Biblia Todo Logo
Bìoball air-loidhne

- Sanasan -

സങ്കീർത്തനങ്ങൾ 99 - സത്യവേദപുസ്തകം C.L. (BSI)


വിശുദ്ധനായ രാജാവ്

1 സർവേശ്വരൻ വാഴുന്നു, ജനതകൾ വിറയ്‍ക്കട്ടെ. അവിടുന്നു കെരൂബുകളിന്മേൽ സിംഹാസനസ്ഥനായിരിക്കുന്നു; ഭൂമി കുലുങ്ങട്ടെ.

2 സർവേശ്വരൻ സീയോനിൽ വലിയവനാണ്, അവിടുന്നു സകല ജനതകളെയും ഭരിക്കുന്ന പരമോന്നതൻ.

3 അവിടുത്തെ മഹത്തും ഭീതിദവുമായ നാമത്തെ അവർ പ്രകീർത്തിക്കട്ടെ, അവിടുന്നു പരിശുദ്ധനാണല്ലോ.

4 കരുത്തുറ്റ രാജാവേ, നീതിയെ സ്നേഹിക്കുന്നവനേ, അവിടുന്നു ന്യായത്തെ സുസ്ഥിരമാക്കിയിരിക്കുന്നു. അവിടുന്ന് ഇസ്രായേലിൽ നീതിയും ന്യായവും നടത്തിയിരിക്കുന്നു.

5 നമ്മുടെ ദൈവമായ സർവേശ്വരനെ വാഴ്ത്തുവിൻ. അവിടുത്തെ പാദപീഠത്തിൽ നമസ്കരിക്കുവിൻ. അവിടുന്നു പരിശുദ്ധനാകുന്നു.

6 മോശയും അഹരോനും അവിടുത്തെ പുരോഹിതഗണത്തിൽപ്പെട്ടവരാണ്. ശമൂവേൽ അങ്ങയുടെ നാമം വിളിച്ചപേക്ഷിച്ചവരിൽ ഉൾപ്പെടുന്നു. അവർ സർവേശ്വരനോട് അപേക്ഷിച്ചു, അവിടുന്ന് അവർക്ക് ഉത്തരമരുളി.

7 മേഘസ്തംഭത്തിൽനിന്ന് അവിടുന്ന് അവരോടു സംസാരിച്ചു; അവർ അവിടുത്തെ കല്പനകളും ചട്ടങ്ങളും പാലിച്ചു;

8 ഞങ്ങളുടെ ദൈവമായ സർവേശ്വരാ, അവിടുന്ന് അവർക്ക് ഉത്തരമരുളി. അവിടുന്ന് അവർക്കു ക്ഷമിക്കുന്ന ദൈവവും, അവരുടെ ദുഷ്പ്രവൃത്തികൾക്ക് ശിക്ഷ നല്‌കുന്നവനും ആയിരുന്നു.

9 നമ്മുടെ ദൈവമായ സർവേശ്വരനെ പ്രകീർത്തിക്കുവിൻ. വിശുദ്ധപർവതത്തിൽ അവിടുത്തെ ആരാധിക്കുവിൻ. നമ്മുടെ ദൈവമായ സർവേശ്വരൻ പരിശുദ്ധനല്ലോ.

Malayalam C.L. Bible, - സത്യവേദപുസ്തകം C.L.

Copyright © 2016 by The Bible Society of India

Used by permission. All rights reserved worldwide.

Bible Society of India
Lean sinn:



Sanasan