ഉത്തമഗീതം 3 - സത്യവേദപുസ്തകം C.L. (BSI)1 എന്റെ പ്രാണപ്രിയനെ രാത്രിയിൽ ഞാൻ എന്റെ കിടക്കയിൽ തിരഞ്ഞു; എന്നാൽ കണ്ടില്ല. ഞാൻ വിളിച്ചു, പക്ഷേ വിളികേട്ടില്ല. 2 “ഞാൻ ഇപ്പോൾത്തന്നെ എഴുന്നേറ്റു നഗരത്തിൽ തേടിനടക്കും; തെരുവീഥികളിലും കവലകളിലും എന്റെ പ്രാണപ്രിയനെ തിരയും.” ഞാൻ അന്വേഷിച്ചു; പക്ഷേ കണ്ടെത്തിയില്ല. 3 നഗരത്തിൽ റോന്തുചുറ്റുന്ന കാവൽക്കാർ എന്നെ കണ്ടു; “എന്റെ പ്രാണപ്രിയനെ നിങ്ങൾ കണ്ടോ?” ഞാൻ അവരോടു ചോദിച്ചു. 4 ഞാൻ അവരെ കടന്നുപോയതേയുള്ളൂ. അപ്പോഴതാ എന്റെ പ്രാണനാഥൻ കൺമുമ്പിൽ; ഞാൻ അവനെ പിടികൂടി. എന്റെ അമ്മയുടെ ഗൃഹത്തിൽ എന്നെ ഉദരത്തിൽ വളർത്തിയവളുടെ മുറിയിൽ എത്തുംവരെ ഞാൻ പിടിവിട്ടില്ല. 5 യെരൂശലേംപുത്രിമാരേ, വെളിമ്പ്രദേശത്തെ ചെറുമാനുകളുടെയും പേടമാനുകളുടെയും പേരിൽ ഞാൻ നിങ്ങളോടു കെഞ്ചുന്നു. പ്രേമനിർവൃതിയിൽ മയങ്ങിയ എന്റെ പ്രിയനെ മതിതീരും മുമ്പേ വിളിച്ചുണർത്തരുതേ. ഗീതം മൂന്ന് മണവാട്ടി 6 മൂറും കുന്തുരുക്കവുംകൊണ്ട് വ്യാപാരിയുടെ സകല സുഗന്ധചൂർണങ്ങളും കൊണ്ട്, സുരഭിലമായ ധൂമസ്തംഭംപോലെ മരുഭൂമിയിൽനിന്നു വരുന്നതെന്ത്? 7 ശലോമോന്റെ പല്ലക്കുതന്നെ; ഇസ്രായേലിലെ ബലിഷ്ഠയുവാക്കൾ അറുപതു പേർ അതിന് അകമ്പടിയായുണ്ട്. 8 എല്ലാവരും ഖഡ്ഗധാരികൾ; എല്ലാവരും യുദ്ധവീരന്മാർ. രാത്രിയിൽ ആപത്തു വരാതിരിക്കാൻ അവർ അരയിൽ വാൾ ധരിച്ചിരിക്കുന്നു. 9 ലെബാനോനിലെ മരംകൊണ്ടു ശലോമോൻരാജാവ് തനിക്കൊരു പല്ലക്കുണ്ടാക്കി. 10 വെള്ളികൊണ്ടു കാലുകളും പൊന്നുകൊണ്ടു ചാരും അതിന് അദ്ദേഹം ഉണ്ടാക്കി. യെരൂശലേംപുത്രിമാർ മനോഹരമായി നെയ്തെടുത്ത ചെമ്പട്ടുകൊണ്ട് ഇരിപ്പിടം പൊതിഞ്ഞു. 11 സീയോൻപുത്രിമാരേ, വന്നു കാണുക, അതാ, ശലോമോൻരാജാവ് തന്റെ വിവാഹദിനത്തിൽ, ഹൃദയത്തിൽ ആഹ്ലാദം അലതല്ലിയ ദിവസം, മാതാവ് അണിയിച്ച കിരീടം ചാർത്തി നില്‌ക്കുന്നു. |
Malayalam C.L. Bible, - സത്യവേദപുസ്തകം C.L.
Copyright © 2016 by The Bible Society of India
Used by permission. All rights reserved worldwide.
Bible Society of India