Biblia Todo Logo
Bìoball air-loidhne

- Sanasan -

സെഖര്യാവ് 8 - സത്യവേദപുസ്തകം C.L. (BSI)


യെരൂശലേം പുനരുദ്ധരിക്കപ്പെടും

1 സർവശക്തനായ സർവേശ്വരന്റെ അരുളപ്പാട് എനിക്കുണ്ടായി:

2 സീയോനെക്കുറിച്ചു ഞാൻ അതീവതല്പരനായിരിക്കുന്നു. അതിനോടുള്ള എന്റെ സ്നേഹം അതിരറ്റതാണ്.

3 ഞാൻ സീയോനിലേക്കു മടങ്ങിവരും; യെരൂശലേമിൽ വസിക്കും. യെരൂശലേമേ, വിശ്വസ്തനഗരമെന്നും സർവശക്തനായ സർവേശ്വരന്റെ പർവതമെന്നും വിശുദ്ധഗിരി എന്നും നീ വിളിക്കപ്പെടും.

4 സർവശക്തനായ സർവേശ്വരൻ അരുളിച്ചെയ്യുന്നു: വടിയൂന്നി നടക്കുന്ന വൃദ്ധന്മാരും വൃദ്ധകളും യെരൂശലേമിന്റെ തെരുവീഥികളിൽ ഉണ്ടാകും.

5 കളിച്ചുല്ലസിക്കുന്ന ബാലികാബാലന്മാരെക്കൊണ്ട് നഗരവീഥികൾ നിറയും.

6 അവശേഷിക്കുന്ന ജനത്തിന് ഈ കാഴ്ച അന്ന് അദ്ഭുതകരമായി തോന്നും. എന്നാൽ എനിക്കും അത് അദ്ഭുതമായി തോന്നണമോ” എന്നു സർവശക്തനായ സർവേശ്വരൻ ചോദിക്കുന്നു.

7 അവിടുന്ന് അരുളിച്ചെയ്യുന്നു: “കിഴക്കേദേശത്തുനിന്നും പടിഞ്ഞാറേദേശത്തുനിന്നും ഞാൻ എന്റെ ജനത്തെ രക്ഷിക്കും.

8 യെരൂശലേമിൽ വസിക്കാൻ ഞാൻ അവരെ അവിടെനിന്നു കൊണ്ടുവരും. സത്യത്തിലും നീതിയിലും അവർ എനിക്കു ജനവും ഞാൻ അവർക്ക് ദൈവവും ആയിരിക്കും.”

9 സർവശക്തനായ സർവേശ്വരൻ അരുളിച്ചെയ്യുന്നു: “സർവേശ്വരന്റെ ആലയം വീണ്ടും പണിയുന്നതിനുവേണ്ടി അടിസ്ഥാനമിട്ട നാൾ മുതൽ പ്രവാചകന്മാർ പ്രസ്താവിച്ച ഈ വചനങ്ങൾ ഇപ്പോഴും കേൾക്കുന്നവരേ, നിങ്ങൾ ധൈര്യമുള്ളവരായിരിക്കുവിൻ.

10 ആ നാളുകൾക്കുമുമ്പ് മനുഷ്യനോ മൃഗത്തിനോ കൂലി കൊടുക്കാൻ ആർക്കും കഴിഞ്ഞിരുന്നില്ല. പോകുകയോ വരികയോ ചെയ്യുന്നവന് ശത്രുവിൽനിന്നു വിടുതലും ഉണ്ടായിരുന്നില്ല. കാരണം ഞാൻ സകല മനുഷ്യരെയും അന്യോന്യം ശത്രുക്കളാക്കിയിരുന്നു.

11 എന്നാൽ ഇപ്പോൾ അവശേഷിച്ചിരിക്കുന്ന ജനത്തോടു ഞാൻ മുമ്പത്തെപ്പോലെയല്ല പെരുമാറുക” എന്നു സർവശക്തനായ സർവേശ്വരൻ അരുളിച്ചെയ്യുന്നു.

12 അവർ സമാധാനത്തോടെ വിതയ്‍ക്കും; മുന്തിരി ഫലം നല്‌കും; ഭൂമിയും അതിൽനിന്നു വിളവു നല്‌കും; ആകാശം മഞ്ഞുപൊഴിക്കും. ഈ ജനത്തിൽ അവശേഷിക്കുന്നവരെ ഞാൻ ഇവയ്‍ക്കെല്ലാം അവകാശികളാക്കിത്തീർക്കും.

13 യെഹൂദാജനങ്ങളേ, ഇസ്രായേൽജനങ്ങളേ, ജനതകളുടെ ഇടയിൽ നിങ്ങൾ ശപിക്കപ്പെട്ടവരായിരുന്നല്ലോ; ഞാൻ നിങ്ങളെ രക്ഷിച്ച് ജനതകളുടെ ഇടയിൽ നിങ്ങളെ അനുഗൃഹീതരാക്കും. നിങ്ങൾ ഭയപ്പെടാതെ ധൈര്യമായിരിക്കുവിൻ.”

14 സർവശക്തനായ സർവേശ്വരൻ അരുളിച്ചെയ്യുന്നു: “നിങ്ങളുടെ പിതാക്കന്മാർ എന്നെ പ്രകോപിപ്പിച്ചപ്പോൾ നിങ്ങളെ നശിപ്പിക്കണമെന്നു ഞാൻ തീരുമാനിച്ചു. എന്റെ തീരുമാനത്തിൽനിന്നു ഞാൻ പിന്മാറിയില്ല.

15 എന്നാൽ ഇപ്പോൾ യെരൂശലേമിനും യെഹൂദാജനത്തിനും നന്മവരുത്തണമെന്നു ഞാൻ ഉറച്ചിരിക്കുന്നു. നിങ്ങൾ ഭയപ്പെടേണ്ടാ എന്ന് സർവശക്തനായ സർവേശ്വരൻ അരുളിച്ചെയ്യുന്നു.

16 നിങ്ങൾ ചെയ്യേണ്ടത് ഇവയാണ്: സത്യം പറയുക; നഗരകവാടങ്ങളിൽ സത്യസന്ധമായി ന്യായവിധി നടത്തുക. അങ്ങനെ സമാധാനം പാലിക്കുക.

17 നിങ്ങൾ അപരനെതിരെ തിന്മ ആലോചിക്കരുത്. കള്ളസ്സത്യം ചെയ്യാൻ താൽപര്യപ്പെടരുത്. ഇവയെല്ലാം ഞാൻ വെറുക്കുന്നു എന്ന് അവിടുന്നു അരുളിച്ചെയ്യുന്നു.”

18 എനിക്കു സർവശക്തനായ സർവേശ്വരന്റെ അരുളപ്പാടുണ്ടായി:

19 “നാലും അഞ്ചും ഏഴും പത്തും മാസങ്ങളിലെ ഉപവാസങ്ങൾ യെഹൂദാജനത്തിന് സന്തോഷവും ഉല്ലാസപ്രദവുമായ ആനന്ദോത്സവങ്ങൾ ആയിരിക്കണം. അതുകൊണ്ട് സത്യത്തെയും സമാധാനത്തെയും സ്നേഹിക്കുവിൻ.

20 സർവശക്തനായ സർവേശ്വരൻ അരുളിച്ചെയ്യുന്നു: അനേകം ജനതകൾ, നിരവധി നഗരങ്ങളിലെ നിവാസികൾ ഇനിയും വരും.

21 ഒരു നഗരത്തിലെ നിവാസികൾ മറ്റൊന്നിലേക്ക് ചെന്നു പറയും: വരിക, സർവേശ്വരനെ പ്രസാദിപ്പിക്കാനും അവിടുത്തെ ആരാധിക്കാനും നമുക്ക് ഉടനെ പോകാം. നമുക്ക് ഒന്നിച്ചുപോകാം.

22 അങ്ങനെ സർവശക്തനായ സർവേശ്വരനെ ആരാധിക്കാനും അവിടുത്തെ പ്രസാദം അർഥിക്കാനും അനേകം ജനങ്ങളും ശക്തരായ ജനതകളും യെരൂശലേമിൽ വരും.

23 സർവശക്തനായ സർവേശ്വരൻ അരുളിച്ചെയ്യുന്നു: വിവിധ ഭാഷകൾ സംസാരിക്കുന്ന ജനതകളിൽനിന്നുള്ള പത്തുപേർ അന്ന് ഒരു യെഹൂദന്റെ വസ്ത്രത്തുമ്പിൽ പിടിച്ചുകൊണ്ടു പറയും: ഞങ്ങളും നിങ്ങളുടെകൂടെ വരട്ടേ. ദൈവം നിങ്ങളുടെകൂടെ ഉണ്ടെന്ന് ഞങ്ങൾ കേട്ടിരിക്കുന്നു.”

Malayalam C.L. Bible, - സത്യവേദപുസ്തകം C.L.

Copyright © 2016 by The Bible Society of India

Used by permission. All rights reserved worldwide.

Bible Society of India
Lean sinn:



Sanasan