടെ അഗ്രങ്ങളിൽക്കൂടി അണിനടക്കുന്ന ഒച്ചപോലെ കേൾക്കും; അപ്പോൾ വേഗത്തിൽ ചെല്ലുക; ഫെലിസ്ത്യസൈന്യത്തെ തോല്പിപ്പാൻ യഹോവ നിനക്കു മുമ്പായി പുറപ്പെട്ടിരിക്കുന്നു എന്ന് അരുളപ്പാടുണ്ടായി.

25 യഹോവ കല്പിച്ചതുപോലെ ദാവീദ് ചെയ്തു, ഫെലിസ്ത്യരെ ഗേബമുതൽ ഗേസെർവരെ തോല്പിച്ചു.

Malayalam OV Bible - സത്യവേദപുസ്തകം

© The Bible Society of India, 2016.

Used by permission. All rights reserved worldwide.

Bible Society of India
Lean sinn:



Sanasan