വെളിപ്പാട് 10 - സത്യവേദപുസ്തകം C.L. (BSI)ചെറിയ ഗ്രന്ഥച്ചുരുൾ 1 അനന്തരം ശക്തനായ മറ്റൊരു മാലാഖ ആകാശത്തുനിന്ന് ഇറങ്ങി വരുന്നതു ഞാൻ കണ്ടു. മേഘത്തിൽ പൊതിഞ്ഞിരുന്ന ആ മാലാഖയുടെ ശിരസ്സിനു മുകളിൽ ഒരു മഴവില്ലുണ്ടായിരുന്നു. ആ ദൈവദൂതന്റെ മുഖം സൂര്യനെപ്പോലെയും കാലുകൾ അഗ്നിസ്തംഭങ്ങൾപോലെയും ഇരുന്നു. 2 കൈയിൽ തുറന്ന ഒരു ഗ്രന്ഥച്ചുരുൾ ഉണ്ടായിരുന്നു. വലത്തുകാല് കടലിന്മേലും ഇടത്തുകാല് കരയിലും ഉറപ്പിച്ചുകൊണ്ട്, 3 മാലാഖ സിംഹം ഗർജിക്കുന്നതുപോലെ അട്ടഹസിച്ചു. ആ ഗർജനത്തോടൊപ്പം ഏഴ് ഇടി മുഴങ്ങി. 4 ഏഴ് ഇടി സംസാരിച്ചത് ഞാൻ എഴുതുവാൻ ഭാവിച്ചു. ഗർജനത്തോടൊപ്പം അപ്പോൾ “ആ ഏഴ് ഇടിമുഴക്കം സംസാരിച്ച കാര്യങ്ങൾക്കു മുദ്രവയ്‍ക്കുക; അവ എഴുതപ്പെടരുത്” എന്ന് ആകാശത്തുനിന്നു പറയുന്നതായി ഞാൻ കേട്ടു. 5 കരയിലും കടലിലും കാലുറപ്പിച്ചു നില്‌ക്കുന്നതായി ഞാൻ കണ്ട മാലാഖ വലങ്കൈ ആകാശത്തേക്കുയർത്തി ഇപ്രകാരം പ്രതിജ്ഞ ചെയ്തു: 6 “ആകാശവും അതിലുള്ളതും, ഭൂമിയും അതിലുള്ളതും എല്ലാം സൃഷ്‍ടിച്ചവനും നിത്യനുമായ ദൈവത്തിന്റെ നാമത്തിൽ ഞാൻ പറയുന്നു: ഇനി കാലവിളംബം ഉണ്ടാകുകയില്ല. 7 ഏഴാമത്തെ മാലാഖയുടെ കാഹളം മുഴങ്ങുന്ന നാളുകളിൽ ദൈവം തന്റെ ദാസന്മാരായ പ്രവാചകന്മാരെ അറിയിച്ച നിഗൂഢ പദ്ധതി നിർവഹിക്കപ്പെടും.” 8 “കടലിലും കരയിലും കാലൂന്നി നില്‌ക്കുന്ന മാലാഖയുടെ കൈയിലിരിക്കുന്ന തുറന്ന ഗ്രന്ഥച്ചുരുൾ വാങ്ങുക” എന്ന് ആകാശത്തുനിന്നു മുമ്പു സംസാരിച്ച ശബ്ദം എന്നോടു വീണ്ടും പറഞ്ഞു. 9 ഞാൻ ആ മാലാഖയുടെ അടുത്തുചെന്ന് “ആ ചെറിയ ഗ്രന്ഥച്ചുരുൾ തന്നാലും” എന്ന് ആവശ്യപ്പെട്ടു. അപ്പോൾ മാലാഖ പറഞ്ഞു: “ഇതു വാങ്ങിത്തിന്നുകൊള്ളുക; ഇതു നിന്റെ വയറിനു കയ്പായിരിക്കുമെങ്കിലും നിന്റെ വായിൽ തേൻപോലെ മധുരമുള്ളതായിരിക്കും.” 10 മാലാഖയുടെ കൈയിൽനിന്ന് ഞാൻ ആ ചെറിയ ഗ്രന്ഥച്ചുരുൾ വാങ്ങിത്തിന്നു; അതു തേൻപോലെ മധുരമുള്ളതായി തോന്നി. എങ്കിലും അതു വയറ്റിൽ ചെന്നപ്പോൾ വയറു വല്ലാതെ കയ്ച്ചുപോയി. 11 “നീ ഇനി അനേകം ജനസമൂഹങ്ങളെയും രാഷ്ട്രങ്ങളെയും ഭാഷക്കാരെയും രാജാക്കന്മാരെയും സംബന്ധിച്ചു പ്രവചിക്കേണ്ടതാണ്” എന്നു മാലാഖ എന്നോടു പറഞ്ഞു. |
Malayalam C.L. Bible, - സത്യവേദപുസ്തകം C.L.
Copyright © 2016 by The Bible Society of India
Used by permission. All rights reserved worldwide.
Bible Society of India