Biblia Todo Logo
Bìoball air-loidhne

- Sanasan -

സങ്കീർത്തനങ്ങൾ 98 - സത്യവേദപുസ്തകം C.L. (BSI)


ദൈവം ലോകത്തെ ഭരിക്കുന്നു
ഒരു സങ്കീർത്തനം

1 സർവേശ്വരന് ഒരു പുതിയ പാട്ടു പാടുവിൻ; അവിടുന്ന് അദ്ഭുതങ്ങൾ പ്രവർത്തിച്ചിരിക്കുന്നു. അവിടുത്തെ വലങ്കൈയും വിശുദ്ധഭുജവും വിജയം നേടിയിരിക്കുന്നു.

2 സർവേശ്വരൻ തന്റെ വിജയം വിളംബരം ചെയ്തു. ജനതകളുടെ മുമ്പിൽ അവിടുന്നു തന്റെ നീതി വെളിപ്പെടുത്തിയിരിക്കുന്നു.

3 ഇസ്രായേൽജനത്തോടുള്ള അവിടുത്തെ സുസ്ഥിരസ്നേഹവും വിശ്വസ്തതയും അവിടുന്ന് ഓർത്തു; സർവഭൂവാസികളും നമ്മുടെ ദൈവത്തിന്റെ വിജയം ദർശിച്ചിരിക്കുന്നു.

4 ഭൂവാസികളേ, സർവേശ്വരന് ആഹ്ലാദാരവം മുഴക്കുവിൻ. ആനന്ദഘോഷത്തോടെ സ്തോത്രഗീതം ആലപിക്കുവിൻ.

5 കിന്നരം മീട്ടി സർവേശ്വരനു സ്തോത്രം പാടുവിൻ. കിന്നരത്തോടും ശ്രുതിമധുരമായ സംഗീതത്തോടുംകൂടി പാടുവിൻ.

6 കൊമ്പും കാഹളവും ഊതി, രാജാവായ സർവേശ്വരന്റെ മുമ്പിൽ ആനന്ദഘോഷം ഉയർത്തുവിൻ.

7 സമുദ്രവും അതിലുള്ളവയും, ഭൂമിയും അതിലെ നിവാസികളും ആർത്തുഘോഷിക്കട്ടെ.

8 ജലപ്രവാഹങ്ങൾ സർവേശ്വരന്റെ മുമ്പിൽ കരഘോഷം മുഴക്കട്ടെ. കുന്നുകൾ ഒത്തുചേർന്ന് അവിടുത്തെ മുമ്പിൽ ആനന്ദഗീതം ആലപിക്കട്ടെ.

9 അവിടുന്നു ലോകത്തെ നീതിയോടും ജനതകളെ ന്യായത്തോടും ഭരിക്കും.

Malayalam C.L. Bible, - സത്യവേദപുസ്തകം C.L.

Copyright © 2016 by The Bible Society of India

Used by permission. All rights reserved worldwide.

Bible Society of India
Lean sinn:



Sanasan