Biblia Todo Logo
Bìoball air-loidhne

- Sanasan -

1 പത്രൊസ് 5 - സത്യവേദപുസ്തകം OV Bible (BSI)

1 നിങ്ങളിലുള്ള മൂപ്പന്മാരെ ഒരു കൂട്ടുമൂപ്പനും ക്രിസ്തുവിന്റെ കഷ്ടാനുഭവത്തിനു സാക്ഷിയും വെളിപ്പെടുവാനുള്ള തേജസ്സിനു കൂട്ടാളിയുമായ ഞാൻ പ്രബോധിപ്പിക്കുന്നത്:

2 നിങ്ങളുടെ വിചാരണയിലുള്ള ദൈവത്തിന്റെ ആട്ടിൻകൂട്ടത്തെ മേയിച്ചുകൊൾവിൻ. നിർബന്ധത്താലല്ല, ദൈവത്തിനു ഹിതമാംവണ്ണം മനഃപൂർവമായും ദുരാഗ്രഹത്തോടെയല്ല,

3 ഉന്മേഷത്തോടെയും ഇടവകകളുടെമേൽ കർത്തൃത്വം നടത്തുന്നവരായിട്ടല്ല, ആട്ടിൻകൂട്ടത്തിനു മാതൃകകളായിത്തീർന്നുകൊണ്ടും അധ്യക്ഷത ചെയ്‍വിൻ.

4 എന്നാൽ ഇടയശ്രേഷ്ഠൻ പ്രത്യക്ഷനാകുമ്പോൾ നിങ്ങൾ തേജസ്സിന്റെ വാടാത്ത കിരീടം പ്രാപിക്കും.

5 അവ്വണ്ണം ഇളയവരേ, മൂപ്പന്മാർക്കു കീഴടങ്ങുവിൻ. എല്ലാവരും തമ്മിൽ തമ്മിൽ കീഴടങ്ങി താഴ്മ ധരിച്ചുകൊൾവിൻ. ദൈവം നിഗളികളോട് എതിർത്തുനില്ക്കുന്നു; താഴ്മയുള്ളവർക്കോ കൃപ നല്കുന്നു.

6 അതുകൊണ്ട് അവൻ തക്കസമയത്തു നിങ്ങളെ ഉയർത്തുവാൻ ദൈവത്തിന്റെ ബലമുള്ള കൈക്കീഴെ താണിരിപ്പിൻ.

7 അവൻ നിങ്ങൾക്കായി കരുതുന്നതാകയാൽ നിങ്ങളുടെ സകല ചിന്താകുലവും അവന്റെമേൽ ഇട്ടുകൊൾവിൻ.

8 നിർമദരായിരിപ്പിൻ; ഉണർന്നിരിപ്പിൻ; നിങ്ങളുടെ പ്രതിയോഗിയായ പിശാച് അലറുന്ന സിംഹം എന്നപോലെ ആരെ വിഴുങ്ങേണ്ടൂ എന്നു തിരഞ്ഞു ചുറ്റിനടക്കുന്നു.

9 ലോകത്തിൽ നിങ്ങൾക്കുളള സഹോദരവർഗത്തിന് ആ വക കഷ്ടപ്പാടുകൾ തന്നെ പൂർത്തിയായി വരുന്നു എന്നറിഞ്ഞു വിശ്വാസത്തിൽ സ്ഥിരമുള്ളവരായി അവനോട് എതിർത്തു നില്പിൻ.

10 എന്നാൽ അല്പകാലത്തേക്കു കഷ്ടം സഹിക്കുന്ന നിങ്ങളെ ക്രിസ്തുവിൽ തന്റെ നിത്യതേജസ്സിനായി വിളിച്ചിരിക്കുന്ന സർവകൃപാലുവായ ദൈവംതന്നെ യഥാസ്ഥാനപ്പെടുത്തി ഉറപ്പിച്ചു ശക്തീകരിക്കും.

11 ബലം എന്നെന്നേക്കും അവനുള്ളത്. ആമേൻ.

12 നിങ്ങളെ പ്രബോധിപ്പിച്ചും നിങ്ങൾ ഈ നില്ക്കുന്നതു ദൈവത്തിന്റെ സത്യകൃപയിൽ ആകുന്നു എന്നു സാക്ഷീകരിച്ചുംകൊണ്ടു ഞാൻ നിങ്ങൾക്കു വിശ്വസ്തസഹോദരൻ എന്നു നിരൂപിക്കുന്ന സില്വാനൊസ് മുഖാന്തരം ചുരുക്കത്തിൽ എഴുതിയിരിക്കുന്നു.

13 നിങ്ങളുടെ സഹവൃതയായ ബാബിലോനിലെ സഭയും എനിക്കു മകനായ മർക്കൊസും നിങ്ങൾക്കു വന്ദനം ചൊല്ലുന്നു.

14 സ്നേഹചുംബനത്താൽ തമ്മിൽ വന്ദനം ചെയ്‍വിൻ. ക്രിസ്തുവിലുള്ള നിങ്ങൾക്ക് എല്ലാവർക്കും സമാധാനം ഉണ്ടാകട്ടെ.

Malayalam OV Bible - സത്യവേദപുസ്തകം

© The Bible Society of India, 2016.

Used by permission. All rights reserved worldwide.

Bible Society of India
Lean sinn:



Sanasan