Biblia Todo Logo
Bìoball air-loidhne

- Sanasan -

റോമർ 14 - സത്യവേദപുസ്തകം C.L. (BSI)


നിന്റെ സഹോദരനെ കുറ്റം വിധിക്കരുത്

1 വിശ്വാസത്തിൽ ദുർബലനായവനെ അവന്റെ വ്യക്തിഗതമായ അഭിപ്രായങ്ങളെക്കുറിച്ചു വാദിക്കാതെ നിങ്ങളുടെ സമൂഹത്തിലേക്കു സ്വീകരിക്കുക.

2 എന്തും ഭക്ഷിക്കുവാൻ ഒരുവന്റെ വിശ്വാസം അവനെ അനുവദിക്കുന്നു. എന്നാൽ വിശ്വാസത്തിൽ ദുർബലനായ മറ്റൊരുവൻ സസ്യങ്ങൾ മാത്രം ഭക്ഷിക്കുന്നു.

3 എല്ലാം ഭക്ഷിക്കുന്നവൻ, ഭക്ഷിക്കാത്തവനോട് അവജ്ഞ കാട്ടരുത്. സസ്യങ്ങൾ മാത്രം ഭക്ഷിക്കുന്നവൻ എല്ലാം ഭക്ഷിക്കുന്നവനെയും കുറ്റപ്പെടുത്തരുത്. എന്തെന്നാൽ ദൈവം അവനെ കൈക്കൊണ്ടിരിക്കുന്നുവല്ലോ.

4 വേറൊരാളിന്റെ ദാസനെ വിധിക്കുവാൻ നീ ആരാണ്? അവൻ യോഗ്യനോ അയോഗ്യനോ എന്ന് നിർണയിക്കുന്നത് അവന്റെ യജമാനനാണ്. അവനെ യോഗ്യനാക്കുവാൻ കർത്താവു പ്രാപ്തനായതുകൊണ്ട് അവൻ യോഗ്യനായിത്തീരുന്നു.

5 ഒരു ദിവസം മറ്റൊന്നിനെക്കാൾ പ്രാധാന്യമുള്ളതാണെന്നു ചിലർ കരുതുന്നു. എന്നാൽ എല്ലാ ദിവസവും ഒരുപോലെയാണെന്നത്രേ മറ്റുചിലർ വിചാരിക്കുന്നത്. ഓരോരുത്തനും അവനവന്റെ വിശ്വാസത്തിൽ ഉറച്ചുനിന്നുകൊള്ളട്ടെ.

6 ഒരു ദിവസം മറ്റൊരു ദിവസത്തെക്കാൾ പ്രധാനമാണെന്നു കരുതുന്നവൻ കർത്താവിനോടുള്ള ആദരംകൊണ്ടാണ് അപ്രകാരം ചെയ്യുന്നത്. എല്ലാം തിന്നുന്നവനും അങ്ങനെ തന്നെ. എന്തെന്നാൽ താൻ ഭക്ഷിക്കുന്ന ആഹാരത്തിനുവേണ്ടി അവൻ ദൈവത്തെ സ്തുതിക്കുന്നു. ചില ഭക്ഷ്യസാധനങ്ങൾ വർജിക്കുന്നവനും കർത്താവിനോടുള്ള ആദരം മുൻനിറുത്തിയാണ് അങ്ങനെ ചെയ്യുന്നത്. അവനും ദൈവത്തെ സ്തുതിക്കുന്നു.

7 നമ്മിലാരും തനിക്കുവേണ്ടിത്തന്നെ ജീവിക്കുകയോ തനിക്കുവേണ്ടിത്തന്നെ മരിക്കുകയോ ചെയ്യുന്നില്ല.

8 നാം ജീവിക്കുന്നെങ്കിൽ കർത്താവിനുവേണ്ടി ജീവിക്കുന്നു; മരിക്കുന്നെങ്കിൽ കർത്താവിനുവേണ്ടി മരിക്കുന്നു; അതുകൊണ്ട് ജീവിച്ചാലും മരിച്ചാലും നാം കർത്താവിനുള്ളവർ തന്നെ.

9 ജീവിക്കുന്നവരുടെയും മരിച്ചവരുടെയും കർത്താവായിരിക്കേണ്ടതിനാണല്ലോ ക്രിസ്തു മരിക്കുകയും വീണ്ടും ജീവിക്കുകയും ചെയ്തത്.

10 അങ്ങനെയെങ്കിൽ നീ നിന്റെ സഹോദരനെ എന്തിനു വിധിക്കുന്നു? നിന്റെ സഹോദരന്റെ നേരേ എന്തിന് അവ ജ്ഞ കാട്ടുന്നു? നാമെല്ലാവരും ദൈവത്തിന്റെ ന്യായാസനത്തിന്റെ മുമ്പിൽ നില്‌ക്കേണ്ടി വരുമല്ലോ.

11 ‘എല്ലാവരും എന്റെ മുമ്പിൽ മുട്ടു മടക്കും ഞാൻ ദൈവമാകുന്നു എന്ന് എല്ലാവരും ഏറ്റുപറയും’ എന്നു സർവേശ്വരൻ ശപഥം ചെയ്ത് അരുൾചെയ്യുന്നു എന്നിങ്ങനെ വേദഗ്രന്ഥത്തിൽ രേഖപ്പെടുത്തിയിട്ടുണ്ടല്ലോ.

12 നാം ഓരോരുത്തരും ദൈവസമക്ഷം കണക്കു ബോധിപ്പിക്കേണ്ടിവരും.


സഹോദരന് ഇടർച്ച വരുത്തരുത്

13 അതുകൊണ്ട് നാം ഇനി അന്യോന്യം വിധിക്കരുത്. പകരം നിന്റെ സഹോദരൻ ഇടറി വീഴുന്നതിനോ, പാപത്തിൽ നിപതിക്കുന്നതിനോ ഇടയാക്കുന്ന യാതൊന്നും ചെയ്യുകയില്ലെന്നു നിശ്ചയിക്കുകയാണു വേണ്ടത്.

14 ഒന്നും സ്വഭാവേന അശുദ്ധമല്ല എന്ന് കർത്താവായ യേശുവിനോട് ഐക്യപ്പെട്ടിരിക്കുന്ന എനിക്കു ബോധ്യമുണ്ട്. എന്നാൽ ഏതെങ്കിലും അശുദ്ധമെന്ന് ഒരുവൻ വിശ്വസിക്കുന്നുവെങ്കിൽ അത് അവന് അശുദ്ധമായിത്തീരുന്നു.

15 ഏതെങ്കിലും ആഹാരസാധനം നിമിത്തം നിന്റെ സഹോദരന്റെ മനസ്സിനു ക്ഷതമുണ്ടാകുന്നെങ്കിൽ നീ സ്നേഹപൂർവമല്ല പ്രവർത്തിക്കുന്നത്. ക്രിസ്തു ആർക്കുവേണ്ടി മരിച്ചുവോ, അവൻ നിന്റെ ഭക്ഷണം നിമിത്തം നശിക്കുവാൻ ഇടയാകരുത്.

16 നിങ്ങൾ നല്ലതെന്നു കരുതുന്നവ ദുഷിക്കപ്പെടാൻ ഇടയാകരുത്.

17 എന്തു തിന്നുന്നു, എന്തു കുടിക്കുന്നു എന്നതിലല്ല ദൈവരാജ്യത്തിന്റെ അനുഭവം, പ്രത്യുത പരിശുദ്ധാത്മാവു നല്‌കുന്ന ആനന്ദം, നീതി, സമാധാനം എന്നിവയിലാകുന്നു.

18 ഇപ്രകാരം ക്രിസ്തുവിനെ സേവിക്കുന്നവൻ ദൈവത്തിന്റെ പ്രസാദവും മനുഷ്യരുടെ അംഗീകാരവും നേടുന്നു.

19 അതുകൊണ്ട് സമാധാനം കൈവരുത്തുന്നതും അന്യോന്യം ബലപ്പെടുത്തുന്നതുമായ കാര്യങ്ങളായിരിക്കണം എപ്പോഴും നമ്മുടെ ലക്ഷ്യം.

20 ഭക്ഷണത്തിന്റെ പേരിൽ ദൈവത്തിന്റെ പ്രവൃത്തിയെ നശിപ്പിക്കരുത്. എല്ലാ ആഹാരസാധനങ്ങളും ഭക്ഷിക്കാവുന്നതാണ്. എന്നാൽ എന്തെങ്കിലും ഭക്ഷിക്കുന്നതുമൂലം, മറ്റൊരുവൻ പാപത്തിൽ വീഴാൻ ഇടയാക്കുന്നതു തെറ്റാണ്.

21 നിന്റെ സഹോദരന്റെ വീഴ്ചയ്‍ക്കു കാരണമാകത്തക്കവണ്ണം മാംസം ഭക്ഷിക്കുകയോ, വീഞ്ഞു കുടിക്കുകയോ, മറ്റെന്തെങ്കിലും ചെയ്യുകയോ ചെയ്യുന്നതിൽ നിന്ന് ഒഴിഞ്ഞിരിക്കുകയാണുത്തമം.

22 ഇക്കാര്യത്തിൽ നിന്റെ ബോധ്യം എന്താണോ, അത് നീയും ദൈവവും തമ്മിലുള്ള കാര്യമായിവച്ചുകൊള്ളുക. തന്റെ ബോധ്യമനുസരിച്ചു ചെയ്യുവാൻ തീരുമാനിക്കുന്ന കാര്യങ്ങളെപ്പറ്റി കുറ്റബോധമില്ലാത്തവൻ ഭാഗ്യവാനാണ്.

23 എന്നാൽ താൻ ഭക്ഷിക്കുന്നതിനെക്കുറിച്ചു സന്ദേഹമുണ്ടെങ്കിൽ, അവൻ ഭക്ഷിക്കുമ്പോൾ കുറ്റം വിധിക്കപ്പെടുന്നു. എന്തുകൊണ്ടെന്നാൽ തന്റെ ഉത്തമ വിശ്വാസമനുസരിച്ചല്ലല്ലോ അവൻ പ്രവർത്തിക്കുന്നത്. വിശ്വാസത്തിൽനിന്ന് ഉദ്ഭവിക്കാത്തതെല്ലാം പാപമാകുന്നു.

Malayalam C.L. Bible, - സത്യവേദപുസ്തകം C.L.

Copyright © 2016 by The Bible Society of India

Used by permission. All rights reserved worldwide.

Bible Society of India
Lean sinn:



Sanasan