Biblia Todo Logo
Bìoball air-loidhne

- Sanasan -

2 കൊരിന്ത്യർ 13 - സത്യവേദപുസ്തകം OV Bible (BSI)

1 ഈ മൂന്നാം പ്രാവശ്യം ഞാൻ നിങ്ങളുടെ അടുക്കൽ വരുന്നുണ്ട്: “രണ്ടു മൂന്നു സാക്ഷികളുടെ വാമൊഴിയാൽ ഏതു കാര്യവും ഉറപ്പാകും”.

2 ഞാൻ രണ്ടാം പ്രാവശ്യം നിങ്ങളുടെ ഇടയിൽ ഇരുന്നപ്പോൾ: ഞാൻ വീണ്ടും വന്നാൽ ക്ഷമിക്കയില്ല എന്നു പറഞ്ഞതുപോലെ ഞാൻ ഇപ്പോൾ ദൂരത്തിരുന്നുകൊണ്ട് ആ പാപം ചെയ്തവരോടും മറ്റെല്ലാവരോടും മുൻകൂട്ടി പറയുന്നു.

3 ക്രിസ്തു എന്നിൽ സംസാരിക്കുന്നു എന്നതിനു നിങ്ങൾ തുമ്പ് അന്വേഷിക്കുന്നുവല്ലോ. അവൻ നിങ്ങളെ സംബന്ധിച്ചു ബലഹീനനല്ല, നിങ്ങളിൽ ശക്തൻതന്നെ.

4 ബലഹീനതയാൽ അവൻ ക്രൂശിക്കപ്പെട്ടിട്ടും ദൈവശക്തിയാൽ ജീവിക്കുന്നു; ഞങ്ങളും അവനിൽ ബലഹീനർ എങ്കിലും അവനോടുകൂടെ ദൈവശക്തിയാൽ നിങ്ങൾക്കുവേണ്ടി ജീവിക്കുന്നു.

5 നിങ്ങൾ വിശ്വാസത്തിൽ ഇരിക്കുന്നുവോ എന്ന് നിങ്ങളെത്തന്നെ പരീക്ഷിപ്പിൻ; നിങ്ങളെത്തന്നെ ശോധനചെയ്‍വിൻ. നിങ്ങൾ കൊള്ളരുതാത്തവർ അല്ല എന്നു വരികിൽ, യേശുക്രിസ്തു നിങ്ങളിൽ ഉണ്ട് എന്നു നിങ്ങളെത്തന്നെ അറിയുന്നില്ലയോ?

6 ഞങ്ങൾ കൊള്ളരുതാത്തവർ അല്ല എന്ന് നിങ്ങൾ അറിയും എന്ന് ഞാൻ ആശിക്കുന്നു.

7 നിങ്ങൾ ഒരു ദോഷവും ചെയ്യാതിരിക്കേണ്ടതിനു ഞങ്ങൾ ദൈവത്തോടു പ്രാർഥിക്കുന്നു; ഞങ്ങൾ കൊള്ളാകുന്നവരായി തോന്നേണ്ടതിനല്ല, ഞങ്ങൾ കൊള്ളരുതാത്തവർ എന്നപോലെ ഇരുന്നാലും നിങ്ങൾ നന്മ ചെയ്യേണ്ടതിനത്രേ.

8 സത്യത്തിന് അനുകൂലമല്ലാതെ സത്യത്തിനു പ്രതികൂലമായി ഞങ്ങൾക്ക് ഒന്നും കഴിവില്ലല്ലോ.

9 ഞങ്ങൾ ബലഹീനരും നിങ്ങൾ ശക്തരും ആയിരിക്കുമ്പോൾ ഞങ്ങൾ സന്തോഷിക്കുന്നു; നിങ്ങളുടെ യഥാസ്ഥാനത്വത്തിനായി തന്നെ ഞങ്ങൾ പ്രാർഥിക്കുന്നു.

10 അതുനിമിത്തം ഞാൻ വന്നെത്തിയാൽ ഇടിച്ചുകളവാനല്ല പണിവാനത്രേ കർത്താവ് തന്ന അധികാരത്തിനു തക്കവണ്ണം ഖണ്ഡിതം പ്രയോഗിക്കാതിരിക്കേണ്ടതിനു ദൂരത്തുനിന്ന് ഇത് എഴുതുന്നു.

11 തീർച്ചയ്ക്ക്, സഹോദരന്മാരേ, സന്തോഷിപ്പിൻ; യഥാസ്ഥാനപ്പെടുവിൻ; ആശ്വസിച്ചുകൊൾവിൻ; ഏകമനസ്സുള്ളവരാകുവിൻ; സമാധാനത്തോടെ ഇരിപ്പിൻ; എന്നാൽ സ്നേഹത്തിന്റെയും സമാധാനത്തിന്റെയും ദൈവം നിങ്ങളോടുകൂടെ ഇരിക്കും.

12 വിശുദ്ധ ചുംബനംകൊണ്ട് അന്യോന്യം വന്ദനം ചെയ്‍വിൻ.

13 വിശുദ്ധന്മാർ എല്ലാവരും നിങ്ങൾക്കു വന്ദനം ചൊല്ലുന്നു.

14 കർത്താവായ യേശുക്രിസ്തുവിന്റെ കൃപയും ദൈവത്തിന്റെ സ്നേഹവും പരിശുദ്ധാത്മാവിന്റെ കൂട്ടായ്മയും നിങ്ങളെല്ലാവരോടുംകൂടെ ഇരിക്കുമാറാകട്ടെ.

Malayalam OV Bible - സത്യവേദപുസ്തകം

© The Bible Society of India, 2016.

Used by permission. All rights reserved worldwide.

Bible Society of India
Lean sinn:



Sanasan