Biblia Todo Logo
Bìoball air-loidhne

- Sanasan -

വെളിപ്പാട് 15 - സത്യവേദപുസ്തകം C.L. (BSI)


അന്ത്യമഹാമാരികൾ

1 അദ്ഭുതകരമായ മറ്റൊരു വലിയ അടയാളം ഞാൻ സ്വർഗത്തിൽ ദർശിച്ചു. അവസാനത്തെ ഏഴു മഹാമാരികളോടുകൂടിയ ഏഴു മാലാഖമാർ പ്രത്യക്ഷരായി. ഇതോടുകൂടി ദൈവത്തിന്റെ രോഷം സമാപിച്ചു.

2 അഗ്നിമയമായ സ്ഫടികസമുദ്രംപോലെ ഒന്നു ഞാൻ കണ്ടു. മൃഗത്തോടും, അതിന്റെ പ്രതിമയോടും, ആ പേരിന്റെ സംഖ്യയോടും പൊരുതി ജയിച്ചവർ വീണകൾ കൈയിലെടുത്ത് സ്ഫടികക്കടലിനു സമീപം നില്‌ക്കുന്നതും ഞാൻ ദർശിച്ചു.

3 അവർ ദൈവത്തിന്റെ ദാസനായ മോശയുടെ ഗാനവും കുഞ്ഞാടിന്റെ ഗാനവും ആലപിച്ചു. അത് ഇപ്രകാരം ആയിരുന്നു: “സർവശക്തനും ദൈവവുമായ സർവേശ്വരാ, അവിടുത്തെ പ്രവൃത്തികൾ മഹത്തും അദ്ഭുതകരവുമാകുന്നു. സർവ ജനതകളുടെയും രാജാവേ, അവിടുത്തെ വഴികൾ നീതിയും സത്യവുമുള്ളവയാകുന്നു.

4 സർവേശ്വരാ, ആർ അങ്ങയെ ഭയപ്പെടാതിരിക്കും? ആർ അങ്ങയുടെ നാമത്തെ പ്രകീർത്തിക്കാതിരിക്കും? അങ്ങു മാത്രമാണല്ലോ പരിശുദ്ധൻ. അവിടുത്തെ ന്യായവിധികൾ വെളിപ്പെട്ടിരിക്കുന്നതിനാൽ സകല ജനതകളും വന്ന് അങ്ങയെ വന്ദിക്കും.”

5 അതിനുശേഷം സ്വർഗത്തിലെ സാക്ഷ്യകൂടാരം തുറന്നിരിക്കുന്നതു ഞാൻ കണ്ടു.

6 ആ ഏഴു മാലാഖമാർ ഏഴു മഹാമാരികളോടുകൂടി ദേവാലയത്തിൽനിന്നു പുറത്തുവന്നു. അവർ ശുദ്ധവും ശുഭ്രവുമായ വിശിഷ്ടവസ്ത്രം ധരിച്ചിരുന്നു; മാറിൽ പൊൻകച്ചയും.

7 അപ്പോൾ നാലു ജീവികളിൽ ഒന്ന് എന്നെന്നേക്കും ജീവിക്കുന്ന ദൈവത്തിന്റെ ഉഗ്രരോഷം നിറഞ്ഞ ഏഴു പൊൻകലശം ആ ഏഴു മാലാഖമാർക്കു നല്‌കി.

8 ദൈവത്തിന്റെ തേജസ്സിൽനിന്നും ശക്തിയിൽനിന്നും ഉയർന്ന ധൂമംകൊണ്ട് ദേവാലയം നിറഞ്ഞു. ഏഴു മാലാഖമാരുടെ ഏഴു മഹാമാരികളും അവസാനിക്കുന്നതുവരെ ആർക്കും ദേവാലയത്തിൽ പ്രവേശിക്കുവാൻ കഴിഞ്ഞില്ല.

Malayalam C.L. Bible, - സത്യവേദപുസ്തകം C.L.

Copyright © 2016 by The Bible Society of India

Used by permission. All rights reserved worldwide.

Bible Society of India
Lean sinn:



Sanasan