Biblia Todo Logo
Bìoball air-loidhne

- Sanasan -

സങ്കീർത്തനങ്ങൾ 96 - സത്യവേദപുസ്തകം C.L. (BSI)


രാജാധിരാജാവായ ദൈവം

1 സർവേശ്വരന് ഒരു പുതിയ പാട്ടു പാടുവിൻ, സകല ഭൂവാസികളും അവിടുത്തെ പാടി സ്തുതിക്കട്ടെ.

2 സർവേശ്വരനെ പ്രകീർത്തിച്ചു പാടുവിൻ, അവിടുത്തെ നാമത്തെ വാഴ്ത്തുവിൻ. അവിടുത്തെ രക്ഷയെ പ്രതിദിനം പ്രഘോഷിക്കുവിൻ!

3 അവിടുത്തെ മഹത്ത്വം ജനതകളുടെ ഇടയിൽ വിളംബരം ചെയ്യുവിൻ! അന്യജനതകളുടെ ഇടയിൽ അവിടുത്തെ അദ്ഭുതപ്രവൃത്തികൾ പ്രഘോഷിക്കുവിൻ.

4 സർവേശ്വരൻ വലിയവൻ, അവിടുന്ന് ഏറ്റവും സ്തുത്യനും സകല ദേവന്മാരെയുംകാൾ ഭയഭക്തിക്കർഹനുമാണ്.

5 ജനതകളുടെ ദേവന്മാർ മിഥ്യാവിഗ്രഹങ്ങൾ; ആകാശത്തെ സൃഷ്‍ടിച്ചത് സർവേശ്വരനത്രേ.

6 തേജസ്സും മഹത്ത്വവും തിരുമുമ്പിലുണ്ട്! അവിടുത്തെ വിശുദ്ധമന്ദിരത്തിൽ ശക്തിയും സൗന്ദര്യവും നിറഞ്ഞു നില്‌ക്കുന്നു.

7 ജനപദങ്ങളേ, സർവേശ്വരനെ മഹത്ത്വപ്പെടുത്തുവിൻ! അവിടുത്തെ മഹത്ത്വവും ശക്തിയും പ്രഘോഷിക്കുവിൻ!

8 സർവേശ്വരന്റെ നാമം എത്ര മഹിമയേറിയതെന്ന് ഉദ്ഘോഷിക്കുവിൻ. തിരുമുൽക്കാഴ്ചകളുമായി അവിടുത്തെ ആലയത്തിലേക്കു വരുവിൻ.

9 വിശുദ്ധവസ്ത്രാലങ്കാരത്തോടെ അവിടുത്തെ ആരാധിക്കുവിൻ! സർവഭൂവാസികളും അവിടുത്തെ മുമ്പിൽ ഭയന്നു വിറയ്‍ക്കട്ടെ.

10 ജനതകളുടെ ഇടയിൽ ഇങ്ങനെ പ്രഘോഷിക്കുവിൻ. “സർവേശ്വരൻ വാഴുന്നു, അവിടുന്നു ഭൂമിയെ യഥാസ്ഥാനത്ത് ഉറപ്പിച്ചിരിക്കുന്നു. അതിന് ഇളക്കം തട്ടുകയില്ല. അവിടുന്നു ജനതകളെ നീതിപൂർവം വിധിക്കും.”

11 ആകാശം ആഹ്ലാദിക്കട്ടെ! ഭൂമി ആനന്ദിക്കട്ടെ. സമുദ്രവും അതിലുള്ളവയും ആർത്തുഘോഷിക്കട്ടെ!

12 വയലും അതിലുള്ള സകലവും സന്തോഷിക്കട്ടെ. അപ്പോൾ വനവൃക്ഷങ്ങൾ സർവേശ്വരന്റെ സന്നിധിയിൽ ഉല്ലസിച്ചു ഘോഷിക്കും.

13 സർവേശ്വരൻ ഭൂമിയെ ഭരിക്കാൻ വരുന്നുവല്ലോ അവിടുന്നു ലോകത്തെ നീതിയോടും ജനതകളെ വിശ്വസ്തതയോടും കൂടി ഭരിക്കും.

Malayalam C.L. Bible, - സത്യവേദപുസ്തകം C.L.

Copyright © 2016 by The Bible Society of India

Used by permission. All rights reserved worldwide.

Bible Society of India
Lean sinn:



Sanasan