Biblia Todo Logo
Bìoball air-loidhne

- Sanasan -

സങ്കീർത്തനങ്ങൾ 95 - സത്യവേദപുസ്തകം C.L. (BSI)


ആരാധനയും അനുസരണവും

1 വരുവിൻ, നമുക്കു സർവേശ്വരനെ പ്രകീർത്തിക്കാം, നമ്മുടെ രക്ഷാശിലയെ ഉല്ലാസത്തോടെ പാടിപ്പുകഴ്ത്താം.

2 സ്തോത്രത്തോടെ നമുക്കു തിരുസന്നിധിയിൽ ചെല്ലാം, ആനന്ദത്തോടെ സ്തോത്രഗാനം ആലപിക്കാം.

3 സർവേശ്വരൻ മഹാദൈവമല്ലോ! അവിടുന്നു ദേവാധിദേവനായ മഹാരാജാവു തന്നെ.

4 അവിടുന്നു ഭൂമി മുഴുവന്റെയും രാജാവാണ്. ഭൂമിയുടെ അഗാധതലങ്ങൾ മുതൽ പർവതശൃംഗങ്ങൾവരെ സകലത്തിന്റെയും അധിപൻ അവിടുന്നാകുന്നു.

5 സമുദ്രത്തെ ഭരിക്കുന്നത് അവിടുന്നാണ്, അവിടുന്നാണ് അതിനെ നിർമ്മിച്ചത്. കരയ്‍ക്കു രൂപം നല്‌കിയത് അവിടുത്തെ കരങ്ങളാണ്.

6 വരുവിൻ, നമുക്ക് കുമ്പിട്ട് ആരാധിക്കാം. നമ്മെ സൃഷ്‍ടിച്ച സർവേശ്വരന്റെ മുമ്പിൽ മുട്ടുകുത്താം.

7 അവിടുന്നാണു നമ്മുടെ ദൈവം; നാം അവിടുന്നു മേയ്‍ക്കുന്ന ജനം അവിടുന്നു പരിപാലിക്കുന്ന അജഗണം തന്നെ. ഇന്നു നിങ്ങൾ അവിടുത്തെ സ്വരം ശ്രദ്ധിച്ചിരുന്നെങ്കിൽ!

8 “മെരീബയിൽ, മരുഭൂമിയിലെ മസ്സായിൽ, നിങ്ങളുടെ പിതാക്കന്മാർ ചെയ്തതുപോലെ, നിങ്ങളുടെ ഹൃദയം കഠിനമാക്കരുത്.

9 അവിടെ അവർ എന്നെ പരീക്ഷിച്ചു; എന്റെ പ്രവൃത്തി കണ്ടിട്ടും എന്നെ പരിശോധിച്ചു.

10 നാല്പതു വർഷം എനിക്കവരോടു വെറുപ്പു തോന്നി; അവർ എത്ര അവിശ്വസ്തർ; അവർ എന്റെ കല്പനകൾ അനുസരിക്കുന്നില്ല എന്നു ഞാൻ പറഞ്ഞു.

11 ഞാൻ സ്വസ്ഥത നല്‌കുമായിരുന്ന ദേശത്ത് അവർ പ്രവേശിക്കുകയില്ലെന്ന് ഞാൻ കോപത്തോടെ ശപഥം ചെയ്തു.

Malayalam C.L. Bible, - സത്യവേദപുസ്തകം C.L.

Copyright © 2016 by The Bible Society of India

Used by permission. All rights reserved worldwide.

Bible Society of India
Lean sinn:



Sanasan