Biblia Todo Logo
Bìoball air-loidhne

- Sanasan -

സെഖര്യാവ് 5 - സത്യവേദപുസ്തകം C.L. (BSI)


പറക്കുന്ന ഗ്രന്ഥച്ചുരുൾ

1 മറ്റൊരു ദർശനത്തിൽ പറന്നു പോകുന്ന ഒരു ചുരുൾ ഞാൻ കണ്ടു.

2 “നീ എന്തു കാണുന്നു” എന്നു ദൂതൻ എന്നോട് ചോദിച്ചു. “പറന്നുപോകുന്ന ഒരു ചുരുൾ, അതിന് ഇരുപതുമുഴം നീളവും പത്തുമുഴം വീതിയുമുണ്ട്” എന്നു ഞാൻ പറഞ്ഞു.

3 പിന്നീട് അദ്ദേഹം ഇങ്ങനെ തുടർന്നു: “അത് ദേശമാസകലം വ്യാപിക്കുന്ന ശാപമാകുന്നു. അതിൽ എഴുതിയിരിക്കുന്ന പ്രകാരം കള്ളസ്സത്യം ചെയ്യുന്നവരും മോഷ്ടാക്കളും ആയ എല്ലാവരും ഇനിമേൽ നശിപ്പിക്കപ്പെടും.”

4 സർവശക്തനായ സർവേശ്വരൻ അരുളിച്ചെയ്യുന്നു: “ഞാൻ അത് അയയ്‍ക്കും; അതു മോഷ്ടാവിന്റെ വീട്ടിലും എന്റെ നാമത്തിൽ കള്ളസത്യം ചെയ്യുന്നവന്റെ വീട്ടിലും പ്രവേശിക്കും. അത് അവന്റെ വീട്ടിൽ കടന്ന് അതിലെ കല്ലും മരവും ഇടിച്ചു നശിപ്പിക്കുന്നതുവരെ അവിടെ വസിക്കും.”


അളവുകുട്ടയിലെ സ്‍ത്രീ

5 എന്നോടു സംസാരിച്ച ദൂതൻ പുറത്തുവന്ന് എന്നോടു പറഞ്ഞു: “ഈ പോകുന്നത് എന്തെന്നു നീ നോക്കുക.”

6 “ഇത് എന്ത്” എന്നു ഞാൻ ചോദിച്ചു. ദൂതൻ പറഞ്ഞു: “ഇതു സഞ്ചരിക്കുന്ന അളവുകുട്ട ആകുന്നു. അത് ദേശത്തെങ്ങും ഉള്ളവരുടെ അകൃത്യം ആണ്.”

7 പിന്നീട് ഈയംകൊണ്ടുള്ള അതിന്റെ അടപ്പ് ഉയർത്തപ്പെട്ടു. അതാ, അതിനുള്ളിൽ ഒരു സ്‍ത്രീ ഇരിക്കുന്നു.

8 “ഇതാണു ദുഷ്ടത” എന്നു ദൈവദൂതൻ പറഞ്ഞു. പിന്നീടു ദൂതൻ ആ സ്‍ത്രീയെ കുട്ടയുടെ ഉള്ളിലാക്കി ഈയപ്പലകകൊണ്ട് അതു മൂടി.

9 വീണ്ടും ഞാൻ ദർശനത്തിൽ രണ്ടു സ്‍ത്രീകൾ പറന്നു വരുന്നതു കണ്ടു. അവർക്കു കൊക്കിൻറേതുപോലെയുള്ള ചിറകുകൾ ഉണ്ടായിരുന്നു. അവർ ആകാശത്തേക്ക് അളവുകുട്ട ഉയർത്തിക്കൊണ്ടുപോയി.”

10 അവർ അളവുകുട്ട എവിടേക്കു കൊണ്ടുപോകുന്നു” എന്നു ഞാൻ ചോദിച്ചു.

11 അതിനു ദൂതൻ പറഞ്ഞു: “ശിനാർദേശത്ത് അതിനുവേണ്ടി ഒരു വീടു നിർമിക്കാൻ പോകുന്നു. അത് പൂർത്തിയായാൽ അളവുകുട്ട അതിനുള്ളിൽ സ്ഥാപിക്കും.”

Malayalam C.L. Bible, - സത്യവേദപുസ്തകം C.L.

Copyright © 2016 by The Bible Society of India

Used by permission. All rights reserved worldwide.

Bible Society of India
Lean sinn:



Sanasan