Biblia Todo Logo
Bìoball air-loidhne

- Sanasan -

സങ്കീർത്തനങ്ങൾ 92 - സത്യവേദപുസ്തകം C.L. (BSI)


നീതിമാന്റെ സന്തോഷം
ശബത്തുനാൾക്കുള്ള ഗീതം

1 സർവേശ്വരാ, അങ്ങേക്കു സ്തോത്രം അർപ്പിക്കുന്നതും അത്യുന്നതനായ ദൈവമേ, അങ്ങേക്കു കീർത്തനം ആലപിക്കുന്നതും എത്ര ശ്രേഷ്ഠം!

2 പത്തു കമ്പികളുള്ള വീണയും കിന്നരവും മീട്ടി

3 പ്രഭാതംതോറും അവിടുത്തെ അചഞ്ചല സ്നേഹവും രാത്രിതോറും അവിടുത്തെ വിശ്വസ്തതയും പ്രഘോഷിക്കുന്നത് എത്ര ഉചിതം.

4 സർവേശ്വരാ, അങ്ങയുടെ പ്രവൃത്തികൾ എന്നെ സന്തോഷിപ്പിക്കുന്നു. അങ്ങയുടെ കൈകളുടെ പ്രവൃത്തികൾ കണ്ട് ഞാൻ ആനന്ദഗീതം ആലപിക്കുന്നു.

5 സർവേശ്വരാ, അങ്ങയുടെ പ്രവൃത്തികൾ എത്ര മഹനീയം! അങ്ങയുടെ ചിന്തകൾ എത്ര അഗാധം!

6 മൂഢൻ അതു ഗ്രഹിക്കുന്നില്ല; ഭോഷന് അതു മനസ്സിലാക്കാൻ കഴിയുന്നുമില്ല.

7 ദുഷ്ടന്മാർ പുല്ലുപോലെ മുളയ്‍ക്കുന്നു; അധർമം പ്രവർത്തിക്കുന്നവർ തഴച്ചുവളരുന്നു. എങ്കിലും അവർ ഉന്മൂലനം ചെയ്യപ്പെടും.

8 എന്നാൽ സർവേശ്വരാ, അവിടുന്ന് എന്നും പരമോന്നതനാണ്.

9 പരമനാഥാ, നിശ്ചയമായും അവിടുത്തെ ശത്രുക്കൾ നശിക്കും. സകല ദുഷ്കർമികളും ചിതറിക്കപ്പെടും.

10 എന്നാൽ അവിടുന്ന് എനിക്കു കാട്ടുപോത്തിന്റെ ശക്തി തന്നു, അവിടുന്ന് എന്റെമേൽ പുതുതൈലം ഒഴിച്ചു.

11 എന്റെ ശത്രുക്കളുടെ പതനം ഞാൻ കണ്ടു. എന്നെ എതിർക്കുന്ന ദുഷ്കർമികളുടെ നിലവിളി ഞാൻ കേട്ടു.

12 നീതിമാൻ പനപോലെ തഴയ്‍ക്കും. ലെബാനോനിലെ ദേവദാരുപോലെ വളരും.

13 സർവേശ്വരന്റെ ആലയത്തിൽ അവരെ നട്ടിരിക്കുന്നു. നമ്മുടെ ദൈവത്തിന്റെ ആലയത്തിലെ അങ്കണത്തിൽ അവർ തഴച്ചുവളരും.

14 വാർധക്യത്തിലും അവർ ഫലം നല്‌കും. പച്ചിലച്ചാർത്ത് ചൂടി എന്നും പുഷ്‍ടിയോടിരിക്കും.

15 സർവേശ്വരൻ നീതിമാനാണെന്ന് അവർ പ്രഘോഷിക്കുന്നു. അവിടുന്നാണ് എന്റെ അഭയശില. അനീതി അങ്ങയിൽ ഒട്ടും ഇല്ലല്ലോ.

Malayalam C.L. Bible, - സത്യവേദപുസ്തകം C.L.

Copyright © 2016 by The Bible Society of India

Used by permission. All rights reserved worldwide.

Bible Society of India
Lean sinn:



Sanasan