Biblia Todo Logo
Bìoball air-loidhne

- Sanasan -

1 ശമൂവേൽ 24 - സത്യവേദപുസ്തകം OV Bible (BSI)

1 ശൗൽ ഫെലിസ്ത്യരെ ഓടിച്ചുകളഞ്ഞിട്ട് മടങ്ങിവന്നപ്പോൾ ദാവീദ് ഏൻ-ഗെദി മരുഭൂമിയിൽ ഉണ്ടെന്ന് അവന് അറിവു കിട്ടി.

2 അപ്പോൾ ശൗൽ എല്ലാ യിസ്രായേലിൽനിന്നും തിരഞ്ഞെടുത്തിരുന്ന മൂവായിരം പേരെ കൂട്ടിക്കൊണ്ടു ദാവീദിനെയും അവന്റെ ആളുകളെയും തിരയുവാൻ കാട്ടാട്ടിൻപാറകളിൽ ചെന്നു.

3 അവൻ വഴിയരികെയുള്ള ആട്ടിൻതൊഴുത്തിങ്കൽ എത്തി; അവിടെ ഒരു ഗുഹ ഉണ്ടായിരുന്നു; ശൗൽ വിസർജനത്തിന് അതിൽ കടന്നു; എന്നാൽ ദാവീദും അവന്റെ ആളുകളും ഗുഹയുടെ ഉള്ളിൽ പാർത്തിരുന്നു.

4 ദാവീദിന്റെ ആളുകൾ അവനോട്: ഞാൻ നിന്റെ ശത്രുവിനെ നിന്റെ കൈയിൽ ഏല്പിക്കും; നിനക്കു ബോധിച്ചതുപോലെ അവനോടു ചെയ്യാം എന്നു യഹോവ നിന്നോട് അരുളിച്ചെയ്ത ദിവസം ഇതാ എന്നു പറഞ്ഞു. അപ്പോൾ ദാവീദ് എഴുന്നേറ്റ് ശൗലിന്റെ മേലങ്കിയുടെ അറ്റം പതുക്കെ മുറിച്ചെടുത്തു.

5 ശൗലിന്റെ വസ്ത്രാഗ്രം മുറിച്ചുകളഞ്ഞതുകൊണ്ട് പിന്നത്തേതിൽ ദാവീദിന്റെ മനസ്സാക്ഷി കുത്തിത്തുടങ്ങി.

6 അവൻ തന്റെ ആളുകളോട്: യഹോവയുടെ അഭിഷിക്തനായ എന്റെ യജമാനന്റെ നേരേ കൈയെടുക്കുന്നതായ ഈ കാര്യം ചെയ്‍വാൻ യഹോവ എനിക്ക് ഇടവരുത്തരുതേ; അവൻ യഹോവയുടെ അഭിഷിക്തനല്ലോ എന്നുപറഞ്ഞു.

7 ഇങ്ങനെ ദാവീദ് തന്റെ ആളുകളെ ശാസിച്ച് അമർത്തി; ശൗലിനെ ദ്രോഹിപ്പാൻ അവരെ അനുവദിച്ചതുമില്ല. ശൗൽ ഗുഹയിൽനിന്ന് എഴുന്നേറ്റ് തന്റെ വഴിക്കു പോയി.

8 ദാവീദും എഴുന്നേറ്റ് ഗുഹയിൽനിന്നു പുറത്തിറങ്ങി ശൗലിനോട്: എന്റെ യജമാനനായ രാജാവേ എന്നു വിളിച്ചുപറഞ്ഞു. ശൗൽ തിരിഞ്ഞുനോക്കിയപ്പോൾ ദാവീദ് സാഷ്ടാംഗം വീണു നമസ്കരിച്ചു.

9 ദാവീദ് ശൗലിനോട് പറഞ്ഞതെന്തെന്നാൽ: ദാവീദ് നിനക്കു ദോഷം വിചാരിക്കുന്നു എന്നു പറയുന്നവരുടെ വാക്ക് നീ കേൾക്കുന്നത് എന്ത്?

10 യഹോവ ഇന്നു ഗുഹയിൽവച്ചു നിന്നെ എന്റെ കൈയിൽ ഏല്പിച്ചിരുന്നു എന്നു നിന്റെ കണ്ണാലെ കാണുന്നുവല്ലോ; നിന്നെ കൊല്ലുവാൻ ചിലർ പറഞ്ഞെങ്കിലും ഞാൻ ചെയ്തില്ല; എന്റെ യജമാനന്റെ നേരേ ഞാൻ കൈയെടുക്കയില്ല; അവൻ യഹോവയുടെ അഭിഷിക്തനല്ലോ എന്നു ഞാൻ പറഞ്ഞു.

11 എന്റെ പിതാവേ, കാൺക, എന്റെ കൈയിൽ നിന്റെ മേലങ്കിയുടെ അറ്റം ഇതാ കാൺക; നിന്റെ മേലങ്കിയുടെ അറ്റം ഞാൻ മുറിക്കയും നിന്നെ കൊല്ലാതിരിക്കയും ചെയ്തതിനാൽ എന്റെ കൈയിൽ ദോഷവും ദ്രോഹവും ഇല്ല; ഞാൻ നിന്നോടു പാപം ചെയ്തിട്ടുമില്ല എന്നു കണ്ടറിഞ്ഞുകൊൾക. നീയോ എനിക്കു പ്രാണഹാനി വരുത്തുവാൻ തേടി നടക്കുന്നു.

12 യഹോവ എനിക്കും നിനക്കും മധ്യേ ന്യായം വിധിക്കട്ടെ; യഹോവ എനിക്കുവേണ്ടി നിന്നോട് പ്രതികാരം ചെയ്യട്ടെ; എന്നാൽ എന്റെ കൈ നിന്റെമേൽ വീഴുകയില്ല.

13 ദുഷ്ടത ദുഷ്ടനിൽനിന്നു പുറപ്പെടുന്നു എന്നല്ലോ പഴഞ്ചൊല്ലു പറയുന്നത്; എന്നാൽ എന്റെ കൈ നിന്റെമേൽ വീഴുകയില്ല.

14 ആരെ തേടിയാകുന്നു യിസ്രായേൽരാജാവ് പുറപ്പെട്ടിരിക്കുന്നത്? ആരെയാകുന്നു പിന്തുടരുന്നത്? ഒരു ചത്ത നായയെ, ഒരു ചെള്ളിനെ അല്ലയോ?

15 ആകയാൽ യഹോവ ന്യായാധിപനായി എനിക്കും നിനക്കും മധ്യേ ന്യായം വിധിക്കയും എന്റെ കാര്യം നോക്കി വ്യവഹരിച്ച് എന്നെ നിന്റെ കൈയിൽനിന്നു വിടുവിക്കയും ചെയ്യുമാറാകട്ടെ.

16 ദാവീദ് ശൗലിനോട് ഈ വാക്കുകൾ സംസാരിച്ചു തീർന്നശേഷം ശൗൽ: എന്റെ മകനേ, ദാവീദേ, ഇതു നിന്റെ ശബ്ദമോ എന്നു ചോദിച്ച് പൊട്ടിക്കരഞ്ഞു.

17 പിന്നെ അവൻ ദാവീദിനോടു പറഞ്ഞത്: നീ എന്നെക്കാൾ നീതിമാൻ; ഞാൻ നിനക്കു തിന്മ ചെയ്തതിനു നീ എനിക്ക് നന്മ പകരം ചെയ്തിരിക്കുന്നു.

18 യഹോവ എന്നെ നിന്റെ കൈയിൽ ഏല്പിച്ചാറെയും നീ എന്നെ കൊല്ലാതെ വിട്ടതിനാൽ നീ എനിക്കു ഗുണം ചെയ്തതായി ഇന്നു കാണിച്ചിരിക്കുന്നു.

19 ശത്രുവിനെ കണ്ടുകിട്ടിയാൽ ആരെങ്കിലും അവനെ വെറുതെ വിട്ടയയ്ക്കുമോ? നീ ഇന്ന് എനിക്കു ചെയ്തതിന് യഹോവ നിനക്കു നന്മ പകരം ചെയ്യട്ടെ.

20 എന്നാൽ നീ രാജാവാകും; യിസ്രായേൽരാജത്വം നിന്റെ കൈയിൽ സ്ഥിരമാകും എന്നു ഞാൻ അറിയുന്നു.

21 ആകയാൽ നീ എന്റെ ശേഷം എന്റെ സന്തതിയെ നിർമ്മൂലമാക്കി എന്റെ പേർ എന്റെ പിതൃഭവനത്തിൽനിന്നു മായിച്ചുകളകയില്ല എന്ന് യഹോവയുടെ നാമത്തിൽ ഇപ്പോൾ എന്നോടു സത്യം ചെയ്യേണം.

22 അങ്ങനെ ദാവീദ് ശൗലിനോടു സത്യം ചെയ്തു; ശൗൽ അരമനയിലേക്കു പോയി; ദാവീദും അവന്റെ ആളുകളും ദുർഗത്തിലേക്കും പോയി.

Malayalam OV Bible - സത്യവേദപുസ്തകം

© The Bible Society of India, 2016.

Used by permission. All rights reserved worldwide.

Bible Society of India
Lean sinn:



Sanasan