Biblia Todo Logo
Bìoball air-loidhne

- Sanasan -

തീത്തൊസ് 1 - സത്യവേദപുസ്തകം C.L. (BSI)

1-4 ദൈവത്തിന്റെ ദാസനും യേശുക്രിസ്തുവിന്റെ അപ്പോസ്തോലനുമായ പൗലൊസ്, നമ്മുടെ പൊതുവിശ്വാസത്തിൽ എന്റെ യഥാർഥ പുത്രനായ തീത്തോസിന് എഴുതുന്നത്: പിതാവായ ദൈവത്തിൽനിന്നും നമ്മുടെ രക്ഷകനായ ക്രിസ്തുയേശുവിൽനിന്നും നിനക്കു കൃപയും സമാധാനവും ലഭിക്കട്ടെ. ദൈവം തിരഞ്ഞെടുത്തവരുടെ വിശ്വാസവും ദൈവഭക്തിയിലേക്കു നയിക്കുന്ന സത്യത്തിന്റെ പരിജ്ഞാനവും വർധിപ്പിക്കുന്നതിനുവേണ്ടി എന്നെ നിയോഗിച്ചു. ആ വിശ്വാസവും പരിജ്ഞാനവും അനശ്വരജീവനുവേണ്ടിയുള്ള പ്രത്യാശയിൽ അടിസ്ഥാനപ്പെട്ടിരിക്കുന്നു. ഒരിക്കലും വ്യാജം പറയാത്ത ദൈവം യുഗാരംഭത്തിനുമുമ്പ് വാഗ്ദാനം ചെയ്തതും അവിടുത്തെ വചനത്തിൽ യഥാകാലം വെളിപ്പെടുത്തിയതുമാണ് ഈ പ്രത്യാശ. ആ വചനം പ്രസംഗിക്കുവാനുള്ള ചുമതല നമ്മുടെ രക്ഷകനായ ദൈവത്തിന്റെ കല്പനപ്രകാരം എന്നെ ഭരമേല്പിച്ചു.


ക്രീറ്റിലെ പ്രവർത്തനം

5 ഞാൻ നിന്നെ ക്രീറ്റിൽ വിട്ടിട്ടു പോന്നത് അവിടെ ഇനിയും ചെയ്യുവാനുള്ള കാര്യങ്ങൾ ക്രമപ്പെടുത്തുന്നതിനും, ഞാൻ നിർദേശിച്ച പ്രകാരം ഓരോ പട്ടണത്തിലും സഭാമുഖ്യന്മാരെ നിയമിക്കുന്നതിനുമാണ്.

6 സഭാമുഖ്യൻ കുറ്റമറ്റവനും ഏകപത്നീവ്രതക്കാരനും ആയിരിക്കണം. അയാളുടെ മക്കളും വിശ്വാസികളായിരിക്കണം. ദുഷ്പ്രവൃത്തികളിൽ മുഴുകിയിരിക്കുന്നവരെന്നോ, അനുസരണയില്ലാത്തവരെന്നോ ഉള്ള ദുഷ്പേരുള്ളവർ ആയിരിക്കയുമരുത്.

7 ദൈവത്തിന്റെ കാര്യസ്ഥൻ എന്ന നിലയ്‍ക്ക് സഭയുടെ അധ്യക്ഷൻ കുറ്റമറ്റവനായിരിക്കേണ്ടതാണ്. അയാൾ അഹങ്കാരിയോ, ക്ഷിപ്രകോപിയോ, മദ്യപനോ, അക്രമാസക്തനോ, അമിതലാഭം മോഹിക്കുന്നവനോ ആയിരിക്കരുത്.

8 പകരം അയാൾ അതിഥിസൽക്കാരപ്രിയനും നന്മയെ സ്നേഹിക്കുന്നവനും ആത്മനിയന്ത്രണമുള്ളവനും നീതിനിഷ്ഠനും നിർമ്മലനും സുശിക്ഷിതനും ആയിരിക്കണം.

9 വിശ്വാസയോഗ്യമായ ഉപദേശം പഠിപ്പിക്കുവാനും അതിനെ എതിർക്കുന്നവരുടെ വാദത്തെ ഖണ്ഡിക്കുവാനും കഴിയേണ്ടതിന്, താൻ പഠിച്ച സത്യവചനത്തെ അയാൾ മുറുകെപ്പിടിക്കുകയും വേണം.

10 എന്തെന്നാൽ വഴങ്ങാത്ത പ്രകൃതമുള്ളവരും കഴമ്പില്ലാത്ത സംഭാഷണത്തിൽ ഏർപ്പെടുന്നവരും വഞ്ചകരുമായ ധാരാളം ആളുകളുണ്ടല്ലോ; പ്രത്യേകിച്ചു പരിച്ഛേദനകർമവാദികൾ.

11 അവരെ മൊഴിമുട്ടിക്കണം. പഠിപ്പിക്കരുതാത്ത കാര്യങ്ങൾ അധമമായ ലാഭത്തിനുവേണ്ടി പഠിപ്പിച്ച്, കുടുംബങ്ങളെ അവർ വഴിതെറ്റിക്കുന്നു.

12 “ക്രീറ്റിലുള്ളവർ അസത്യം പറയുന്നവരും ദുഷ്ടജന്തുക്കളും മടിയന്മാരായ പെരുവയറന്മാരും ആണ്” എന്ന് അവരിലൊരാൾ, ഒരു പ്രവാചകൻതന്നെ പറഞ്ഞിട്ടുണ്ടല്ലോ.

13-14 ഈ സാക്ഷ്യം ശരിയാണ്. അതുകൊണ്ട് യെഹൂദന്മാരുടെ കെട്ടുകഥകൾക്കോ, സത്യത്തെ നിരാകരിക്കുന്നവരുടെ ആജ്ഞകൾക്കോ ചെവികൊടുക്കാതെ, വിശ്വാസത്തിന്റെ ഭദ്രമായ അടിസ്ഥാനത്തിൽ ഉറച്ചു നില്‌ക്കണമെന്നു കർശനമായി ശാസിക്കുക.

15 ശുദ്ധമനസ്കർക്ക് എല്ലാം ശുദ്ധമാകുന്നു. എന്നാൽ മലിനഹൃദയർക്കും അവിശ്വാസികൾക്കും ഒന്നുംതന്നെ ശുദ്ധമല്ല. അവരുടെ മനസ്സും മനസ്സാക്ഷിയും ദുഷിച്ചതാണല്ലോ.

16 തങ്ങൾ ദൈവത്തെ അറിയുന്നു എന്ന് അവർ അവകാശപ്പെടുന്നു; പക്ഷേ പ്രവൃത്തികൾക്കൊണ്ട് ദൈവത്തെ നിഷേധിക്കുന്നു. അവർ വെറുക്കത്തക്കവരും അനുസരണമില്ലാത്തവരും യാതൊരു നല്ലകാര്യത്തിനും കൊള്ളരുതാത്തവരും ആകുന്നു.

Malayalam C.L. Bible, - സത്യവേദപുസ്തകം C.L.

Copyright © 2016 by The Bible Society of India

Used by permission. All rights reserved worldwide.

Bible Society of India
Lean sinn:



Sanasan