Biblia Todo Logo
Bìoball air-loidhne

- Sanasan -

വെളിപ്പാട് 9 - സത്യവേദപുസ്തകം C.L. (BSI)

1 അനന്തരം അഞ്ചാമത്തെ മാലാഖ കാഹളമൂതി. ആകാശത്തുനിന്നു ഭൂമിയിൽ നിപതിച്ച ഒരു നക്ഷത്രം ഞാൻ കണ്ടു.

2 അവന് അഗാധപാതാളത്തിന്റെ താക്കോൽ നല്‌കപ്പെട്ടു. അവൻ അതിന്റെ പ്രവേശനദ്വാരം തുറന്നു. അതിൽനിന്ന് ഒരു വലിയ തീച്ചൂളയിൽ നിന്നെന്നപോലെ പുക പൊങ്ങി. സൂര്യനും വായുമണ്ഡലവും പുകകൊണ്ട് ഇരുണ്ടുപോയി.

3 പുകയിൽനിന്ന് വെട്ടുക്കിളി ഭൂമിയിലേക്കു വന്നു. ഭൂമിയിലെ തേളുകൾക്കുള്ളതുപോലെയുള്ള ശക്തി അവയ്‍ക്കു നല്‌കപ്പെട്ടു.

4 നെറ്റിത്തടത്തിൽ സർവേശ്വരന്റെ മുദ്രയില്ലാത്ത മനുഷ്യരെയല്ലാതെ മറ്റാരെയെങ്കിലുമോ ഏതെങ്കിലും വൃക്ഷത്തെയോ പച്ചിലച്ചെടിയെയോ പുൽക്കൊടിയെയോ ദ്രോഹിക്കരുതെന്ന് അവയോടു കല്പിച്ചിരുന്നു.

5 അവരെ കൊല്ലുവാനല്ല, അഞ്ചുമാസം ദണ്ഡിപ്പിക്കുവാനത്രേ അതിന് അധികാരം നല്‌കപ്പെട്ടത്. അവ ഉണ്ടാക്കുന്ന വേദന തേളു കുത്തുമ്പോഴുള്ള വേദനപോലെ ആയിരിക്കും.

6 ആ നാളുകളിൽ മനുഷ്യൻ മരണത്തെ തേടും, പക്ഷേ കണ്ടെത്തുകയില്ല. അവർ മരിക്കാൻ ആഗ്രഹിക്കും, എന്നാൽ മരണം അവരെ വിട്ട് ഓടിയകലും.

7 യുദ്ധത്തിനുവേണ്ടി ചമയിച്ച് ഒരുക്കിനിറുത്തുന്ന പടക്കുതിരയെപ്പോലെയാണ് വെട്ടുക്കിളിയുടെ ആകൃതി. അവയുടെ മുഖം മനുഷ്യൻറേതുപോലെയും തലയിൽ സ്വർണക്കിരീടം വച്ചിരിക്കുന്നതുപോലെയും കാണപ്പെട്ടു.

8 സ്‍ത്രീകളുടേതുപോലെയുള്ള മുടി അവയ്‍ക്കുണ്ട്. സിംഹത്തിൻറേതുപോലെയുള്ള പല്ലുകളും

9 ഇരുമ്പുകവചംപോലെയുള്ള ചെതുമ്പലുകളും അവയ്‍ക്കുണ്ടായിരുന്നു. കുതിരകളെ പൂട്ടിയ അനേകം രഥങ്ങൾ പടക്കളത്തിലേക്കു പായുമ്പോഴുള്ള ശബ്ദം പോലെയാണ് അവയുടെ ചിറകടിയുടെ ശബ്ദം.

10 തേളിൻറേതുപോലെയുള്ള വാലും വിഷമുള്ളും അവയ്‍ക്കുണ്ട്. മനുഷ്യനെ അഞ്ചുമാസം വേദനിപ്പിക്കുന്നതിനുള്ള ശക്തി അവയുടെ വാലുകൾക്കുണ്ട്.

11 പാതാളത്തിന്റെ മാലാഖയാണ് അവയുടെ രാജാവ്. ആ മാലാഖയുടെ പേർ എബ്രായഭാഷയിൽ ‘അബദ്ദോൻ’ എന്നും ഗ്രീക്കുഭാഷയിൽ ‘അപ്പൊല്ലുവോൻ’ അഥവാ ‘നശിപ്പിക്കുന്നവൻ’ എന്നുമാണ്.

12 ഒന്നാമത്തെ കഷ്ടത കഴിഞ്ഞു. ഇനി രണ്ടു കഷ്ടതകൾ കൂടി വരുവാനുണ്ട്.

13 പിന്നീട് ആറാമത്തെ മാലാഖ കാഹളമൂതി. അപ്പോൾ ദൈവത്തിന്റെ മുമ്പിലുള്ള സ്വർണബലിപീഠത്തിന്റെ നാലു കൊമ്പുകളിൽനിന്ന് ഒരു ശബ്ദം ഞാൻ കേട്ടു.

14 കാഹളം കൈയിലുള്ള മാലാഖയോട്, “യൂഫ്രട്ടീസ് നദിയുടെ തീരത്തു ബന്ധിച്ചിരിക്കുന്ന നാലു മാലാഖമാരെയും അഴിച്ചുവിടുക” എന്നു പറയുന്നതായിരുന്നു ആ ശബ്ദം.

15 ഉടനെ ആ മാലാഖമാരെ അഴിച്ചുവിട്ടു. മനുഷ്യരാശിയുടെ മൂന്നിലൊന്നു ഭാഗത്തെ കൊന്നൊടുക്കുവാനുള്ള നാഴികയ്‍ക്കും ദിവസത്തിനും മാസത്തിനും വർഷത്തിനുംവേണ്ടി ഒരുക്കപ്പെട്ടവരാണ് അവർ.

16 കുതിരപ്പടയുടെ സംഖ്യ പതിനായിരത്തിന്റെ ഇരുപതിനായിരം മടങ്ങ് എന്നു ഞാൻ കേട്ടു. ആ കുതിരപ്പടയെ ദർശനത്തിൽ ഞാൻ കണ്ടത് ഇങ്ങനെയാണ്:

17 കുതിരപ്പുറത്തിരുന്നവർ അഗ്നിയുടെയും ഇന്ദ്രനീലത്തിന്റെയും ഗന്ധകത്തിന്റെയും നിറമുള്ള കവചം ധരിച്ചിരിക്കുന്നു. സിംഹത്തിൻറേതുപോലെ തലയുള്ള കുതിരയുടെ വായിൽനിന്നു തീയും ഗന്ധകവും പുകയും പുറപ്പെട്ടിരുന്നു.

18 ഈ മൂന്നു മഹാമാരികൾമൂലം മനുഷ്യരാശിയുടെ മൂന്നിലൊന്നു നശിച്ചുപോയി. ആ കുതിരയുടെ വായിൽനിന്നു പുറപ്പെട്ട അഗ്നിയും പുകയും ഗന്ധകവുംകൊണ്ടു തന്നെ.

19 എന്തെന്നാൽ ആ കുതിരകളുടെ ശക്തി അവയുടെ വായിലും വാലിലും ആണ്. സർപ്പാകൃതിയും തലയുമുള്ളവ ആയിരുന്നു അവയുടെ വാലുകൾ. ആ വാലുകൊണ്ട് അവ ക്ഷതമേല്പിക്കുന്നു.

20 ഈ മഹാമാരികൾകൊണ്ടു കൊല്ലപ്പെടാതെ അവശേഷിച്ചവർ തങ്ങളുടെ കൈകളുടെ പ്രവൃത്തിയെക്കുറിച്ച് അനുതപിച്ചില്ല; പിശാചുപൂജയും വിഗ്രഹാരാധനയും തുടർന്നുപോന്നു. പൊന്നും വെള്ളിയും വെള്ളോടും കല്ലും മരവുംകൊണ്ട് ഉണ്ടാക്കിയിട്ടുള്ളവയാണ് അവർ ആരാധിക്കുന്ന വിഗ്രഹങ്ങൾ. അവയ്‍ക്കു കാണുവാനോ, കേൾക്കുവാനോ, നടക്കുവാനോ ഉള്ള കഴിവില്ലല്ലോ.

21 തങ്ങളുടെ കൊലപാതകങ്ങൾ, ആഭിചാരം, ദുർവൃത്തികൾ, മോഷണങ്ങൾ ഇവയെക്കുറിച്ച് അവർ അനുതപിച്ചതുമില്ല.

Malayalam C.L. Bible, - സത്യവേദപുസ്തകം C.L.

Copyright © 2016 by The Bible Society of India

Used by permission. All rights reserved worldwide.

Bible Society of India
Lean sinn:



Sanasan