Biblia Todo Logo
Bìoball air-loidhne

- Sanasan -

സങ്കീർത്തനങ്ങൾ 90 - സത്യവേദപുസ്തകം C.L. (BSI)


നാലാം പുസ്‍തകം നിത്യനായ ദൈവം
ദൈവപുരുഷനായ മോശയുടെ പ്രാർഥന

1 സർവേശ്വരാ, അവിടുന്നാണ് തലമുറതലമുറയായി ഞങ്ങളുടെ അഭയസ്ഥാനം.

2 അവിടുന്നു നിത്യനായ ദൈവം, പർവതങ്ങൾ ഉണ്ടാകുന്നതിനുമുമ്പ്, പ്രപഞ്ചത്തെ അവിടുന്നു നിർമ്മിക്കുന്നതിനു മുമ്പുതന്നെ. അവിടുന്ന് എന്നേക്കും ദൈവം ആകുന്നു.

3 അവിടുന്നു മർത്യനെ മണ്ണിലേക്കു തിരികെ ചേർക്കുന്നു; മനുഷ്യമക്കളേ, മണ്ണിലേക്കു മടങ്ങുവിൻ എന്നു കല്പിക്കുന്നു.

4 ആയിരം വർഷം അങ്ങേക്ക് ഒരു ദിവസം പോലെയും, രാത്രിയിലെ ഒരു യാമംപോലെയും ആകുന്നു.

5 അവിടുന്നു മനുഷ്യനെ തുടച്ചുനീക്കുന്നു, ഉണരുമ്പോൾ മറന്നുപോകുന്ന സ്വപ്നം പോലെയാണവർ; പ്രഭാതത്തിൽ നാമ്പു നീട്ടുന്ന പുല്ലു പോലെയാണവർ.

6 രാവിലെ അതു മുളച്ചുവളരുന്നു, വൈകുന്നേരം വാടിക്കരിയുന്നു.

7 അവിടുത്തെ ക്രോധം ഞങ്ങളെ പരിഭ്രാന്തരാക്കുന്നു. അവിടുത്തെ രോഷത്താൽ ഞങ്ങൾ നശിക്കുന്നു.

8 ഞങ്ങളുടെ അപരാധങ്ങൾ തിരുമുമ്പിൽ വച്ചിരിക്കുന്നു. ഞങ്ങളുടെ രഹസ്യപാപങ്ങൾ തിരുസന്നിധിയിൽ വെളിപ്പെട്ടിരിക്കുന്നു.

9 അവിടുത്തെ ക്രോധത്താൽ ഞങ്ങളുടെ ആയുസ്സ് ചുരുങ്ങുന്നു. ഞങ്ങളുടെ ജീവിതം ഒരു നെടുവീർപ്പുപോലെ പെട്ടെന്ന് അവസാനിക്കുന്നു.

10 ഞങ്ങളുടെ ആയുഷ്കാലം എഴുപതു വർഷം, ഏറിയാൽ എൺപത്. എന്നിട്ടും അക്കാലമത്രയും ഞങ്ങൾക്കു കഷ്ടതയും ദുരിതവുമത്രേ. ആയുസ്സ് പെട്ടെന്നു തീർന്നു ഞങ്ങൾ കടന്നു പോകുന്നു.

11 അങ്ങയുടെ കോപത്തിന്റെ ഉഗ്രത ആരറിയുന്നു? അങ്ങയുടെ ക്രോധം എത്ര ഭീകരമെന്നറിഞ്ഞ് അങ്ങയെ ഭയപ്പെടുന്നവർ ആര്?

12 ഞങ്ങളുടെ ആയുസ്സിന്റെ നാളുകൾ എണ്ണാൻ ഞങ്ങളെ പഠിപ്പിക്കണമേ, അങ്ങനെ ഞങ്ങൾ വിവേകികൾ ആകട്ടെ.

13 സർവേശ്വരാ, ഈ ദാസരോട് അവിടുന്നു എത്രനാൾ കോപിക്കും? കനിവുണ്ടാകണമേ, അവിടുത്തെ ദാസരോടു കരുണ തോന്നണമേ.

14 അവിടുത്തെ അചഞ്ചലസ്നേഹത്താൽ, ഞങ്ങളെ പ്രഭാതംതോറും സംതൃപ്തരാക്കണമേ. ഞങ്ങൾ ആയുഷ്കാലം മുഴുവൻ ആനന്ദിച്ചുല്ലസിക്കട്ടെ.

15 അവിടുന്നു ഞങ്ങളെ പീഡിപ്പിച്ചിടത്തോളം നാളുകളും ഞങ്ങൾ ദുരിതമനുഭവിച്ചിടത്തോളം വർഷങ്ങളും സന്തോഷിക്കാൻ ഞങ്ങളെ അനുവദിക്കണമേ.

16 അവിടുത്തെ ദാസന്മാർക്ക് അങ്ങയുടെ പ്രവൃത്തിയും അവരുടെ മക്കൾക്ക് അങ്ങയുടെ മഹാപ്രഭാവവും കാണിച്ചുകൊടുക്കണമേ.

17 ഞങ്ങളുടെ ദൈവമായ സർവേശ്വരന്റെ പ്രസാദം ഞങ്ങളുടെമേൽ ഉണ്ടായിരിക്കട്ടെ. ഞങ്ങളുടെ പ്രവൃത്തികളെ സഫലമാക്കണമേ. അതേ, ഞങ്ങളുടെ പ്രവൃത്തികളെ എന്നും സഫലമാക്കണമേ.

Malayalam C.L. Bible, - സത്യവേദപുസ്തകം C.L.

Copyright © 2016 by The Bible Society of India

Used by permission. All rights reserved worldwide.

Bible Society of India
Lean sinn:



Sanasan