Biblia Todo Logo
Bìoball air-loidhne

- Sanasan -

സെഖര്യാവ് 13 - സത്യവേദപുസ്തകം C.L. (BSI)


ശുദ്ധീകരിക്കുന്ന നീരുറവ

1 അന്ന് ദാവീദുവംശജരുടെയും യെരൂശലേംനിവാസികളുടെയും പാപവും മാലിന്യവും കഴുകി വെടിപ്പാക്കാൻ ഒരു നീരുറവ തുറക്കും.

2 സർവശക്തനായ സർവേശ്വരൻ അരുളിച്ചെയ്യുന്നു: “അന്നു വിഗ്രഹങ്ങളുടെ നാമങ്ങൾ ദേശത്തുനിന്നു ഞാൻ നീക്കം ചെയ്യും. പിന്നീട് അവയെ ആരും ഓർക്കുകയില്ല; പ്രവാചകന്മാരെയും അശുദ്ധാത്മാവിനെയും ദേശത്തുനിന്നു നീക്കിക്കളയും.

3 “പിന്നീട് ആരെങ്കിലും പ്രവാചകനായി പ്രത്യക്ഷപ്പെട്ടാൽ സർവേശ്വരന്റെ നാമത്തിൽ നീ കളവു പറയുന്നതുകൊണ്ട് നീ ജീവനോടിരുന്നുകൂടാ എന്നു പറഞ്ഞുകൊണ്ട് അവന്റെ മാതാപിതാക്കൾ അവൻ പ്രവചിച്ചുകൊണ്ടിരിക്കുമ്പോൾത്തന്നെ അവനെ കുത്തിപ്പിളർക്കും.

4 അന്നു പ്രവാചകന്മാർ പ്രവചിക്കുമ്പോൾ തങ്ങളുടെ ദർശനത്തെക്കുറിച്ചു ലജ്ജിക്കും. കബളിപ്പിക്കാനായി രോമക്കുപ്പായം അവർ ധരിക്കുകയില്ല.

5 പിന്നെയോ, ഞാൻ പ്രവാചകനല്ല; വെറും ഒരു കൃഷിക്കാരൻ; ഈ ഭൂമി ബാല്യംമുതൽ എന്റെ കൈവശമാണ് എന്ന് അയാൾ പറയും.

6 ‘നിന്റെ പുറത്തു കാണുന്ന ഈ മുറിവുകൾ എന്ത്’ എന്ന് ആരെങ്കിലും ചോദിച്ചാൽ ‘എന്റെ സ്നേഹിതന്മാരുടെ വീട്ടിൽവച്ച് എനിക്ക് ഏറ്റ മുറിവുകളാണിവ’ എന്ന് അയാൾ പറയും.”


ഇടയനെ വധിക്കാൻ കല്പന

7 സർവശക്തനായ സർവേശ്വരൻ അരുളിച്ചെയ്യുന്നു: “എന്റെ ഇടയനെതിരെ, എന്റെ സമീപത്തു നില്‌ക്കുന്നവനെതിരെ; വാളേ, നീ ഉയരുക. ഇടയനെ വെട്ടുക, ആടുകൾ ചിതറിപ്പോകട്ടെ; ആ ചെറിയവർക്കെതിരെ ഞാൻ കരം ഉയർത്തും.

8 ദേശത്ത് ആകെയുള്ളവരിൽ മൂന്നിൽ രണ്ടു ഭാഗം വിച്ഛേദിക്കപ്പെട്ട് നശിച്ചുപോകും; മൂന്നിൽ ഒന്നു ജീവനോടെ അവശേഷിക്കും.

9 ഈ മൂന്നിലൊരു ഭാഗത്തെ ഞാൻ തീയിലിട്ടു വെള്ളി ശുദ്ധീകരിക്കുന്നതുപോലെ ശുദ്ധീകരിക്കും. സ്വർണം ശോധന ചെയ്യുന്നതുപോലെ അവരെ ശോധന ചെയ്യും. അവർ എന്റെ നാമം വിളിച്ചപേക്ഷിക്കും; ഞാൻ അവർക്ക് ഉത്തരം അരുളും. ‘അവർ എന്റെ ജനം’ എന്നു ഞാൻ പറയും. ‘സർവേശ്വരൻ ഞങ്ങളുടെ ദൈവം’ എന്ന് അവരും പറയും.”

Malayalam C.L. Bible, - സത്യവേദപുസ്തകം C.L.

Copyright © 2016 by The Bible Society of India

Used by permission. All rights reserved worldwide.

Bible Society of India
Lean sinn:



Sanasan