Biblia Todo Logo
Bìoball air-loidhne

- Sanasan -

സങ്കീർത്തനങ്ങൾ 91 - സത്യവേദപുസ്തകം C.L. (BSI)


സംരക്ഷകനായ ദൈവം

1 അത്യുന്നതന്റെ സംരക്ഷണത്തിൽ വസിക്കുന്നവൻ, സർവശക്തന്റെ തണലിൽ പാർക്കുന്നവൻ

2 സർവേശ്വരനോടു പറയും: “അവിടുന്നാണ് എന്റെ സങ്കേതവും കോട്ടയും ഞാനാശ്രയിക്കുന്ന എന്റെ ദൈവവും.”

3 അവിടുന്നു നിന്നെ വേട്ടക്കാരന്റെ കെണിയിൽ നിന്നും, മാരകമായ മഹാമാരിയിൽനിന്നും വിടുവിക്കും.

4 അവിടുത്തെ തൂവലുകൾകൊണ്ടു നിന്നെ മറയ്‍ക്കും. അവിടുത്തെ ചിറകുകളുടെ കീഴിൽ നീ സുരക്ഷിതനായിരിക്കും. അവിടുത്തെ വിശ്വസ്തത നിനക്കു പരിചയും കവചവും ആയിരിക്കും.

5 രാത്രിയിലെ ഭീകരതയെയും പകൽ പെട്ടെന്നുണ്ടാകുന്ന വിപത്തിനെയും

6 ഇരുളിൽ സഞ്ചരിക്കുന്ന മഹാമാരിയെയും ഉച്ചയ്‍ക്കു വരുന്ന വിനാശത്തെയും നീ ഭയപ്പെടേണ്ടാ.

7 നിന്റെ ഇടത്തുവശത്ത് ആയിരങ്ങളും നിന്റെ വലത്തുവശത്ത് പതിനായിരങ്ങളും നിപതിക്കും. എന്നാൽ ഒരു അനർഥവും നിനക്കു ഭവിക്കയില്ല.

8 ദുഷ്ടന്മാർക്കു ലഭിക്കുന്ന ശിക്ഷ നീ കാണും.

9 നീ സർവേശ്വരനെ നിന്റെ സങ്കേതവും അത്യുന്നതനെ അഭയസ്ഥാനവും ആക്കിയിരിക്കുന്നുവല്ലോ.

10 ഒരു അനർഥവും നിനക്കു ഭവിക്കയില്ല. ഒരു ബാധയും നിന്റെ കൂടാരത്തെ സമീപിക്കയില്ല.

11 നിന്റെ എല്ലാ വഴികളിലും നിന്നെ സംരക്ഷിക്കാൻ തന്റെ ദൂതന്മാരോട് അവിടുന്നു കല്പിക്കും.

12 നിന്റെ കാൽ കല്ലിൽ തട്ടാതിരിക്കാൻ, അവർ നിന്നെ കൈകളിൽ വഹിച്ചുകൊള്ളും. സിംഹത്തിന്റെയും അണലിയുടെയുംമേൽ നീ ചവിട്ടും.

13 സിംഹക്കുട്ടിയെയും സർപ്പത്തെയും നീ ചവിട്ടിമെതിക്കും.

14 ദൈവം അരുളിച്ചെയ്യുന്നു: “അവൻ സ്നേഹപൂർവം എന്നോടു പറ്റിച്ചേർന്നിരിക്കയാൽ, ഞാൻ അവനെ രക്ഷിക്കും. അവൻ എന്നെ അറിയുന്നതുകൊണ്ടു ഞാൻ അവനെ സംരക്ഷിക്കും.

15 എന്നെ വിളിച്ചപേക്ഷിക്കുമ്പോൾ ഞാൻ അവന് ഉത്തരമരുളും, കഷ്ടകാലത്ത് ഞാൻ അവനോടുകൂടെ ഇരിക്കും. ഞാൻ അവനെ വിടുവിക്കുകയും മഹത്ത്വപ്പെടുത്തുകയും ചെയ്യും.

16 ദീർഘായുസ്സു നല്‌കി ഞാൻ അവനെ സംതൃപ്തനാക്കും. അവന്റെ രക്ഷകൻ ഞാനാണെന്ന് അവനെ ബോധ്യപ്പെടുത്തും.”

Malayalam C.L. Bible, - സത്യവേദപുസ്തകം C.L.

Copyright © 2016 by The Bible Society of India

Used by permission. All rights reserved worldwide.

Bible Society of India
Lean sinn:



Sanasan