റോമർ 1 - സത്യവേദപുസ്തകം C.L. (BSI)1 ദൈവത്തിന്റെ സുവിശേഷം പ്രസംഗിക്കുന്നതിനായി വേർതിരിക്കപ്പെടുകയും അപ്പോസ്തോലനായി വിളിക്കപ്പെടുകയും ചെയ്തവനും ക്രിസ്തുയേശുവിന്റെ ദാസനുമായ പൗലൊസ് എഴുതുന്നത്: 2 ഈ സുവിശേഷം തന്റെ പ്രവാചകന്മാർ മുഖാന്തരം വളരെ മുമ്പുതന്നെ വിശുദ്ധലിഖിതങ്ങളിൽ ദൈവം വാഗ്ദാനം ചെയ്തിട്ടുള്ളതാണ്. 3 ദൈവത്തിന്റെ പുത്രനും നമ്മുടെ കർത്താവുമായ യേശുക്രിസ്തുവിനെക്കുറിച്ചുള്ളതാണ് ഈ സുവിശേഷം. 4 മനുഷ്യനെന്ന നിലയിൽ അവിടുന്ന് ദാവീദുവംശജനായിരുന്നു. എന്നാൽ ദിവ്യവിശുദ്ധിയെ സംബന്ധിച്ചിടത്തോളം അവിടുന്നു മരണത്തിൽനിന്നുള്ള ഉത്ഥാനംമൂലം മഹാശക്തനായ ദൈവപുത്രനാണെന്നു വെളിപ്പെട്ടിരിക്കുന്നു. 5 വിശ്വാസംമൂലം ഉളവാകുന്ന അനുസരണത്തിലേക്ക് എല്ലാ ജനതകളെയും നയിച്ച് തന്റെ നാമം മഹത്ത്വപ്പെടുത്തുന്നതിനുള്ള അപ്പോസ്തോലദൗത്യവും കൃപയും യേശുക്രിസ്തുവിലൂടെ ദൈവം ഞങ്ങൾക്കു നല്‌കിയിരിക്കുന്നു. 6 അക്കൂട്ടത്തിൽ റോമിലുള്ള നിങ്ങളും യേശുക്രിസ്തുവിന്റെ സ്വന്തജനമായിരിക്കുന്നതിന് വിളിക്കപ്പെട്ടിരിക്കുന്നു. 7 അതുകൊണ്ട് ദൈവത്തിനു പ്രിയമുള്ളവരും തന്റെ ജനമായിരിക്കുന്നതിന് അവിടുന്നു വിളിച്ചു വേർതിരിച്ചിട്ടുള്ളവരുമായ നിങ്ങൾക്കെല്ലാവർക്കും ഞാൻ ഈ കത്തെഴുതുന്നു. നമ്മുടെ ദൈവത്തിൽനിന്നും കർത്താവായ യേശുക്രിസ്തുവിൽനിന്നും നിങ്ങൾക്കു കൃപയും സമാധാനവും ഉണ്ടാകട്ടെ. റോം സന്ദർശിക്കുവാനുള്ള ആഗ്രഹം 8 നിങ്ങളുടെ വിശ്വാസം ലോകത്തിലെങ്ങും പ്രസിദ്ധമായിരിക്കുന്നതുകൊണ്ട് ആദ്യംതന്നെ നിങ്ങൾക്കെല്ലാവർക്കുംവേണ്ടി യേശുക്രിസ്തുവിൽകൂടി ഞാൻ എന്റെ ദൈവത്തിനു കൃതജ്ഞത അർപ്പിക്കുന്നു. 9 ദൈവപുത്രനെ സംബന്ധിച്ചുള്ള സുവിശേഷം പ്രസംഗിക്കുന്നതിലൂടെ ഞാൻ ആരെ സർവാത്മനാ ആരാധിക്കുന്നുവോ, ആ ദൈവംതന്നെ ഞാൻ പറയുന്നതിനു സാക്ഷി. 10 എന്റെ പ്രാർഥനയിൽ ഞാൻ എപ്പോഴും നിങ്ങളെ ഓർക്കുന്നു എന്നുള്ളത് ദൈവം അറിയുന്നു. ഇപ്പോഴെങ്കിലും നിങ്ങളെ വന്നുകാണുന്നതിനു ദൈവം തന്റെ സംപ്രീതിയാൽ എനിക്ക് ഇടവരുത്തട്ടെ. 11 നിങ്ങളുടെ സ്ഥൈര്യത്തിനായി എന്തെങ്കിലും ആത്മീയവരം നല്‌കുവാൻ ഞാൻ അഭിവാഞ്ഛിക്കുന്നു. 12 അങ്ങനെ നിങ്ങളുടെ വിശ്വാസത്താൽ എനിക്കും എന്റെ വിശ്വാസത്താൽ നിങ്ങൾക്കും പരസ്പരം ഉത്തേജനം ലഭിക്കണമെന്നത്രേ എന്റെ താത്പര്യം. 13 സഹോദരരേ, നിങ്ങളെ സന്ദർശിക്കുന്നതിനു ഞാൻ പലവട്ടം ഒരുങ്ങിയെങ്കിലും, പലകാര്യങ്ങളാൽ അതു സാധിച്ചില്ല എന്നു പറഞ്ഞാൽ മതിയല്ലോ. ഇതര ജനതകളിൽനിന്ന് എന്നപോലെ നിങ്ങളിൽനിന്നും ചിലരെ ക്രിസ്തുവിനുവേണ്ടി നേടണമെന്ന് ഞാൻ ഇച്ഛിക്കുന്നു. 14 പരിഷ്കൃതരെന്നോ അപരിഷ്കൃതരെന്നോ, വിദ്യാസമ്പന്നരെന്നോ വിദ്യാവിഹീനരെന്നോ ഉള്ള ഭേദംകൂടാതെ എല്ലാവരോടും എനിക്ക് കടപ്പാടുണ്ട്. 15 അതുകൊണ്ട് റോമിലുള്ള നിങ്ങളോടും സുവിശേഷം പ്രസംഗിക്കുവാൻ ഞാൻ അതിയായി ആഗ്രഹിക്കുന്നു. സുവിശേഷത്തിന്റെ ശക്തി 16 സുവിശേഷത്തെക്കുറിച്ച് ഞാൻ ലജ്ജിക്കുന്നില്ല. വിശ്വസിക്കുന്ന ഏതൊരുവനെയും -ആദ്യം യെഹൂദനെയും പിന്നീടു വിജാതീയനെയും- രക്ഷിക്കുന്നതിനുള്ള ദൈവത്തിന്റെ ശക്തിയാണു സുവിശേഷം. 17 അതിൽ ദൈവത്തിന്റെ നീതി വിശ്വാസം ഹേതുവായും വിശ്വാസത്തിനായിട്ടും വെളിപ്പെടുന്നു. വിശ്വാസത്താൽ ദൈവത്തോടു രഞ്ജിപ്പിക്കപ്പെട്ടവൻ ജീവിക്കും എന്ന് എഴുതിയിട്ടുണ്ടല്ലോ. നിയമലംഘനം 18 അധർമംകൊണ്ടു സത്യത്തെ നിരോധിക്കുന്നവരുടെ എല്ലാ പാപങ്ങളുടെയും ദുഷ്ടതകളുടെയും നേരെ സ്വർഗത്തിൽനിന്നു ദൈവത്തിന്റെ കോപം വെളിപ്പെടുന്നു. 19 ദൈവത്തെക്കുറിച്ച് അറിയുവാൻ കഴിയുന്നതെല്ലാം അവർക്കു വ്യക്തമായിട്ടുണ്ട്. ദൈവം തന്നെയാണ് അത് അവർക്കു വെളിപ്പെടുത്തിക്കൊടുത്തത്. 20 സർവേശ്വരന്റെ അദൃശ്യമായ ശക്തിയും ദിവ്യഭാവവും പ്രപഞ്ചസൃഷ്‍ടിമുതൽ സൃഷ്‍ടികളിൽകൂടി വെളിപ്പെട്ടിരിക്കുന്നു. അതുകൊണ്ട് അവർക്ക് ഒഴിവുകഴിവൊന്നും പറയാനില്ല. 21 അവർ ദൈവത്തെ അറിഞ്ഞെങ്കിലും സർവേശ്വരൻ എന്ന നിലയിൽ, യഥോചിതം പ്രകീർത്തിക്കുകയോ, സ്തോത്രം അർപ്പിക്കുകയോ ചെയ്തില്ല. അവരുടെ യുക്തിചിന്തകൾ മൂലം അവർ വ്യർഥരായിത്തീരുന്നു. വിവേകരഹിതമായ അവരുടെ ഹൃദയം അന്ധകാരംകൊണ്ടു നിറഞ്ഞിരിക്കുന്നു. 22 ബുദ്ധിമാന്മാരെന്ന അവകാശവാദം അവരുടെ ബുദ്ധിശൂന്യതയെ ആണ് വിളിച്ചറിയിക്കുന്നത്. 23 അനശ്വരനായ ദൈവത്തിനു നല്‌കേണ്ട മഹത്ത്വം നശ്വരരായ മനുഷ്യരുടെയും പക്ഷിമൃഗാദികളുടെയും പ്രതിരൂപങ്ങൾക്ക് അവർ നല്‌കുന്നു. 24 അതുകൊണ്ട് തങ്ങളുടെ വിഷയാസക്തിയുടെ പ്രേരണയ്‍ക്കനുസൃതമായ കുത്സിതവൃത്തികൾക്കായി ദൈവം അവരെ വിട്ടുകൊടുക്കുകയും ലജ്ജാകരമായ പ്രവൃത്തികളിൽ അവർ അന്യോന്യം ഏർപ്പെടുകയും ചെയ്യുന്നു. 25 ദൈവത്തെക്കുറിച്ചുള്ള സത്യം ത്യജിച്ച് അവർ അസത്യം സ്വീകരിക്കുന്നു. പ്രപഞ്ചസ്രഷ്ടാവായ ദൈവത്തെ ആരാധിക്കേണ്ടതിനു പകരം അവർ സൃഷ്‍ടിയെ ആരാധിക്കുകയും സേവിക്കുകയും ചെയ്യുന്നു. ദൈവംമാത്രം അനവരതം വാഴ്ത്തപ്പെടട്ടെ! ആമേൻ! 26 അവർ ഇപ്രകാരം ചെയ്യുന്നതുകൊണ്ട് ദൈവം അവരെ ലജ്ജാകരമായ വികാരങ്ങൾക്കു വിട്ടുകൊടുത്തിരിക്കുന്നു. സ്‍ത്രീകളും സ്വാഭാവിക ഭോഗത്തിൽ ഏർപ്പെടാതെ പ്രകൃതിവിരുദ്ധമായ പ്രവൃത്തികളിലേർപ്പെടുന്നു. 27 അതുപോലെതന്നെ സ്‍ത്രീകളുമായി പ്രകൃതിസഹജമായ ലൈംഗികബന്ധം പുലർത്താതെ പുരുഷന്മാരും കാമാഗ്നി ജ്വലിച്ച് പുരുഷൻ പുരുഷനോടു ചേർന്ന് പ്രകൃതിവിരുദ്ധമായ ചേഷ്ടകളിലേർപ്പെടുന്നു. അതിന്റെ ഫലമായി തങ്ങളുടെ ദുഷ്പ്രവൃത്തികൾക്ക് അർഹമായ ശിക്ഷ അവർ സ്വയം വരുത്തിവച്ചിരിക്കുന്നു. 28 ദൈവത്തെക്കുറിച്ചുള്ള പരിജ്ഞാനം അവർ പരിത്യജിച്ചതുകൊണ്ട് അവിഹിതമായതു ചെയ്യുവാൻ ദൈവം അവരെ വിവേകശൂന്യതയ്‍ക്കു വിട്ടുകൊടുത്തു. 29 അവർ എല്ലാവിധത്തിലുമുള്ള അധർമവും ദുഷ്ടതയും അത്യാഗ്രഹവും ഹീനസ്വഭാവവുംകൊണ്ടു നിറഞ്ഞവരാണ്. അസൂയ, കൊലപാതകം, ശണ്ഠ, വഞ്ചന, കൊടിയ പക എന്നിവ അവരിൽ നിറഞ്ഞിരിക്കുന്നു. 30 അവർ ഏഷണി പറയുകയും അന്യോന്യം ദോഷാരോപണം നടത്തുകയും ചെയ്യുന്നു. ദൈവത്തെ അവർ കഠിനമായി വെറുക്കുന്നു. അവർ ഗർവിഷ്ഠരും അഹങ്കാരികളും ആത്മപ്രശംസകരുമാണ്. ദുഷ്ടത പ്രവർത്തിക്കുന്നതിനു നൂതനമായ വഴികൾ അവർ കണ്ടുപിടിക്കുന്നു. മാതാപിതാക്കളെ അവർ അനുസരിക്കുന്നില്ല. 31 അവർക്കു മനസ്സാക്ഷി എന്നൊന്നില്ല. അവർ വാക്കു പാലിക്കുന്നുമില്ല. മറ്റുള്ളവരോടു കനിവുകാട്ടാത്ത ദയാശൂന്യരാണവർ. 32 ഇങ്ങനെയുള്ളവർ മരണയോഗ്യരാണെന്നുള്ള ദൈവകല്പന അവർക്കറിയാമെങ്കിലും ഈ വക അധർമങ്ങൾ അവർ ചെയ്യുന്നു എന്നു മാത്രമല്ല, അങ്ങനെ ചെയ്യുന്നവരെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. |
Malayalam C.L. Bible, - സത്യവേദപുസ്തകം C.L.
Copyright © 2016 by The Bible Society of India
Used by permission. All rights reserved worldwide.
Bible Society of India