1 ശമൂവേൽ 13 - സത്യവേദപുസ്തകം OV Bible (BSI)1 ശൗൽ രാജാവായപ്പോൾ (മുപ്പതു) വയസ്സുള്ളവനായിരുന്നു; അവൻ യിസ്രായേലിൽ രണ്ടു സംവത്സരം വാണു. 2 ശൗൽ യിസ്രായേലിൽ മൂവായിരം പേരെ തിരഞ്ഞെടുത്തു; രണ്ടായിരം പേർ ശൗലിനോടുകൂടെ മിക്മാസിലും ബേഥേൽമലയിലും ആയിരം പേർ യോനാഥാനോടുകൂടെ ബെന്യാമീനിലെ ഗിബെയയിലും ആയിരുന്നു; ശേഷം ജനത്തെ അവൻ അവനവന്റെ വീട്ടിലേക്കു പറഞ്ഞയച്ചു. 3 പിന്നെ യോനാഥാൻ ഗേബയിൽ ഉണ്ടായിരുന്ന ഫെലിസ്ത്യപ്പട്ടാളത്തെ തോല്പിച്ചു; ഫെലിസ്ത്യർ അതു കേട്ടു. എബ്രായർ കേൾക്കട്ടെ എന്നു പറഞ്ഞു ശൗൽ ദേശത്തെല്ലാടവും കാഹളം ഊതിച്ചു. 4 ശൗൽ ഫെലിസ്ത്യപ്പട്ടാളത്തെ തോല്പിച്ചു എന്നും യിസ്രായേൽ ഫെലിസ്ത്യർക്കു നാറ്റമായി എന്നും യിസ്രായേലൊക്കെയും കേട്ടിട്ട് ജനം ശൗലിന്റെ അടുക്കൽ ഗില്ഗാലിൽ വന്നുകൂടി. 5 എന്നാൽ ഫെലിസ്ത്യർ യിസ്രായേലിനോടു യുദ്ധം ചെയ്‍വാൻ മുപ്പതിനായിരം രഥവും ആറായിരം കുതിരച്ചേവകരും കടല്പുറത്തെ മണൽപോലെ അസംഖ്യം ജനവുമായി ഒരുമിച്ചുകൂടി; അവർ വന്ന് ബേത്ത്-ആവെനു കിഴക്ക് മിക്മാസിൽ പാളയം ഇറങ്ങി. 6 എന്നാൽ ജനം ഉപദ്രവിക്കപ്പെട്ടതുകൊണ്ട് തങ്ങൾ വിഷമത്തിലായി എന്ന് യിസ്രായേല്യർ കണ്ടപ്പോൾ ജനം ഗുഹകളിലും പള്ളക്കാടുകളിലും പാറകളിലും ഗഹ്വരങ്ങളിലും കുഴികളിലും ചെന്ന് ഒളിച്ചു. 7 എബ്രായർ യോർദ്ദാൻ കടന്ന് ഗാദ്‍ദേശത്തും ഗിലെയാദിലും പോയി; ശൗലോ ഗില്ഗാലിൽ താമസിച്ചിരുന്നു; ജനമെല്ലാം പേടിച്ചുംകൊണ്ട് അവന്റെ പിന്നാലെ ചെന്നു. 8 ശമൂവേൽ നിശ്ചയിച്ചിരുന്ന അവധി അനുസരിച്ച് അവൻ ഏഴു ദിവസം കാത്തിരുന്നു എങ്കിലും ശമൂവേൽ ഗില്ഗാലിൽ എത്തിയില്ല; ജനവും അവനെ വിട്ടു ചിതറിപ്പോയി. 9 അപ്പോൾ ശൗൽ: ഹോമയാഗവും സമാധാനയാഗവും ഇവിടെ എന്റെ അടുക്കൽ കൊണ്ടുവരുവിൻ എന്നു കല്പിച്ചു; അവൻതന്നെ ഹോമയാഗം കഴിച്ചു. 10 ഹോമയാഗം കഴിച്ചുതീർന്ന ഉടനെ ഇതാ, ശമൂവേൽ വരുന്നു; ശൗൽ അവനെ വന്ദനം ചെയ്‍വാൻ എതിരേറ്റുചെന്നു. 11 നീ ചെയ്തത് എന്ത് എന്ന് ശമൂവേൽ ചോദിച്ചു. അതിന് ശൗൽ: ജനം എന്നെ വിട്ടു ചിതറുന്നു എന്നും നിശ്ചയിച്ച അവധിക്ക് നീ എത്തിയില്ല എന്നും ഫെലിസ്ത്യർ മിക്മാസിൽ കൂടിയിരിക്കുന്നു എന്നും ഞാൻ കണ്ടിട്ട്: 12 ഫെലിസ്ത്യർ ഇപ്പോൾ ഇങ്ങ് ഗില്ഗാലിൽ വന്ന് എന്നെ ആക്രമിക്കും; ഞാൻ യഹോവയോടു കൃപയ്ക്കായി അപേക്ഷിച്ചതുമില്ലല്ലോ എന്നുവച്ച് ഞാൻ ധൈര്യപ്പെട്ട് ഹോമയാഗം കഴിച്ചുപോയി എന്നു പറഞ്ഞു. 13 ശമൂവേൽ ശൗലിനോടു പറഞ്ഞത്: നീ ചെയ്തത് ഭോഷത്തം; നിന്റെ ദൈവമായ യഹോവ നിന്നോടു കല്പിച്ച കല്പന നീ പ്രമാണിച്ചില്ല; യഹോവ യിസ്രായേലിന്മേൽ നിന്റെ രാജത്വം എന്നേക്കുമായി സ്ഥിരമാക്കുമായിരുന്നു. 14 ഇപ്പോഴോ നിന്റെ രാജത്വം നിലനില്ക്കയില്ല; യഹോവ നിന്നോടു കല്പിച്ചതിനെ നീ പ്രമാണിക്കായ്കകൊണ്ട് തനിക്കു ബോധിച്ച ഒരു പുരുഷനെ യഹോവ അന്വേഷിച്ചിട്ടുണ്ട്; അവനെ യഹോവ തന്റെ ജനത്തിനു പ്രഭുവായി നിയമിച്ചിരിക്കുന്നു. 15 പിന്നെ ശമൂവേൽ എഴുന്നേറ്റ് ഗില്ഗാലിൽനിന്നു ബെന്യാമീനിലെ ഗിബെയയിലേക്കു പോയി. ശൗൽ തന്നോടുകൂടെയുള്ള പടജ്ജനത്തെ എണ്ണി ഏകദേശം അറുനൂറു പേർ എന്നു കണ്ടു. 16 ശൗലും അവന്റെ മകൻ യോനാഥാനും കൂടെയുള്ള ജനവും ബെന്യാമീനിലെ ഗിബെയയിൽ പാർത്തു; ഫെലിസ്ത്യരോ മിക്മാസിൽ പാളയമിറങ്ങി. 17 ഫെലിസ്ത്യരുടെ പാളയത്തിൽനിന്നു കവർച്ചക്കാർ മൂന്നു കൂട്ടമായി പുറപ്പെട്ടു; ഒരു കൂട്ടം ഒഫ്രയ്ക്കുള്ള വഴിയായി ശൂവാൽദേശത്തേക്കു തിരിഞ്ഞു; 18 മറ്റൊരു കൂട്ടം ബേത്ത്-ഹോരോനിലേക്കുള്ള വഴിക്കു തിരിഞ്ഞു; മറ്റേ കൂട്ടം മരുഭൂമിക്കു നേരേ സെബോയീം താഴ്‌വരയ്ക്കെതിരേയുള്ള ദേശം വഴിയായും തിരിഞ്ഞു. 19 എന്നാൽ യിസ്രായേൽദേശത്തെങ്ങും ഒരു കൊല്ലനെ കാൺമാനില്ലായിരുന്നു; എബ്രായർ വാളോ കുന്തമോ തീർപ്പിക്കരുത് എന്നു ഫെലിസ്ത്യർ പറഞ്ഞു. 20 യിസ്രായേല്യർ തങ്ങളുടെ കൊഴു, കലപ്പ, മഴു, മൺവെട്ടി എന്നിവ കാച്ചിപ്പാൻ ഫെലിസ്ത്യരുടെ അടുക്കൽ ചെല്ലേണ്ടിവന്നു. 21 എന്നാൽ മൺവെട്ടി, കലപ്പ, മുപ്പല്ലി, മഴു എന്നിവയ്ക്കായും മുടിങ്കോൽ കൂർപ്പിപ്പാനും അവർക്ക് അരം ഉണ്ടായിരുന്നു. 22 ആകയാൽ യുദ്ധസമയത്ത് ശൗലിനോടും യോനാഥാനോടും കൂടെയുള്ള ജനത്തിൽ ഒരുത്തനും വാളും കുന്തവും ഉണ്ടായിരുന്നില്ല; ശൗലിനും അവന്റെ മകൻ യോനാഥാനും മാത്രമേ ഉണ്ടായിരുന്നുള്ളൂ. 23 ഫെലിസ്ത്യരുടെ പട്ടാളമോ മിക്മാസിലെ ചുരംവരെ പുറപ്പെട്ടുവന്നു. |
Malayalam OV Bible - സത്യവേദപുസ്തകം
© The Bible Society of India, 2016.
Used by permission. All rights reserved worldwide.
Bible Society of India