1 ദിനവൃത്താന്തം 14 - സത്യവേദപുസ്തകം OV Bible (BSI)1 സോർരാജാവായ ഹീരാം, ദാവീദിന്റെ അടുക്കൽ ദൂതന്മാരെയും അവന് ഒരു അരമന പണിയേണ്ടതിനു ദേവദാരുക്കളെയും കല്പണിക്കാരെയും ആശാരിമാരെയും അയച്ചു. 2 യഹോവയുടെ ജനമായ യിസ്രായേൽ നിമിത്തം തന്റെ രാജത്വം ഉന്നതി പ്രാപിച്ചതിനാൽ തന്നെ യഹോവ യിസ്രായേലിനു രാജാവായി സ്ഥിരപ്പെടുത്തി എന്നു ദാവീദിനു മനസ്സിലായി. 3 ദാവീദ് യെരൂശലേമിൽവച്ചു വേറേയും ഭാര്യമാരെ പരിഗ്രഹിച്ചു, വളരെ പുത്രന്മാരെയും പുത്രിമാരെയും ജനിപ്പിച്ചു. 4 യെരൂശലേമിൽ വച്ച് അവനു ജനിച്ച മക്കളുടെ പേരുകളാവിത്: ശമ്മൂവ, ശോബാബ്, നാഥാൻ, ശലോമോൻ, 5 യിബ്ഹാർ, എലീശൂവ, എൽപേലെത്ത്, 6 നോഗഹ്, നേഫെഗ്, യാഫീയ, 7 എലീശാമാ, ബെല്യാദാ, എലീഫേലെത്ത്. 8 ദാവീദ് എല്ലാ യിസ്രായേലിനും രാജാവായി അഭിഷേകം കഴിഞ്ഞു എന്നു ഫെലിസ്ത്യർ കേട്ടപ്പോൾ, ഫെലിസ്ത്യരൊക്കെയും ദാവീദിനെ പിടിപ്പാൻ ചെന്നു; ദാവീദ് അതു കേട്ട് അവരുടെ മുമ്പിൽനിന്ന് ഒഴിഞ്ഞുപോയി. 9 ഫെലിസ്ത്യർ വന്നു രെഫായീംതാഴ്‌വരയിൽ പരന്നു. 10 അപ്പോൾ ദാവീദ് ദൈവത്തോട്: ഞാൻ ഫെലിസ്ത്യരുടെ നേരേ പുറപ്പെടേണമോ? അവരെ എന്റെ കൈയിൽ ഏല്പിച്ചുതരുമോ എന്നു ചോദിച്ചു. യഹോവ അവനോട്: പുറപ്പെടുക; ഞാൻ അവരെ നിന്റെ കൈയിൽ ഏല്പിക്കും എന്ന് അരുളിച്ചെയ്തു. 11 അങ്ങനെ അവർ ബാൽപെരാസീമിൽ ചെന്നു; അവിടെവച്ച് ദാവീദ് അവരെ തോല്പിച്ചു: വെള്ളച്ചാട്ടംപോലെ ദൈവം എന്റെ ശത്രുക്കളെ എന്റെ കൈയാൽ തകർത്തുകളഞ്ഞു എന്നു ദാവീദ് പറഞ്ഞു; അതുകൊണ്ട് ആ സ്ഥലത്തിനു ബാൽ-പെരാസീം എന്നു പേർ പറഞ്ഞുവരുന്നു. 12 എന്നാൽ അവർ തങ്ങളുടെ ദേവന്മാരെ അവിടെ വിട്ടേച്ചുപോയി; അവയെ തീയിലിട്ടു ചുട്ടുകളവാൻ ദാവീദു കല്പിച്ചു. 13 ഫെലിസ്ത്യർ പിന്നെയും താഴ്‌വരയിൽ വന്നു പരന്നു. 14 ദാവീദ് പിന്നെയും ദൈവത്തോട് അരുളപ്പാടു ചോദിച്ചപ്പോൾ ദൈവം അവനോട്: അവരുടെ പിന്നാലെ ചെല്ലാതെ അവരെ വിട്ടുതിരിഞ്ഞു ബാഖാവൃക്ഷങ്ങൾക്കെതിരേ അവരുടെ നേരേ ചെല്ലുക. 15 ബാഖാവൃക്ഷങ്ങളുടെ അഗ്രങ്ങളിൽക്കൂടി അണിയണിയായി നടക്കുന്ന ഒച്ച കേട്ടാൽ നീ പടയ്ക്കു പുറപ്പെടുക; ഫെലിസ്ത്യരുടെ സൈന്യത്തെ തോല്പിപ്പാൻ ദൈവം നിനക്കു മുമ്പായി പുറപ്പെട്ടിരിക്കുന്നു എന്ന് അരുളിച്ചെയ്തു. 16 ദൈവം കല്പിച്ചതുപോലെ ദാവീദു ചെയ്തു; അവർ ഗിബെയോൻമുതൽ ഗേസെർവരെ ഫെലിസ്ത്യസൈന്യത്തെ തോല്പിച്ചു. 17 ദാവീദിന്റെ കീർത്തി സകല ദേശങ്ങളിലും പരക്കയും യഹോവ അവനെയുള്ള ഭയം സർവജാതികൾക്കും വരുത്തുകയും ചെയ്തു. |
Malayalam OV Bible - സത്യവേദപുസ്തകം
© The Bible Society of India, 2016.
Used by permission. All rights reserved worldwide.
Bible Society of India