Biblia Todo Logo
Bìoball air-loidhne

- Sanasan -

1 തെസ്സലൊനീക്യർ 4 - സത്യവേദപുസ്തകം OV Bible (BSI)

1 ഒടുവിൽ സഹോദരന്മാരേ, ദൈവപ്രസാദം ലഭിപ്പാൻ തക്കവണ്ണം നിങ്ങൾ എങ്ങനെ നടക്കേണം എന്ന് ഞങ്ങളോടു ഗ്രഹിച്ചതുപോലെ- നിങ്ങൾ നടക്കുന്നതുപോലെതന്നെ- ഇനിയും അധികം വർധിച്ചു വരേണ്ടതിനു ഞങ്ങൾ കർത്താവായ യേശുവിന്റെ നാമത്തിൽ നിങ്ങളോട് അപേക്ഷിച്ചു പ്രബോധിപ്പിക്കുന്നു.

2 ഞങ്ങൾ കർത്താവായ യേശുവിന്റെ ആജ്ഞയാൽ ഇന്ന കല്പനകളെ തന്നു എന്ന് നിങ്ങൾ അറിയുന്നുവല്ലോ.

3 ദൈവത്തിന്റെ ഇഷ്ടമോ നിങ്ങളുടെ ശുദ്ധീകരണംതന്നെ.

4 നിങ്ങൾ ദുർന്നടപ്പു വിട്ടൊഴിഞ്ഞ് ഓരോരുത്തൻ ദൈവത്തെ അറിയാത്ത ജാതികളെപ്പോലെ കാമവികാരത്തിലല്ല,

5 വിശുദ്ധീകരണത്തിലും മാനത്തിലും താന്താന്റെ പാത്രത്തെ നേടിക്കൊള്ളട്ടെ.

6 ഈ കാര്യത്തിൽ ആരും അതിക്രമിക്കയും സഹോദരനെ ചതിക്കയും അരുത്; ഞങ്ങൾ നിങ്ങളോടു മുമ്പേ പറഞ്ഞതുപോലെ ഈ വകയ്ക്ക് ഒക്കെയും പ്രതികാരം ചെയ്യുന്നവൻ കർത്താവല്ലോ.

7 ദൈവം നമ്മെ അശുദ്ധിക്കല്ല വിശുദ്ധീകരണത്തിനത്രേ വിളിച്ചത്.

8 ആകയാൽ തുച്ഛീകരിക്കുന്നവൻ മനുഷ്യനെ അല്ല, തന്റെ പരിശുദ്ധാത്മാവിനെ നിങ്ങൾക്കു തരുന്ന ദൈവത്തെത്തന്നെ തുച്ഛീകരിക്കുന്നു.

9 സഹോദരപ്രീതിയെക്കുറിച്ചു നിങ്ങൾക്ക് എഴുതുവാൻ ആവശ്യമില്ല; അന്യോന്യം സ്നേഹിപ്പാൻ നിങ്ങൾ ദൈവത്താൽ ഉപദേശം പ്രാപിച്ചതല്ലാതെ

10 മക്കെദോന്യയിൽ എങ്ങുമുള്ള സഹോദരന്മാരോടൊക്കെയും അങ്ങനെ ആചരിച്ചും പോരുന്നുവല്ലോ; എന്നാൽ സഹോദരന്മാരേ, അതിൽ നിങ്ങൾ അധികമായി വർധിച്ചുവരേണം എന്നും

11 പുറത്തുള്ളവരോടു മര്യാദയായി നടപ്പാനും ഒന്നിനും മുട്ടില്ലാതിരിപ്പാനുംവേണ്ടി

12 ഞങ്ങൾ നിങ്ങളോട് ആജ്ഞാപിച്ചതുപോലെ അടങ്ങിപ്പാർപ്പാനും സ്വന്തകാര്യം നോക്കുവാനും സ്വന്തകൈകൊണ്ടു വേലചെയ്‍വാനും അഭിമാനം തോന്നേണം എന്നും നിങ്ങളെ പ്രബോധിപ്പിക്കുന്നു.

13 സഹോദരന്മാരേ, നിങ്ങൾ പ്രത്യാശയില്ലാത്ത മറ്റുള്ളവരെപ്പോലെ ദുഃഖിക്കാതിരിക്കേണ്ടതിന് നിദ്രകൊള്ളുന്നവരെക്കുറിച്ച് അറിവില്ലാതിരിക്കരുത് എന്ന് ഞങ്ങൾ ആഗ്രഹിക്കുന്നു.

14 യേശു മരിക്കയും ജീവിച്ചെഴുന്നേല്ക്കയും ചെയ്തു എന്ന് നാം വിശ്വസിക്കുന്നു എങ്കിൽ അങ്ങനെതന്നെ ദൈവം നിദ്രകൊണ്ടവരെയും യേശു മുഖാന്തരം അവനോടുകൂടെ വരുത്തും.

15 കർത്താവിന്റെ പ്രത്യക്ഷതവരെ ജീവനോടെ ശേഷിക്കുന്നവരായ നാം നിദ്രകൊണ്ടവർക്കു മുമ്പാകയില്ല എന്ന് ഞങ്ങൾ കർത്താവിന്റെ വചനത്താൽ നിങ്ങളോടു പറയുന്നു.

16 കർത്താവ് താൻ ഗംഭീരനാദത്തോടും പ്രധാനദൂതന്റെ ശബ്ദത്തോടും ദൈവത്തിന്റെ കാഹളത്തോടുംകൂടെ സ്വർഗത്തിൽനിന്ന് ഇറങ്ങിവരികയും ക്രിസ്തുവിൽ മരിച്ചവർ മുമ്പേ ഉയിർത്തെഴുന്നേല്ക്കയും ചെയ്യും.

17 പിന്നെ ജീവനോടെ ശേഷിക്കുന്ന നാം അവരോട് ഒരുമിച്ച് ആകാശത്തിൽ കർത്താവിനെ എതിരേല്പാൻ മേഘങ്ങളിൽ എടുക്കപ്പെടും; ഇങ്ങനെ നാം എപ്പോഴും കർത്താവിനോടുകൂടെ ഇരിക്കും.

18 ഈ വചനങ്ങളെക്കൊണ്ട് അന്യോന്യം ആശ്വസിപ്പിച്ചുകൊൾവിൻ.

Malayalam OV Bible - സത്യവേദപുസ്തകം

© The Bible Society of India, 2016.

Used by permission. All rights reserved worldwide.

Bible Society of India
Lean sinn:



Sanasan