Biblia Todo Logo
Bìoball air-loidhne

- Sanasan -

1 ദിനവൃത്താന്തം 10 - സത്യവേദപുസ്തകം OV Bible (BSI)

1 ഫെലിസ്ത്യർ യിസ്രായേലിനോടു യുദ്ധം ചെയ്തു; യിസ്രായേല്യരോ ഫെലിസ്ത്യരുടെ മുമ്പിൽനിന്ന് ഓടി ഗിൽബോവപർവതത്തിൽ നിഹതന്മാരായി വീണു.

2 ഫെലിസ്ത്യർ ശൗലിനെയും മക്കളെയും പിന്തുടർന്നു ചെന്നു; ഫെലിസ്ത്യർ ശൗലിന്റെ മക്കളായ യോനാഥാനെയും അബീനാദാബിനെയും മല്ക്കീശൂവയെയും വെട്ടിക്കൊന്നു.

3 പട ശൗലിന്റെ നേരേ ഏറ്റവും മുറുകി, വില്ലാളികൾ അവനെ കണ്ടു, വില്ലാളികളാൽ അവൻ വിഷമത്തിലായി.

4 അപ്പോൾ ശൗൽ തന്റെ ആയുധവാഹകനോട്: ഈ അഗ്രചർമികൾ വന്ന് എന്നെ അവമാനിക്കാതിരിക്കേണ്ടതിനു നിന്റെ വാൾ ഊരി എന്നെ കുത്തുക എന്നു പറഞ്ഞു; അവന്റെ ആയുധവാഹകൻ ഏറ്റവും ഭയപ്പെട്ടതുകൊണ്ട് അവനു മനസ്സുവന്നില്ല. അതുകൊണ്ടു ശൗൽ ഒരു വാൾ പിടിച്ച് അതിന്മേൽ വീണു.

5 ശൗൽ മരിച്ചു എന്ന് അവന്റെ ആയുധവാഹകൻ കണ്ടപ്പോൾ താനും അങ്ങനെതന്നെ തന്റെ വാളിന്മേൽ വീണു മരിച്ചു.

6 ഇങ്ങനെ ശൗലും മൂന്നു മക്കളും അവന്റെ ഭവനമൊക്കെയും ഒരുമിച്ചു മരിച്ചു.

7 അവർ ഓടിപ്പോയി; ശൗലും മക്കളും മരിച്ചു എന്നു താഴ്‌വരയിലുള്ള യിസ്രായേല്യരൊക്കെയും കണ്ടിട്ട് അവർ തങ്ങളുടെ പട്ടണങ്ങളെ വിട്ട് ഓടിപ്പോയി; ഫെലിസ്ത്യർ വന്ന് അവയിൽ പാർത്തു.

8 പിറ്റന്നാൾ ഫെലിസ്ത്യർ നിഹതന്മാരുടെ വസ്ത്രം ഉരിവാൻ വന്നപ്പോൾ ശൗലും പുത്രന്മാരും ഗിൽബോവപർവതത്തിൽ വീണുകിടക്കുന്നതു കണ്ടു.

9 അവർ അവന്റെ വസ്ത്രാദികൾ ഉരിഞ്ഞ് അവന്റെ തലയും ആയുധവർഗവും എടുത്തു തങ്ങളുടെ വിഗ്രഹക്ഷേത്രങ്ങളിലും ജനത്തിന്റെ ഇടയിലും വർത്തമാനം അറിയിക്കേണ്ടതിനു ഫെലിസ്ത്യദേശത്തെല്ലാടവും ആളയച്ചു.

10 അവന്റെ ആയുധവർഗം അവർ തങ്ങളുടെ ദേവന്റെ ക്ഷേത്രത്തിൽ വച്ചു; അവന്റെ തലയെ ദാഗോന്റെ ക്ഷേത്രത്തിലും തറച്ചു.

11 ഫെലിസ്ത്യർ ശൗലിനോടു ചെയ്തതൊക്കെയും ഗിലെയാദിലെ യാബേശ് മുഴുവനും കേട്ടപ്പോൾ ശൂരന്മാരെല്ലാവരും പുറപ്പെട്ട്

12 ശൗലിന്റെ ശവവും അവന്റെ പുത്രന്മാരുടെ ശവങ്ങളും എടുത്തു യാബേശിലേക്കു കൊണ്ടുവന്നു; അവരുടെ അസ്ഥികളെ യാബേശിലെ കരുവേലകത്തിൻകീഴിൽ കുഴിച്ചിട്ട് ഏഴു ദിവസം ഉപവസിച്ചു.

13 ഇങ്ങനെ ശൗൽ യഹോവയോട് ചെയ്ത അതിക്രമം ഹേതുവായും യഹോവയുടെ വചനം പ്രമാണിക്കായ്കയാലും വെളിച്ചപ്പാടത്തിയോട് അരുളപ്പാടു ചോദിച്ചതിനാലും മരിക്കേണ്ടിവന്നു.

14 അവൻ യഹോവയോട് അരുളപ്പാടു ചോദിക്കായ്കയാൽ അവൻ അവനെ കൊന്ന് രാജത്വം യിശ്ശായിയുടെ മകനായ ദാവീദിനു കൊടുത്തു.

Malayalam OV Bible - സത്യവേദപുസ്തകം

© The Bible Society of India, 2016.

Used by permission. All rights reserved worldwide.

Bible Society of India
Lean sinn:



Sanasan