ഉത്തമഗീതം 7 - സത്യവേദപുസ്തകം C.L. (BSI)മണവാളൻ 1 ഹേ, രാജകുമാരീ, പാദുകമണിഞ്ഞ നിന്റെ ഈ പാദങ്ങൾ എത്ര മനോഹരം! നിന്റെ തുടകൾ വിദഗ്ദ്ധശില്പി കടഞ്ഞെടുത്ത രത്നശില്പംപോലെ വടിവൊത്തത്. 2 നിന്റെ നാഭി, എപ്പോഴും സുഗന്ധവീഞ്ഞു നിറഞ്ഞ വൃത്താകാരമായ പാനപാത്രംപോലെ; നിന്റെ ഉദരം ചുറ്റും ലില്ലിപ്പൂക്കളാൽ അലങ്കരിച്ച കോതമ്പുകൂനപോലെ. 3 നിന്റെ സ്തനങ്ങൾ ഇരട്ടപിറന്ന മാൻകിടാങ്ങൾക്കു സമം. 4 നിന്റെ കണ്ഠം ദന്തഗോപുരംപോലെ, ഹെശ്ബോനിൽ ബാത്ത്റബ്ബീം കവാടത്തിലെ, കളിക്കുളങ്ങൾപോലെയാണു നിന്റെ കണ്ണുകൾ. ദമാസ്കസിന് അഭിമുഖമായ, ലെബാനോൻ ഗോപുരംപോലെയാണു നിന്റെ നാസിക. 5 നിന്റെ ശിരസ്സ് കർമ്മേൽമലപോലെ നിനക്ക് മകുടം ചാർത്തുന്നു. നിന്റെ വാർകൂന്തൽ രക്താംബരംപോലെ തിളങ്ങുന്നു. നിന്റെ കുറുനിരകൾ രാജാവിനെ ബദ്ധനാക്കുന്നു. 6 പ്രിയേ, ആഹ്ലാദം പകരുന്ന കുമാരീ, നീ എത്ര സുന്ദരി! നീ എത്ര മനോഹരി! 7 നിന്റെ ആകാരം പനപോലെ പ്രൗഢം; നിന്റെ സ്തനങ്ങൾ ഈന്തപ്പനക്കുലകൾപോലെ. 8 ഞാൻ പനയിൽ കയറും; അതിന്റെ കൈകളിൽ പിടിക്കും എന്നു ഞാൻ പറയുന്നു. ഹാ, നിന്റെ സ്തനങ്ങൾ എനിക്കു മുന്തിരിക്കുലകൾപോലെയും നിന്റെ ശ്വാസഗന്ധം മാതളപ്പഴത്തിൻറേതു പോലെയും ആയിരിക്കട്ടെ. 9 ചുണ്ടിലും പല്ലിലും തടയാതെ മെല്ലെ ഒഴുകിയിറങ്ങുന്ന മേത്തരം വീഞ്ഞുപോലെയാകട്ടെ നിന്റെ ചുംബനങ്ങൾ. മണവാട്ടി 10 ഞാൻ എന്റെ പ്രിയനുള്ളവൾ; പ്രിയന്റെ അഭിനിവേശം എന്നിലാകുന്നു. 11 എന്റെ പ്രാണപ്രിയാ, വരൂ, നമുക്കു വെളിമ്പ്രദേശത്തു പോകാം; ഗ്രാമങ്ങളിൽ പോയി രാപാർക്കാം. 12 പുലരും മുമ്പ് മുന്തിരിത്തോപ്പിൽ പോയി, മുന്തിരിവള്ളി മൊട്ടിട്ടു പൂവിരിഞ്ഞോ എന്നും മാതളനാരകം പൂവിട്ടോ എന്നും നോക്കാം. അവിടെവച്ച് അങ്ങേക്ക് ഞാൻ എന്റെ പ്രേമം പകരാം. 13 ദൂദായ്പഴം സുഗന്ധം ചൊരിയുന്നു. രമ്യഫലങ്ങളെല്ലാം നമ്മുടെ വാതില്‌ക്കലുണ്ട്; എന്റെ പ്രിയതമാ, പഴുത്തതും ഉണങ്ങിയതുമായ ഫലങ്ങൾ ഞാൻ അങ്ങേക്കായി ഒരുക്കിവച്ചിട്ടുണ്ട്. |
Malayalam C.L. Bible, - സത്യവേദപുസ്തകം C.L.
Copyright © 2016 by The Bible Society of India
Used by permission. All rights reserved worldwide.
Bible Society of India