സെഖര്യാവ് 12 - സത്യവേദപുസ്തകം C.L. (BSI)യെരൂശലേമിന്റെ മോചനം 1 ഇസ്രായേലിനെക്കുറിച്ചുള്ള സർവേശ്വരന്റെ അരുളപ്പാട്: “ആകാശവിതാനം നിവർക്കുകയും ഭൂമിയുടെ അടിസ്ഥാനം ഉറപ്പിക്കുകയും മനുഷ്യന്റെ ഉള്ളിൽ ആത്മാവിനെ രൂപപ്പെടുത്തുകയും ചെയ്ത സർവേശ്വരൻ അരുളിച്ചെയ്യുന്നു: 2 “യെരൂശലേമിനെയും യെഹൂദായെയും ആക്രമിക്കാൻ വരുന്ന ചുറ്റുമുള്ള ജനതകൾക്ക് ഞാൻ യെരൂശലേമിനെ പരിഭ്രാന്തി നല്‌കുന്ന ഒരു പാനപാത്രം ആക്കാൻ പോകുകയാണ്. 3 അന്നു ഞാൻ യെരൂശലേമിനെ ഒരു ജനതയ്‍ക്കും എടുത്തുമാറ്റാൻ അരുതാത്ത ഭാരമേറിയ ഒരു പാറയാക്കിത്തീർക്കും. അതിനെ പൊക്കുന്നവർക്ക് ഗുരുതരമായ പരുക്കേല്‌ക്കും. ഭൂമിയിലെ സകല ജനതകളും അതിനെതിരെ ഒത്തുകൂടും. 4 അന്നു സകല കുതിരകൾക്കും പരിഭ്രാന്തിയും അവയുടെ പുറത്തിരിക്കുന്നവർക്കു ഭ്രാന്തും പിടിപ്പിക്കുമെന്നു സർവേശ്വരൻ അരുളിച്ചെയ്യുന്നു. എന്നാൽ ജനതകളുടെ കുതിരകൾക്കെല്ലാം അന്ധത വരുത്തുമ്പോൾ യെഹൂദാജനത്തെ ഞാൻ കടാക്ഷിക്കും. 5 യെരൂശലേംനിവാസികൾക്കു തങ്ങളുടെ ദൈവവും സർവശക്തനുമായ സർവേശ്വരൻ നിമിത്തം കരുത്തു ലഭിക്കുന്നു എന്നു യെഹൂദാവംശജർ പറയും. 6 “അന്നു ഞാൻ യെഹൂദാവംശങ്ങളെ വിറകിന്റെ നടുവിൽ ഇരുന്നു ജ്വലിക്കുന്ന കനൽ നിറച്ച ചട്ടിപോലെയും കറ്റകളുടെ നടുവിലെ തീപ്പന്തംപോലെയും ആക്കും; അവർ ഇടത്തും വലത്തും ചുറ്റും ഉള്ള എല്ലാ ജനതകളെയും നശിപ്പിക്കും. അപ്പോൾ യെരൂശലേം നിവാസികൾ സുരക്ഷിതരായി വസിക്കും. 7 ദാവീദുവംശജർക്കും യെരൂശലേംനിവാസികൾക്കും ലഭിക്കുന്ന കീർത്തി യെഹൂദായെക്കാൾ ഏറിപ്പോകാതിരിക്കാൻ സർവേശ്വരൻ ആദ്യം യെഹൂദാവംശജർക്ക് വിജയം നല്‌കും. 8 അന്നു ഞാൻ യെരൂശലേംനിവാസികളെ പരിചകൊണ്ടു മറയ്‍ക്കും. അവരിൽ ഏറ്റവും ദുർബലൻപോലും ദാവീദിനെപ്പോലെ ശക്തിയുള്ളവനാകും. ദാവീദുവംശജർ മാലാഖയെപ്പോലെയും ദൈവത്തെപ്പോലെയും അവരെ നയിക്കും. 9 അന്ന് യെരൂശലേമിന്റെ നേർക്കു വരുന്ന സകല ജനതകളെയും ഞാൻ നശിപ്പിക്കും.” ഒരു വിലാപദിനം 10 ഞാൻ ദാവീദുവംശജരുടെമേലും യെരൂശലേംനിവാസികളുടെമേലും കൃപയുടെയും പ്രാർഥനയുടെയും ആത്മാവിനെ പകരും. തങ്ങൾ കുത്തിത്തുളച്ചവനെ നോക്കി, ഏക ശിശുവിനെക്കുറിച്ചു വിലപിക്കുന്ന ഒരുവനെപ്പോലെ അവർ വിലപിക്കും; അതേ, ആദ്യജാതനെക്കുറിച്ചു ദുഃഖിക്കുന്നവനെപ്പോലെ അവർ അവനെക്കുറിച്ച് അതിവേദനയോടെ ദുഃഖിക്കും. 11 അന്ന് ഹദദ്-രിമ്മോനെക്കുറിച്ച് മെഗിദ്ദോതാഴ്‌വരയിൽ ഉയർന്ന വിലാപം പോലെ യെരൂശലേമിൽ ഒരു മഹാവിലാപം ഉണ്ടാകും. 12 ദേശത്തിലെ ഓരോ ഭവനവും വെവ്വേറെ വിലപിക്കും. 13 ദാവീദുവംശജരിലും നാഥാൻവംശജരിലും ലേവിവംശജരിലും ശിമെയിവംശജരിലും മറ്റുള്ള വംശജരിലും ഉള്ള 14 സ്‍ത്രീകളും പുരുഷന്മാരും പ്രത്യേകം പ്രത്യേകമായി വിലപിക്കും. |
Malayalam C.L. Bible, - സത്യവേദപുസ്തകം C.L.
Copyright © 2016 by The Bible Society of India
Used by permission. All rights reserved worldwide.
Bible Society of India