Biblia Todo Logo
Bìoball air-loidhne

- Sanasan -

സെഖര്യാവ് 3 - സത്യവേദപുസ്തകം C.L. (BSI)


മഹാപുരോഹിതൻ

1 പിന്നീട് സർവേശ്വരന്റെ ദൂതൻ തന്റെ മുമ്പിൽ നില്‌ക്കുന്ന മഹാപുരോഹിതനായ യോശുവയെ എനിക്കു കാണിച്ചു തന്നു. അദ്ദേഹത്തിന്റെമേൽ കുറ്റം ആരോപിക്കാനായി സാത്താൻ അദ്ദേഹത്തിന്റെ വലത്തുഭാഗത്തു നില്‌ക്കുന്നുണ്ടായിരുന്നു.

2 സർവേശ്വരന്റെ ദൂതൻ സാത്താനോടു പറഞ്ഞു: “സാത്താനേ, സർവേശ്വരൻ നിന്നെ ശാസിക്കുന്നു. തീയിൽനിന്നു വലിച്ചെടുക്കപ്പെട്ട ഒരു കൊള്ളിയല്ലേ ഇവൻ? യെരൂശലേമിനെ തിരഞ്ഞെടുത്ത സർവേശ്വരൻ നിന്നെ ശാസിക്കുന്നു.”

3 മുഷിഞ്ഞ വസ്ത്രം ധരിച്ചുകൊണ്ട് യോശുവ ദൂതന്റെ മുമ്പിൽ നില്‌ക്കുകയായിരുന്നു.

4 തന്റെ മുമ്പിൽ നില്‌ക്കുന്നവരോടു ദൂതൻ “യോശുവയുടെ മുഷിഞ്ഞ വസ്ത്രം മാറ്റുവിൻ” എന്നു കല്പിച്ചു. ദൂതൻ യോശുവയോടു പറഞ്ഞു: “നിന്റെ അകൃത്യം നിന്നിൽനിന്നു നീക്കിയിരിക്കുന്നു; ഞാൻ നിന്നെ വിശിഷ്ടവസ്ത്രം ധരിപ്പിക്കും.” ദൂതൻ തുടർന്നു:

5 “വെടിപ്പുള്ള ഒരു ശിരോവസ്ത്രം അവനെ ധരിപ്പിക്കുവിൻ.” അങ്ങനെ യോശുവയെ വസ്ത്രം ധരിപ്പിക്കുകയും നിർമ്മലമായ ശിരോവസ്ത്രം അണിയിക്കുകയും ചെയ്തു. അപ്പോൾ സർവേശ്വരന്റെ ദൂതൻ അടുത്തു നില്‌ക്കുന്നുണ്ടായിരുന്നു.

6-7 ദൂതൻ യോശുവയോടു കല്പിച്ചു: “സർവശക്തനായ സർവേശ്വരൻ അരുളിച്ചെയ്യുന്നു: നീ എന്റെ വഴികളിൽ നടക്കുകയും; ഞാൻ നിന്നെ ഏല്പിച്ചിരിക്കുന്ന ചുമതലകൾ നിർവഹിക്കുകയും ചെയ്താൽ എന്റെ ആലയത്തെ നീ ഭരിക്കും; എന്റെ അങ്കണങ്ങളുടെ ചുമതല നീ വഹിക്കും; ഈ നില്‌ക്കുന്നവരുടെ ഇടയിൽ കടന്നുവരാനുള്ള അവകാശവും ഞാൻ നിനക്കു നല്‌കും.

8 മഹാപുരോഹിതനായ യോശുവയും അയാളുടെ മുമ്പിലിരിക്കുന്ന ശുഭലക്ഷണത്തിന്റെ അടയാളങ്ങളായ സഹപുരോഹിതന്മാരും കേൾക്കട്ടെ. എന്റെ ദാസനായ ശാഖയെ ഞാൻ കൊണ്ടുവരും.

9 ഇതാ, യോശുവയുടെ മുമ്പിൽ വച്ചിരിക്കുന്ന കല്ല്; ഏഴു മുഖങ്ങളുള്ള ഈ കല്ലിൽ രേഖപ്പെടുത്തേണ്ടതു ഞാൻ കൊത്തിവയ്‍ക്കും. ഒറ്റ ദിവസംകൊണ്ട് ഞാൻ ഈ ദേശത്തിന്റെ അകൃത്യം നീക്കും എന്നു സർവശക്തനായ സർവേശ്വരൻ അരുളിച്ചെയ്യുന്നു.

10 അന്നു നിങ്ങൾ ഓരോരുത്തനും സമാധാനവും ഐശ്വര്യവും പങ്കുവയ്‍ക്കാൻ തന്റെ അയൽക്കാരനെ സ്വന്തം മുന്തിരിവള്ളിയുടെയും അത്തിവൃക്ഷത്തിന്റെയും കീഴിലേക്കു ക്ഷണിക്കും എന്നു സർവശക്തനായ സർവേശ്വരന്റെ അരുളപ്പാട്.

Malayalam C.L. Bible, - സത്യവേദപുസ്തകം C.L.

Copyright © 2016 by The Bible Society of India

Used by permission. All rights reserved worldwide.

Bible Society of India
Lean sinn:



Sanasan