Biblia Todo Logo
Bìoball air-loidhne

- Sanasan -

സങ്കീർത്തനങ്ങൾ 89 - സത്യവേദപുസ്തകം C.L. (BSI)


സർവേശ്വരൻ ഞങ്ങളുടെ രാജാവ്
എസ്രാഹ്യനായ ഏഥാന്റെ ഒരു ധ്യാനം

1 സർവേശ്വരാ, ഞാൻ എന്നും അവിടുത്തെ അചഞ്ചലസ്നേഹത്തെ പ്രകീർത്തിക്കും. ഞാൻ എന്നും അവിടുത്തെ വിശ്വസ്തതയെ പ്രഘോഷിക്കും.

2 അവിടുത്തെ സ്നേഹം എന്നേക്കും നിലനില്‌ക്കുന്നു. അവിടുത്തെ വിശ്വസ്തത ആകാശംപോലെ സുസ്ഥിരമാണ്.

3 അവിടുന്ന് ഇങ്ങനെ അരുളിച്ചെയ്തു: “എന്റെ തിരഞ്ഞെടുക്കപ്പെട്ട ദാസനോടു ഞാൻ ഉടമ്പടിയുണ്ടാക്കി. എന്റെ ദാസനായ ദാവീദിനോടു സത്യം ചെയ്തു.

4 നിന്റെ സന്തതികളെ ഞാൻ സുസ്ഥിരമാക്കും; അവർ നിന്റെ സിംഹാസനത്തിൽ എന്നേക്കും വാഴും.

5 സർവേശ്വരാ, സ്വർഗം അവിടുത്തെ അദ്ഭുതപ്രവൃത്തികൾ സ്തുതിക്കട്ടെ; അങ്ങയുടെ വിശ്വസ്തത ദിവ്യസഭയിൽ പ്രകീർത്തിക്കപ്പെടട്ടെ.

6 സർവേശ്വരനു സമനായി സ്വർഗത്തിൽ ആരുണ്ട്? ദേവഗണത്തിൽ സർവേശ്വരനു തുല്യനായി ആരുണ്ട്?

7 ദേവസഭയിൽ എല്ലാവരും അങ്ങയെ ഭയപ്പെടുന്നു, അവർ അങ്ങയുടെ ചുറ്റും ഭയഭക്തിയോടെ നില്‌ക്കുന്നു.

8 സർവശക്തനായ ദൈവമേ, സർവേശ്വരാ, അങ്ങയെപ്പോലെ ബലവാൻ ആരുണ്ട്? വിശ്വസ്തത അങ്ങയെ വലയം ചെയ്തിരിക്കുന്നു.

9 ഇളകിമറിയുന്ന സമുദ്രത്തെ അവിടുന്നു ശാസിച്ചൊതുക്കുന്നു. തിരമാലകൾ ഉയരുമ്പോൾ അവിടുന്ന് അവയെ ശാന്തമാക്കുന്നു.

10 അവിടുന്നു രഹബിനെ പിണമെന്നപോലെ തകർത്തു. അവിടുത്തെ ബലിഷ്ഠഭുജം ശത്രുക്കളെ ചിതറിച്ചു.

11 ആകാശവും ഭൂമിയും അങ്ങയുടേതാണ്, ലോകവും അതിലുള്ള സകലവും അവിടുന്നാണ് സൃഷ്‍ടിച്ചത്.

12 തെക്കുമുതൽ വടക്കുവരെയുള്ള എല്ലാ ദേശങ്ങളെയും അവിടുന്നു സൃഷ്‍ടിച്ചു. താബോറും ഹെർമ്മോനും ആഹ്ലാദപൂർവം അങ്ങയെ പുകഴ്ത്തുന്നു,

13 അവിടുത്തെ ഭുജം എത്ര ശക്തിയുള്ളത്. അവിടുത്തെ കരം എത്ര കരുത്തുറ്റത്. അവിടുന്നു വലങ്കൈ ഉയർത്തിയിരിക്കുന്നു.

14 അവിടുന്നു തന്റെ രാജ്യം നീതിയിലും ന്യായത്തിലും സ്ഥാപിച്ചിരിക്കുന്നു. അങ്ങയുടെ സുസ്ഥിരസ്നേഹവും വിശ്വസ്തതയും തിരുമുമ്പിൽ നടക്കുന്നു.

15 സ്തുതിഘോഷത്താൽ അങ്ങയെ ആരാധിക്കുന്നവർ, അവിടുത്തെ വരപ്രസാദത്തിൽ ജീവിക്കുന്നവർ തന്നെ, എത്ര അനുഗൃഹീതർ.

16 അവർ അങ്ങയിൽ എപ്പോഴും ആനന്ദിക്കുന്നു. അങ്ങയുടെ നീതിയെ അവർ പ്രകീർത്തിക്കുന്നു.

17 അവിടുന്നാണ് അവരുടെ ശക്തിയും മഹത്ത്വവും. അങ്ങയുടെ അനുഗ്രഹമാണ് അവർക്കു വിജയമരുളുന്നത്.

18 സർവേശ്വരനാണ് ഞങ്ങളുടെ സംരക്ഷകൻ, ഇസ്രായേലിന്റെ പരിശുദ്ധനാണ് ഞങ്ങളുടെ രാജാവ്.


ദൈവം ഉടമ്പടി പാലിക്കും

19 പണ്ട് ഒരു ദർശനത്തിൽ ദൈവം തന്റെ ഭക്തനോട് അരുളിച്ചെയ്തു: “വീരനായ യോദ്ധാവിനെ ഞാൻ കിരീടം അണിയിച്ചു, ജനത്തിൽനിന്ന് ഒരാളെ തിരഞ്ഞെടുത്ത് രാജാവാക്കി.

20 എന്റെ ദാസനായ ദാവീദിനെ ഞാൻ കണ്ടെത്തി, വിശുദ്ധതൈലംകൊണ്ടു ഞാൻ അവനെ അഭിഷേകം ചെയ്തു.

21 എന്റെ കരം എപ്പോഴും അവനോടൊത്ത് ഉണ്ടായിരിക്കും, എന്റെ ഭുജം അവനെ ശക്തനാക്കും.

22 ശത്രു അവനെ തോല്പിക്കുകയില്ല; ദുഷ്ടൻ അവന്റെമേൽ വിജയം നേടുകയില്ല.

23 ഞാൻ അവന്റെ ശത്രുക്കളെ അവന്റെ മുമ്പിൽ വച്ചു തകർക്കും. അവനെ ദ്വേഷിക്കുന്നവരെ ഞാൻ സംഹരിക്കും.

24 എന്റെ വിശ്വസ്തതയും അചഞ്ചലസ്നേഹവും അവന്റെ കൂടെ ഉണ്ടായിരിക്കും. ഞാൻ കൂടെയുള്ളതുകൊണ്ട് അവന്റെ ശക്തി വർധിക്കും.

25 ഞാൻ അവന്റെ അധികാരം സമുദ്രത്തിന്മേലും നദികളിന്മേലും ഉറപ്പിക്കും.”

26 അവിടുന്നാണ് എന്റെ പിതാവ്, എന്റെ ദൈവം, എന്റെ രക്ഷാശൈലം, എന്ന് അവൻ എന്നോട് ഉച്ചത്തിൽ പറയും.

27 ഞാൻ അവനെ എന്റെ ആദ്യജാതനും ഭൂമിയിലെ രാജാക്കന്മാരിൽ അത്യുന്നതനുമാക്കും.

28 എന്റെ അചഞ്ചലസ്നേഹം ഞാനെന്നും അവനോടു കാണിക്കും. അവനോടുള്ള എന്റെ ഉടമ്പടി സുസ്ഥിരമായിരിക്കും.

29 ഞാൻ അവന്റെ രാജവംശത്തെ ശാശ്വതമായി നിലനിർത്തും. അവന്റെ സന്തതികൾ ആകാശമുള്ളിടത്തോളം കാലം രാജാക്കന്മാരായിരിക്കും.

30 അവന്റെ സന്തതി എന്റെ ധർമശാസ്ത്രം ഉപേക്ഷിക്കുകയും എന്റെ അനുശാസനം അനുസരിക്കാതിരിക്കുകയും

31 എന്റെ ചട്ടങ്ങൾ ലംഘിക്കുകയും എന്റെ കല്പനകൾ പാലിക്കാതിരിക്കുകയും ചെയ്താൽ

32 ഞാൻ അവരുടെ അതിക്രമങ്ങൾക്ക് അവരെ വടികൊണ്ട് അടിക്കും. അവരുടെ അധർമങ്ങൾക്ക് അവരെ ചാട്ടവാറുകൊണ്ടു പ്രഹരിക്കും.

33 എങ്കിലും എന്റെ അചഞ്ചലസ്നേഹം ഞാൻ അവരിൽനിന്നു പിൻവലിക്കുകയില്ല. ഞാൻ എന്നും അവനോടു വിശ്വസ്തത പുലർത്തും.

34 ഞാൻ എന്റെ ഉടമ്പടി ലംഘിക്കുകയില്ല. എന്റെ വാഗ്ദാനത്തിൽനിന്നു പിൻമാറുകയില്ല.

35 എന്റെ വിശുദ്ധനാമത്തെപ്രതി ഞാൻ എന്നേക്കുമായി ശപഥം ചെയ്തിരിക്കുന്നു. ദാവീദിനോടുള്ള എന്റെ വാഗ്ദാനം ഞാൻ ഒരിക്കലും ലംഘിക്കുകയില്ല.

36 അവന്റെ വംശം ശാശ്വതമായിരിക്കും അവന്റെ സിംഹാസനം സൂര്യനുള്ളിടത്തോളം കാലം നിലനില്‌ക്കും.

37 ദാവീദിന്റെ രാജത്വം ചന്ദ്രനെപ്പോലെ നിലനില്‌ക്കും. ആകാശമുള്ളിടത്തോളം കാലം അതു സുസ്ഥിരമായിരിക്കും.


രാജാവിന്റെ പരാജയം

38 എങ്കിലും ഇപ്പോൾ അവിടുന്ന് അങ്ങയുടെ അഭിഷിക്തനോട് ഉഗ്രമായി കോപിച്ചിരിക്കുന്നു. അവനെ അങ്ങ് പരിത്യജിച്ചു.

39 അവിടുത്തെ ദാസനോടുള്ള ഉടമ്പടി ലംഘിച്ചു. അവന്റെ കിരീടം നിലത്തെറിഞ്ഞ് അശുദ്ധമാക്കി.

40 അവിടുന്ന് അവന്റെ പട്ടണത്തിന്റെ മതിലുകൾ പൊളിച്ചു; കോട്ടകൾ ഇടിച്ചുനിരത്തി.

41 വഴിപോക്കർ അവനെ കൊള്ളയടിക്കുന്നു. അയൽക്കാർ അവനെ പരിഹസിക്കുന്നു.

42 അവിടുന്ന് അവന്റെ ശത്രുക്കൾക്ക് വിജയം നല്‌കി; അവന്റെ സകല ശത്രുക്കളെയും ആഹ്ലാദഭരിതരാക്കി.

43 അവിടുന്ന് അവന്റെ വാളിന്റെ വായ്ത്തല മടക്കി. യുദ്ധത്തിൽ ചെറുത്തുനില്‌ക്കാൻ അവനെ അശക്തനാക്കി.

44 അവിടുന്ന് അവന്റെ കൈയിൽനിന്നു ചെങ്കോൽ എടുത്തുമാറ്റി. അവന്റെ സിംഹാസനത്തെ നിലത്തു മറിച്ചിട്ടു.

45 അവിടുന്ന് അവന്റെ യൗവനകാലം ചുരുക്കി, അപമാനംകൊണ്ട് അവനെ മൂടി.


വിമോചനത്തിനായുള്ള പ്രാർഥന

46 സർവേശ്വരാ, ഇത് എത്ര കാലത്തേക്ക്? അങ്ങ് എന്നേക്കും മറഞ്ഞിരിക്കുമോ? അങ്ങയുടെ ക്രോധം എത്ര കാലം അഗ്നിപോലെ ജ്വലിക്കും?

47 പരമനാഥാ, മനുഷ്യായുസ്സ് എത്ര ഹ്രസ്വമെന്ന് ഓർത്താലും! അവിടുന്നു സൃഷ്‍ടിച്ച മർത്യരുടെ ജീവിതം എത്ര വ്യർഥമെന്ന് ഓർക്കണമേ.

48 അമർത്യത മനുഷ്യനു ലഭിക്കുമോ? പാതാളത്തിന്റെ പിടിയിൽനിന്നു ജീവനെ രക്ഷിക്കാൻ ആർക്കെങ്കിലും കഴിയുമോ?

49 നാഥാ, അങ്ങയുടെ അചഞ്ചലസ്നേഹം വെളിപ്പെടുത്തിയ പണ്ടത്തെ പ്രവൃത്തികൾ എവിടെ? വിശ്വസ്തനായ അവിടുന്നു ദാവീദിനു നല്‌കിയ വാഗ്ദാനങ്ങൾ എവിടെ?

50 നാഥാ, അവിടുത്തെ ദാസൻ നിന്ദാപാത്രമായിരിക്കുന്നത് ഓർക്കണമേ, സർവവിജാതീയരുടെയും നിന്ദയും ശാപവും ഞാൻ ഏല്‌ക്കുന്നതു മറക്കരുതേ.

51 സർവേശ്വരാ, അങ്ങയുടെ ശത്രുക്കൾ അവിടുത്തെ അഭിഷിക്തനെ അധിക്ഷേപിക്കുന്നു. എങ്ങോട്ടു തിരിഞ്ഞാലും അവർ അവനെ പരിഹസിക്കുന്നു.

52 സർവേശ്വരൻ എന്നേക്കും വാഴ്ത്തപ്പെടട്ടെ. ആമേൻ, ആമേൻ.

Malayalam C.L. Bible, - സത്യവേദപുസ്തകം C.L.

Copyright © 2016 by The Bible Society of India

Used by permission. All rights reserved worldwide.

Bible Society of India
Lean sinn:



Sanasan